യെഹെസ്കേൽ 18
18
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങൾ യിസ്രായേൽദേശത്ത് ഒരു പഴഞ്ചൊല്ലു പറയുന്നത് എന്ത്? 3എന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ലു പറവാൻ ഇടവരികയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 4സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളത്; പാപം ചെയ്യുന്ന ദേഹി മരിക്കും. 5എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്ന് നീതിയും ന്യായവും പ്രവർത്തിക്കുന്നു 6എങ്കിൽ- പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്കയോ യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന്യായം പ്രവർത്തിക്കയോ ചെയ്യാതെ 7കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവനു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും 8പലിശയ്ക്കു കൊടുക്കയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊൾകയും മനുഷ്യർക്കു തമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ വിധിക്കയും 9എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവൻ നീതിമാൻ-അവൻ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 10എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട് അവൻ നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയിൽ ഏതെങ്കിലും ചെയ്ക, 11ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, 12എളിയവനോടും ദരിദ്രനോടും അന്യായംചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക, 13മ്ലേച്ഛത പ്രവർത്തിക്ക, പലിശയ്ക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കയില്ല; അവൻ ഈ മ്ലേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവൻ മരിക്കും; അവന്റെ രക്തം അവന്റെമേൽ വരും. 14എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട് അവൻ തന്റെ അപ്പൻ ചെയ്ത സകല പാപങ്ങളും കണ്ടു പേടിച്ച് അങ്ങനെയുള്ളതിനെ ചെയ്യാതെ 15പർവതങ്ങളിൽവച്ചു ഭക്ഷണം കഴിക്ക, യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, 16ആരോടെങ്കിലും അന്യായം ചെയ്ക, പണയം കൈവശം വച്ചുകൊണ്ടിരിക്ക, പിടിച്ചുപറിക്ക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവന് അപ്പം കൊടുക്കയും 17നഗ്നനെ ഉടുപ്പിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊൾകയും പലിശയും ലാഭവും വാങ്ങാതിരിക്കയും എന്റെ വിധികളെ നടത്തി എന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്യുന്നു എങ്കിൽ അവൻ അപ്പന്റെ അകൃത്യംനിമിത്തം മരിക്കാതെ ജീവിച്ചിരിക്കും. 18അവന്റെ അപ്പനോ ക്രൂരപീഡനം ചെയ്തു, സഹോദരനോടു പിടിച്ചുപറിച്ചു, തന്റെ ജനത്തിന്റെ ഇടയിൽ കൊള്ളരുതാത്തതു പ്രവർത്തിച്ചതുകൊണ്ടു തന്റെ അകൃത്യത്താൽ മരിക്കും. 19എന്നാൽ മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ എന്നു നിങ്ങൾ ചോദിക്കുന്നു; മകൻ നീതിയും ന്യായവും പ്രവർത്തിച്ച് എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കും. 20പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ടാ; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ടാ; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും. 21എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞ് എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ച്, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും. 22അവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നിനെയും അവനു കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും. 23ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താൽപര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞ് ജീവിക്കേണമെന്നല്ലയോ എന്റെ താൽപര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 24എന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിച്ചു, ദുഷ്ടൻ ചെയ്യുന്ന സകല മ്ലേച്ഛതകളെയും പോലെ ചെയ്യുന്നുവെങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും. 25എന്നാൽ നിങ്ങൾ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, കേൾപ്പിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ? 26നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും; അവൻ ചെയ്ത നീതികേടുനിമിത്തം തന്നെ അവൻ മരിക്കും. 27ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നെത്താൻ ജീവനോടെ രക്ഷിക്കും. 28അവൻ ഓർത്തു താൻ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ട് അവൻ മരിക്കാതെ ജീവിച്ചിരിക്കും. 29എന്നാൽ യിസ്രായേൽഗൃഹം: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, എന്റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ? 30അതുകൊണ്ട് യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്: അകൃത്യം നിങ്ങൾക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന് നിങ്ങൾ മനംതിരിഞ്ഞ് നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിൻ. 31നിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളിൽനിന്ന് എറിഞ്ഞുകളവിൻ; നിങ്ങൾക്കു പുതിയൊരു ഹൃദയത്തെയും പുതിയൊരു ആത്മാവിനെയും സമ്പാദിച്ചുകൊൾവിൻ; യിസ്രായേൽഗൃഹമേ നിങ്ങൾ എന്തിനു മരിക്കുന്നു? 32മരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനംതിരിഞ്ഞു ജീവിച്ചുകൊൾവിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെസ്കേൽ 18: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.