സങ്കീർത്തനങ്ങൾ 144

144
ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ;
അവൻ യുദ്ധത്തിന് എന്റെ കൈകളെയും
പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
2എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും
എന്റെ പരിചയും ഞാൻ ശരണമാക്കിയവനും
എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നെ.
3യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്ത്?
മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?
4മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ.
അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.
5യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ;
പർവതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ.
6മിന്നലിനെ അയച്ച് അവരെ ചിതറിക്കേണമേ;
നിന്റെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കേണമേ.
7ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ;
പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമേ!
8അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു;
അവരുടെ വലംകൈ വ്യാജമുള്ള വലംകൈയാകുന്നു.
9ദൈവമേ, ഞാൻ നിനക്കു പുതിയൊരു പാട്ടു പാടും;
പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.
10നീ രാജാക്കന്മാർക്കു ജയം നല്കുകയും
നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.
11അന്യജാതിക്കാരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു രക്ഷിക്കേണമേ;
അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു;
അവരുടെ വലംകൈ വ്യാജമുള്ള വലംകൈ ആകുന്നു.
12ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചു വളരുന്ന തൈകൾപോലെയും
ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ
മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ.
13ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാൻ തക്കവണ്ണം നിറഞ്ഞിരിക്കട്ടെ.
ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.
14ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ;
മതിൽ തകർക്കുന്നതും പടയ്ക്ക് പുറപ്പെടുന്നതും
ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതിരിക്കട്ടെ.
15ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്;
യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 144: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക