യോഹന്നാൻ 11:45-57

യോഹന്നാൻ 11:45-57 MALOVBSI

മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു. എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തത് അവരോട് അറിയിച്ചു. മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടൂ? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു. അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവുതന്നെ, അവരോട്: നിങ്ങൾ ഒന്നും അറിയുന്നില്ല. ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കുവേണ്ടി മരിക്കുന്നത് നന്ന് എന്ന് ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ, ജനത്തിനുവേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ. ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിനുംതന്നെ. അന്നുമുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു. അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു. യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹയ്ക്കു മുമ്പേ നാട്ടിൽനിന്നു യെരൂശലേമിലേക്കു പോയി. അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ട്: എന്തു തോന്നുന്നു? അവൻ പെരുന്നാൾക്കു വരികയില്ലയോ എന്ന് തമ്മിൽ പറഞ്ഞു. എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവച്ച് അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.

യോഹന്നാൻ 11:45-57 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും