അവൻ ദേശത്ത് ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു. അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന് ശോധന വരുകയും ചെയ്യുവോളം അവർ അവന്റെ കാലുകളെ വിലങ്ങു കൊണ്ടു ബന്ധിക്കയും അവൻ ഇരുമ്പുചങ്ങലയിൽ കുടുങ്ങുകയും ചെയ്തു. രാജാവ് ആളയച്ച് അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി. അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചു കൊടുപ്പാനും തന്റെ ഭവനത്തിന് അവനെ കർത്താവായും തന്റെ സർവസമ്പത്തിനും അധിപതിയായും നിയമിച്ചു. അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു. ദൈവം തന്റെ ജനത്തെ ഏറ്റവും വർധിപ്പിക്കയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു. തന്റെ ജനത്തെ പകപ്പാനും തന്റെ ദാസന്മാരോട് ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. അവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു. ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്ത് അദ്ഭുതങ്ങളും കാണിച്ചു. അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവർ അവന്റെ വചനത്തോടു മറുത്തതുമില്ല; അവൻ അവരുടെ വെള്ളത്തെ രക്തമാക്കി; അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു. അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു. അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു; അവൻ അവർക്കു മഴയ്ക്കു പകരം കന്മഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു. അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു. അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു, അവരുടെ ദേശത്തിലെ സസ്യമൊക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു. അവൻ അവരുടെ ദേശത്തിലെ എല്ലാ കടിഞ്ഞൂലിനെയും അവരുടെ സർവവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു. അവൻ അവരെ വെള്ളിയോടും പൊന്നിനോടുംകൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല. അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു. അവൻ തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി. അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗീയഭോജനംകൊണ്ടും അവർക്ക് തൃപ്തിവരുത്തി. അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി. അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു. അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടുംകൂടെ പുറപ്പെടുവിച്ചു. അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന് അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 105 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 105
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 105:16-45
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ