സങ്കീർത്തനങ്ങൾ 105:16-45

സങ്കീർത്തനങ്ങൾ 105:16-45 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ ദേശത്ത് ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു. അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന് ശോധന വരുകയും ചെയ്യുവോളം അവർ അവന്റെ കാലുകളെ വിലങ്ങു കൊണ്ടു ബന്ധിക്കയും അവൻ ഇരുമ്പുചങ്ങലയിൽ കുടുങ്ങുകയും ചെയ്തു. രാജാവ് ആളയച്ച് അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി. അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചു കൊടുപ്പാനും തന്റെ ഭവനത്തിന് അവനെ കർത്താവായും തന്റെ സർവസമ്പത്തിനും അധിപതിയായും നിയമിച്ചു. അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു. ദൈവം തന്റെ ജനത്തെ ഏറ്റവും വർധിപ്പിക്കയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു. തന്റെ ജനത്തെ പകപ്പാനും തന്റെ ദാസന്മാരോട് ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. അവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു. ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്ത് അദ്ഭുതങ്ങളും കാണിച്ചു. അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവർ അവന്റെ വചനത്തോടു മറുത്തതുമില്ല; അവൻ അവരുടെ വെള്ളത്തെ രക്തമാക്കി; അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു. അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു. അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു; അവൻ അവർക്കു മഴയ്ക്കു പകരം കന്മഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു. അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു. അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു, അവരുടെ ദേശത്തിലെ സസ്യമൊക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു. അവൻ അവരുടെ ദേശത്തിലെ എല്ലാ കടിഞ്ഞൂലിനെയും അവരുടെ സർവവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു. അവൻ അവരെ വെള്ളിയോടും പൊന്നിനോടുംകൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല. അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു. അവൻ തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി. അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗീയഭോജനംകൊണ്ടും അവർക്ക് തൃപ്തിവരുത്തി. അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി. അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു. അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടുംകൂടെ പുറപ്പെടുവിച്ചു. അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന് അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 105:16-45 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുന്നു കനാൻദേശത്തു ക്ഷാമം വരുത്തി. അവരുടെ ആഹാരത്തെ നിശ്ശേഷം ഇല്ലാതാക്കി. അവരെ രക്ഷിക്കാൻ അവിടുന്ന് അവർക്കു മുമ്പായി ഒരാളെ ഈജിപ്തിലേക്കയച്ചു; അടിമയായി വില്‌ക്കപ്പെട്ട യോസേഫിനെ തന്നെ. കാരാഗൃഹത്തിൽ അടയ്‍ക്കപ്പെട്ട അയാളുടെ കാലുകളിൽ വിലങ്ങു വച്ചു. കഴുത്തിൽ ഇരുമ്പു പട്ട ധരിപ്പിച്ചു. അയാൾ പ്രവചിച്ചതു നിറവേറുന്നതുവരെ, സർവേശ്വരൻ യോസേഫിനോടറിയിച്ചതു സത്യമെന്നു തെളിയുന്നതുവരെ തന്നെ. ഈജിപ്തിലെ രാജാവ് ആളയച്ചു യോസേഫിനെ മോചിപ്പിച്ചു, അന്യജനതയുടെ അധിപതി അയാളെ സ്വതന്ത്രനാക്കി. രാജാവ് അയാളെ കൊട്ടാരത്തിന്റെ അധികാരിയും തന്റെ സർവസമ്പത്തിന്റെയും മേൽവിചാരകനായും നിയമിച്ചു. പ്രഭുക്കന്മാർക്ക് ശിക്ഷണം നല്‌കാനും ഉപദേഷ്ടാക്കൾക്ക് ജ്ഞാനം ഉപദേശിക്കാനും അയാൾക്ക് അധികാരം നല്‌കി. അപ്പോൾ ഇസ്രായേൽ ഈജിപ്തിലേക്കു വന്നു അതെ, യാക്കോബ് ഹാമിന്റെ ദേശത്ത് ചെന്നു പാർത്തു. ദൈവം തന്റെ ജനത്തെ വളരെ വർധിപ്പിച്ചു. അവരുടെ വൈരികളെക്കാൾ അവരെ പ്രബലരാക്കി. തന്റെ ജനത്തെ വെറുക്കാനും, തന്റെ ദാസരായ ഇസ്രായേല്യരോടു വഞ്ചനാപൂർവം വർത്തിക്കാനും, അവിടുന്ന് ഈജിപ്തുകാർക്ക് ഇടവരുത്തി. അവിടുന്നു തന്റെ ദാസനായ മോശയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു. അവർ ഈജിപ്തുകാരുടെ ഇടയിൽ അടയാളങ്ങൾ കാണിച്ചു. അവർ ഹാമിന്റെ ദേശത്ത് അദ്ഭുതങ്ങൾ പ്രവർത്തിച്ചു. ദൈവം അന്ധകാരം അയച്ചു ദേശത്തെ ഇരുളിലാഴ്ത്തി. ഈജിപ്തുകാർ അവിടുത്തെ വാക്കു കേട്ടില്ല. അവിടുന്ന് അവരുടെ വെള്ളം രക്തമാക്കി, അവരുടെ മത്സ്യങ്ങൾ ചത്തൊടുങ്ങി. തവളകൾ അവരുടെ ദേശത്തെ മൂടി. രാജാക്കന്മാരുടെ പള്ളിയറകളിൽപോലും തവളകൾ നിറഞ്ഞു. അവിടുന്നു കല്പിച്ചപ്പോൾ അവരുടെ ദേശത്ത് ഈച്ചയും പേനും നിറഞ്ഞു. അവിടുന്ന് അവർക്കു മഴയ്‍ക്കു പകരം കന്മഴ പെയ്യിച്ചു. ദേശത്തെങ്ങും മിന്നൽപ്പിണരുകൾ അയച്ചു. അവിടുന്ന് അവരുടെ മുന്തിരിത്തോട്ടങ്ങളും അത്തിമരങ്ങളും തകർത്തു; അവരുടെ വൃക്ഷങ്ങൾ നശിപ്പിച്ചു. അവിടുന്നു കല്പിച്ചപ്പോൾ വെട്ടുക്കിളികൾ വന്നു. അവ സംഖ്യയില്ലാതെ വന്നു. അവരുടെ ദേശത്തിലെ സകല സസ്യങ്ങളും അവരുടെ വയലിലെ സകല വിളകളും അവ തിന്നൊടുക്കി. അവിടുന്ന് ഈജിപ്തിലെ സകല ആദ്യജാതന്മാരെയും സംഹരിച്ചു; അവരുടെ കടിഞ്ഞൂലുകളെ തന്നെ. പിന്നീട് അവിടുന്ന് ഇസ്രായേല്യരെ സ്വർണത്തോടും വെള്ളിയോടും കൂടി, ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചു. അവരിൽ ഒരുവന്റെയും കാൽ ഇടറിയില്ല. അവർ പോയപ്പോൾ ഈജിപ്തുകാർ സന്തോഷിച്ചു. അവരെക്കുറിച്ച് ഈജിപ്തു ഭീതി പൂണ്ടിരുന്നല്ലോ. അവിടുന്ന് അവർക്കു തണലിനായി മേഘത്തെ മേല്‌ക്കട്ടിയാക്കി. രാത്രിയിൽ അവർക്കു വെളിച്ചം നല്‌കാൻ അഗ്നി ജ്വലിപ്പിച്ചു. അവർ ചോദിച്ചപ്പോൾ അവിടുന്നു കാടപ്പക്ഷികളെ നല്‌കി. അവർക്കുവേണ്ടി ആകാശത്തിൽനിന്നു സമൃദ്ധമായി അപ്പം വർഷിച്ചു. അവിടുന്നു പാറയെ പിളർന്നു, വെള്ളം കുതിച്ചു ചാടി. മരുഭൂമിയിൽ അതു നദിപോലെ ഒഴുകി. അവിടുന്നു തന്റെ വിശുദ്ധവാഗ്ദാനത്തെയും, തന്റെ ദാസനായ അബ്രഹാമിനെയും ഓർത്തു. അങ്ങനെ തന്റെ ജനത്തെ അവിടുന്നു നയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനം ഗാനം ആലപിച്ചു. അവിടുന്ന് അന്യജനതകളുടെ ദേശം അവർക്കു നല്‌കി. ജനതകളുടെ അധ്വാനഫലം അവർ കൈവശമാക്കി. അവർ അവിടുത്തെ ചട്ടങ്ങൾ പാലിക്കാനും, അവിടുത്തെ നിയമങ്ങൾ അനുസരിക്കാനും വേണ്ടിത്തന്നെ. സർവേശ്വരനെ സ്തുതിക്കുവിൻ.

സങ്കീർത്തനങ്ങൾ 105:16-45 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവം മിസ്രയീമില്‍ ഒരു ക്ഷാമം വരുത്തി; അവന്‍ അവരുടെ ഭക്ഷണമെല്ലാം നശിപ്പിച്ചു. അവർക്ക് മുമ്പായി അവിടുന്ന് ഒരുവനെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. യഹോവയുടെ വചനം നിവൃത്തിയാകുകയും അവിടുത്തെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം അവർ അവന്‍റെ കാലുകൾ വിലങ്ങുകൊണ്ട് ബന്ധിക്കുകയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു. രാജാവ് ആളയച്ച് അവനെ സ്വതന്ത്രനാക്കി; ജനത്തിന്‍റെ അധിപതി അവനെ വിട്ടയച്ചു. അവന്‍റെ പ്രഭുക്കന്മാരെ ഏതുസമയത്തും ബന്ധനസ്ഥരാക്കുവാനും അവന്‍റെ മന്ത്രിമാർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാനും തന്‍റെ ഭവനത്തിന് അവനെ കർത്താവായും തന്‍റെ സർവ്വസമ്പത്തിനും അധിപതിയായും നിയമിച്ചു. അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്‍റെ ദേശത്ത് വന്നു പാർത്തു. ദൈവം തന്‍റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കുകയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു. തന്‍റെ ജനത്തെ പകക്കുവാനും തന്‍റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും കർത്താവ് അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. ദൈവം തന്‍റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു. ഇവർ അവരുടെ ഇടയിൽ കർത്താവിന്‍റെ അടയാളങ്ങളും ഹാമിന്‍റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു. ദൈവം ഇരുൾ അയച്ച് ദേശത്തെ അന്ധകാരത്തിലാക്കി; മിസ്രയീമ്യര്‍ ദൈവവചനം അനുസരിച്ചില്ല; ദൈവം അവരുടെ വെള്ളം രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു. അവരുടെ ദേശത്ത് തവള വ്യാപിച്ച്, രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു. ദൈവം കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശം മുഴുവനും നിറഞ്ഞു; കർത്താവ് അവർക്ക് മഴയ്ക്കു പകരം കൽമഴയും അവരുടെ ദേശത്ത് അഗ്നിജ്വാലയും അയച്ചു. ദൈവം അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തെ സകലവൃക്ഷങ്ങളും നശിപ്പിച്ചു. ദൈവം കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു, അവരുടെ ദേശത്തെ സകലസസ്യങ്ങളും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു. ദൈവം അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിന്‍റെ ആദ്യഫലത്തെയും സംഹരിച്ചു. ദൈവം അവരെ വെള്ളിയോടും പൊന്നിനോടുംകൂടി പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല. അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; അവരെക്കുറിച്ചുള്ള ഭയം അവരുടെ മേൽ വീണിരുന്നു. കർത്താവ് അവർക്ക് തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിർത്തി. അവർ ചോദിച്ചപ്പോൾ ദൈവം അവർക്ക് കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ട് അവർക്ക് തൃപ്തിവരുത്തി. ദൈവം പാറ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി. കർത്താവ് തന്‍റെ വിശുദ്ധവാഗ്ദത്തത്തെയും തന്‍റെ ദാസനായ അബ്രാഹാമിനെയും ഓർത്തു. ദൈവം തന്‍റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടി പുറപ്പെടുവിച്ചു. അവർ തന്‍റെ ചട്ടങ്ങൾ പ്രമാണിക്കുകയും തന്‍റെ ന്യായപ്രമാണങ്ങൾ ആചരിക്കുകയും ചെയ്യേണ്ടതിന് ദൈവം ജനതകളുടെ ദേശങ്ങൾ അവർക്ക് കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു.

സങ്കീർത്തനങ്ങൾ 105:16-45 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി; അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു. അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു. രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി. അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും തന്റെ ഭവനത്തിന്നു അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു. അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു. ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു. തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. അവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു. ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു. അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവർ അവന്റെ വചനത്തോടു മറുത്തതുമില്ല; അവൻ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു. അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു. അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു; അവൻ അവർക്കു മഴെക്കു പകരം കൽമഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു. അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു. അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു, അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു. അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു. അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല. അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു. അവൻ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിന്നായി തീ നിറുത്തി. അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ടും അവർക്കു തൃപ്തിവരുത്തി. അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി. അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു. അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു. അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 105:16-45 സമകാലിക മലയാളവിവർത്തനം (MCV)

അവിടന്ന് ദേശത്ത് ക്ഷാമം വരുത്തുകയും അവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള മാർഗം ഇല്ലാതാക്കുകയും ചെയ്തു; അവിടന്ന് ഒരു പുരുഷനെ അവർക്കുമുമ്പായി അയച്ചു— അടിമയായി വിൽക്കപ്പെട്ട യോസേഫിനെത്തന്നെ. അവർ ചങ്ങലയാൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറിവേൽപ്പിച്ചു, അദ്ദേഹത്തിന്റെ കഴുത്ത് ഇരുമ്പുപട്ടകൾക്കകത്തായിരുന്നു; അദ്ദേഹത്തിന്റെ പ്രവചനം യാഥാർഥ്യമാകുന്നതുവരെ, അതേ, യഹോവയുടെ വചനം അദ്ദേഹം സത്യവാനെന്നു തെളിയിക്കുന്നതുവരെത്തന്നെ. രാജാവ് ആളയച്ച് അദ്ദേഹത്തെ മോചിപ്പിച്ചു, ആ ജനതയുടെ ഭരണാധിപൻ അദ്ദേഹത്തെ സ്വതന്ത്രനാക്കി. രാജാവ് അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധിപതിയാക്കി, തനിക്കുള്ള സകലസമ്പത്തിന്റെയും ഭരണാധിപനും; തന്റെ പ്രഭുക്കന്മാർക്ക് യോസേഫിന്റെ ഹിതപ്രകാരം ശിക്ഷണം നൽകുന്നതിനും തന്റെ പ്രമുഖരെ ജ്ഞാനം അഭ്യസിപ്പിക്കുന്നതിനുംതന്നെ. അതിനുശേഷം ഇസ്രായേൽ ഈജിപ്റ്റിലേക്കു പ്രവേശിച്ചു; ഹാമിന്റെ ദേശത്ത് യാക്കോബ് ഒരു പ്രവാസിയായി താമസിച്ചു. യഹോവ തന്റെ ജനത്തെ അത്യധികമായി വർധിപ്പിച്ചു; അവരെ അവരുടെ ശത്രുക്കളെക്കാളും അതിശക്തരാക്കി, അവിടന്ന് അവരുടെ ഹൃദയം തന്റെ ജനത്തെ വെറുക്കുന്നതിനായി തിരിച്ചുവിട്ടു, യഹോവയുടെ സേവകർക്കെതിരേ ഗൂഢാലോചന നടത്തുന്നതിനായിത്തന്നെ. അവിടന്ന് തന്റെ ദാസനായ മോശയെ അയച്ചു, താൻ തെരഞ്ഞെടുത്ത അഹരോനെയും. അവർ ഈജിപ്റ്റുകാർക്കിടയിൽ അങ്ങയുടെ ചിഹ്നങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു. അവിടന്ന് ഇരുൾ അയച്ച് ദേശത്തെ അന്ധകാരമാക്കി; അവർ അവിടത്തെ ഉത്തരവുകൾ പാലിക്കാതിരുന്നതിനാൽത്തന്നെ. അവിടന്ന് അവരുടെ വെള്ളം മുഴുവനും രക്തമാക്കി; അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു. അവരുടെ ദേശത്ത് തവളകൾ തിങ്ങിനിറഞ്ഞു, അവ ഭരണാധിപന്മാരുടെ കിടപ്പുമുറികളിൽപോലും എത്തിച്ചേർന്നു. അവിടന്ന് ആജ്ഞാപിച്ചു, ഈച്ചകൾ കൂട്ടമായി വന്നണഞ്ഞു, അവരുടെ ദേശത്തെല്ലാം പേനും പെരുകി. മഴയ്ക്കുപകരമായി അവിടന്നവർക്ക് കന്മഴനൽകി, ദേശത്തിലുടനീളം മിന്നൽപ്പിണരുകൾ വീശിയടിച്ചു; അവിടന്ന് അവരുടെ മുന്തിരിവള്ളികളും അത്തിമരങ്ങളും രാജ്യത്തുടനീളമുള്ള സകലവൃക്ഷങ്ങളും തകർത്തുകളഞ്ഞു. അവിടന്ന് ഉത്തരവുനൽകി, വെട്ടുക്കിളി പറന്നുവന്നു, പുൽച്ചാടികളുടെ എണ്ണം അസംഖ്യമായിരുന്നു; അവ ദേശത്തെ പച്ചിലകൾ സകലതും തിന്നൊടുക്കി, നിലത്തിലെ സകലവിളവും അവ തിന്നുതീർത്തു. അതിനുശേഷം ദേശത്തിലെ സകല ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, അവരുടെ പൗരുഷത്തിന്റെ ആദ്യഫലങ്ങളെത്തന്നെ. അവിടന്ന് ഇസ്രായേലിനെ വെള്ളിയോടും സ്വർണത്തോടുംകൂടെ പുറപ്പെടുവിച്ചു, ഇസ്രായേൽഗോത്രങ്ങളിൽ ആരുടെയും അടിപതറിയില്ല. അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് ആഹ്ലാദിച്ചു; ഇസ്രായേലിനെപ്പറ്റിയുള്ള ഭീതി അവരുടെമേൽ വീണിരുന്നതിനാൽത്തന്നെ. അവർക്കുമീതേ ആവരണമായി അവിടന്ന് ഒരു മേഘത്തെ വിരിച്ചു, രാത്രി പ്രകാശത്തിനായി അഗ്നിയും അവർക്കു നൽകി. അവർ ചോദിച്ചു, അപ്പോൾ അങ്ങ് അവർക്ക് കാടപ്പക്ഷികളെ നൽകി; ആകാശത്തുനിന്നുള്ള അപ്പംകൊണ്ട് അവരെ തൃപ്തരാക്കി. അവിടന്ന് പാറയെ പിളർന്നു, വെള്ളം പൊട്ടിപ്പുറപ്പെട്ടു; മരുഭൂമിയിലതൊരു നദിപോലെ ഒഴുകി. അവിടന്ന് തന്റെ ദാസനായ അബ്രാഹാമിനു നൽകിയ വിശുദ്ധ വാഗ്ദാനത്തെ ഓർത്തതിനാൽത്തന്നെ. അവിടന്ന് തന്റെ ജനത്തെ ആനന്ദത്തോടും തന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ആഹ്ലാദാരവത്തോടുംകൂടെ ആനയിച്ചു. അവിടന്ന് അവർക്ക് ഇതര രാഷ്ട്രങ്ങളുടെ ഭൂപ്രദേശം നൽകി, അങ്ങനെ അന്യരുടെ അധ്വാനഫലം അവർ അവകാശമായി അനുഭവിച്ചു— അവർ അവിടത്തെ പ്രമാണങ്ങൾ പാലിക്കേണ്ടതിനും അവിടത്തെ നിയമങ്ങൾ അനുസരിക്കേണ്ടതിനുംതന്നെ.