യെഹെസ്കേൽ 17

17
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോട് ഒരു കടങ്കഥ പറഞ്ഞ് ഒരു ഉപമ പ്രസ്താവിക്കേണ്ടത്; 3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബാനോനിൽ വന്ന് ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു. 4അവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ച് കച്ചവടമുള്ളൊരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു. 5അവൻ ദേശത്തിലെ തൈകളിൽ ഒന്ന് എടുത്ത് ഒരു വിളനിലത്തു നട്ടു; അവൻ അതിനെ വളരെ വെള്ളത്തിനരികെ കൊണ്ടുചെന്ന് അലരിവൃക്ഷംപോലെ നട്ടു. 6അതു വളർന്ന്, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേർ അവനു കീഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു. 7എന്നാൽ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അതു നനയ്ക്കേണ്ടതിന് ആ മുന്തിരിവള്ളി തന്റെ തടത്തിൽനിന്നു വേരുകളെ അവങ്കലേക്കു തിരിച്ച് കൊമ്പുകളെ അവങ്കലേക്കു നീട്ടി. 8കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിപ്പാനും നല്ല മുന്തിരിവള്ളിയായിത്തീരുവാനും തക്കവണ്ണം അതിനെ വളരെ വെള്ളത്തിനരികെ നല്ല നിലത്തു നട്ടിരുന്നു. ഇതു സാധിക്കുമോ? 9അതു വാടിപ്പോകത്തക്കവണ്ണം, അതിന്റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നെ, അവൻ അതിന്റെ വേരുകളെ മാന്തുകയും കായ് പറിച്ചുകളകയും ചെയ്കയില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന് വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല. 10അതു നട്ടിരിക്കുന്നു സത്യം; അതു തഴയ്ക്കുമോ? കിഴക്കൻകാറ്റു തട്ടുമ്പോൾ അതു തീരെ വാടിപ്പോകയില്ലയോ? വളർന്ന തടത്തിൽ തന്നെ അത് ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ പറക.
11യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 12ഇതിന്റെ അർഥം നിങ്ങൾ അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ട് അവരോടു പറയേണ്ടത്: ബാബേൽരാജാവ് യെരൂശലേമിലേക്കു വന്ന് അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ച് തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി; 13രാജസന്തതിയിൽ ഒരുത്തനെ അവൻ എടുത്ത് അവനുമായി ഒരു ഉടമ്പടി ചെയ്ത് അവനെക്കൊണ്ടു സത്യം ചെയ്യിച്ചു; 14രാജ്യം തന്നെത്താൻ ഉയർത്താതെ താണിരുന്ന് അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്, അവൻ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി. 15എങ്കിലും അവനോടു മത്സരിച്ച് ഇവൻ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാൻ ദൂതന്മാരെ മിസ്രയീമിലേക്ക് അയച്ചു; അവൻ കൃതാർഥനാകുമോ? ഇങ്ങനെ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? അല്ല, അവൻ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ? 16എന്നാണ, അവനെ രാജാവാക്കിയ രാജാവിന്റെ സ്ഥലമായ ബാബേലിൽ, അവന്റെ അരികെ വച്ചുതന്നെ, അവൻ മരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; അവനോടു ചെയ്ത സത്യം അവൻ ധിക്കരിക്കയും അവനുമായുള്ള ഉടമ്പടി ലംഘിക്കയും ചെയ്തുവല്ലോ. 17ബഹുജനത്തെ നശിപ്പിച്ചുകളവാൻ തക്കവണ്ണം അവർ വാടകോരി കൊത്തളം പണിയുമ്പോൾ ഫറവോൻ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടുംകൂടെ അവനുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവർത്തിക്കയില്ല. 18അവൻ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവൻ കൈയടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാൽ അവൻ ഒഴിഞ്ഞുപോകയില്ല. 19അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, അവൻ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാൻ അവന്റെ തലമേൽ വരുത്തും. 20ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ ബാബേലിലേക്കു കൊണ്ടുചെന്ന്, അവൻ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ച് അവിടെവച്ചു അവനോടു വ്യവഹരിക്കും. 21അവന്റെ ശ്രേഷ്ഠയോദ്ധാക്കളൊക്കെയും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വാളാൽ വീഴും; ശേഷിപ്പുള്ളവരോ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തു എന്നു നിങ്ങൾ അറിയും. 22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാനും ഉയരമുള്ള ദേവദാരുവിന്റെ ഒരു ശിഖരം എടുത്തു നടും; അതിന്റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്ന് ഇളയതായിരിക്കുന്ന ഒന്നു ഞാൻ മുറിച്ചെടുത്ത് ഉയരവും ഉന്നതവുമായുള്ള ഒരു പർവതത്തിൽ നടും. 23യിസ്രായേലിന്റെ ഉയർന്ന പർവതത്തിൽ ഞാൻ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളൊരു ദേവദാരുവായിത്തീരും; അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും. 24യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും പച്ചയായുള്ള വൃക്ഷത്തെ ഉണക്കി ഉണങ്ങിയ വൃക്ഷത്തെ തഴപ്പിക്കയും ചെയ്തിരിക്കുന്നു എന്നു കാട്ടിലെ സകല വൃക്ഷങ്ങളും അറിയും; യഹോവയായ ഞാൻ അതു പ്രസ്താവിച്ചും അനുഷ്ഠിച്ചും ഇരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെഹെസ്കേൽ 17: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക