ZEFANIA 1

1
1ആമോന്റെ പുത്രനായ യോശിയാരാജാവ് യെഹൂദാരാജ്യം ഭരിക്കുന്ന കാലത്ത് കൂശിയുടെ പുത്രനായ സെഫന്യാപ്രവാചകനു സർവേശ്വരനിൽനിന്നു ലഭിച്ച അരുളപ്പാട്. കൂശി ഗെദല്യായുടെ പുത്രനും ഗെദല്യാ അമര്യായുടെ പുത്രനും അമര്യാ ഹിസ്കിയായുടെ പുത്രനും ആയിരുന്നു.
സർവേശ്വരന്റെ ദിവസം
2സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ ഭൂമുഖത്തുനിന്ന് എല്ലാറ്റിനെയും സംഹരിച്ചു കളയും. 3മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും. ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും നശിപ്പിക്കും. ദുർജനത്തെ ഉന്മൂലനം ചെയ്യും; മനുഷ്യരാശിയെ ഭൂമുഖത്തുനിന്നു ഞാൻ വിഛേദിക്കും.” ഇതു സർവേശ്വരന്റെ വചനം. 4യെഹൂദായെയും യെരൂശലേംനിവാസികളെയും ഞാൻ ശിക്ഷിക്കും. ബാലിന്റെ ആരാധകരിൽ ശേഷിച്ചവരെയും വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ഞാൻ നാമാവശേഷമാക്കും. 5അവർ മട്ടുപ്പാവിൽനിന്ന് ആകാശഗോളങ്ങളെ നമസ്കരിക്കുന്നു. സർവേശ്വരനെ ആരാധിക്കുന്നു. അവിടുത്തെ നാമത്തിൽ സത്യം ചെയ്യുന്നു. എന്നാൽ അതോടൊപ്പം മൽക്കാമിന്റെ നാമത്തിലും സത്യം ചെയ്യുന്നു. 6അവർ സർവേശ്വരനെ അനുഗമിക്കാതെ പിന്തിരിയുന്നു. അവർ അവിടുത്തെ അന്വേഷിക്കുകയോ തിരുഹിതം ആരായുകയോ ചെയ്യുന്നില്ല.
7ദൈവമായ സർവേശ്വരന്റെ മുമ്പിൽ നിശ്ശബ്ദമായിരിക്കുവിൻ; അവിടുത്തെ ദിവസം അടുത്തിരിക്കുന്നു. സർവേശ്വരൻ ഒരു യാഗം ഒരുക്കിയിരിക്കുന്നു. അവിടുന്നു ക്ഷണിച്ചവരെ വിശുദ്ധീകരിച്ചിരിക്കുന്നു. 8എന്നാൽ സർവേശ്വരന്റെ യാഗദിവസം രാജസേവകന്മാരെയും രാജകുമാരന്മാരെയും വിദേശവസ്ത്രധാരികളെയും ഞാൻ ശിക്ഷിക്കും. 9അന്നേദിവസം ഉമ്മരപ്പടി ചാടിക്കടക്കുന്നവരെയും വിജാതീയർ ആരാധിക്കുന്നതുപോലെ ആരാധിക്കുകയും വഞ്ചനയും അതിക്രമവുംകൊണ്ട് തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്‍ക്കുകയും ചെയ്യുന്നവരെ ഞാൻ ശിക്ഷിക്കും.”
10സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അന്നു മത്സ്യഗോപുരത്തിൽനിന്നു നിലവിളിയും നഗരത്തിന്റെ പുതിയ ഭാഗത്തുനിന്നു മുറവിളിയും കുന്നുകളിൽനിന്നു വലിയ പൊട്ടിത്തെറിയും കേൾക്കും.
11മക്‌ത്തേശ്നിവാസികളേ, വിലപിക്കുവിൻ; വ്യാപാരികൾ ആരും അവശേഷിച്ചിട്ടില്ലല്ലോ. വെള്ളിവ്യാപാരികളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. 12അന്നു ഞാൻ ഒരു വിളക്കുമായി വന്നു യെരൂശലേമിൽ പരിശോധന നടത്തും; ദൈവം നന്മയോ തിന്മയോ ചെയ്യുകയില്ലെന്നു പറഞ്ഞുകൊണ്ടു വീഞ്ഞുമട്ടു കുടിച്ചു ചീർക്കുന്നവരെ ഞാൻ ശിക്ഷിക്കും. 13അവരുടെ ധനം കൊള്ളയടിക്കപ്പെടും; വീടുകൾ ശൂന്യമാക്കപ്പെടും; അവർ വീടു പണിയും. പക്ഷേ അവർ അതിൽ പാർക്കുകയില്ല. മുന്തിരിത്തോട്ടം നട്ടുണ്ടാക്കുമെങ്കിലും അതിൽനിന്നു വീഞ്ഞു കുടിക്കുകയില്ല.”
14സർവേശ്വരന്റെ മഹാദിവസം അടുത്തിരിക്കുന്നു. അത് അതിവേഗം വരുന്നു. ഭയജനകമായ ശബ്ദത്തോടു കൂടെയായിരിക്കും ആ ദിവസം വരിക. അതിധീരനായ പടയാളിപോലും അന്ന് ഉറക്കെ കരയും. 15അത് ഉഗ്രക്രോധത്തിന്റെ ദിനമായിരിക്കും. കഷ്ടതയുടെയും കൊടിയ മനോവേദനയുടെയും ദിനം; ശൂന്യതയുടെയും വിനാശത്തിന്റെയും ദിനം; ഇരുട്ടിന്റെയും നൈരാശ്യത്തിന്റെയും ദിനം; മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം. 16സുരക്ഷിതനഗരങ്ങൾക്കും ഉന്നതകൊത്തളങ്ങൾക്കുമെതിരെ സമരകാഹളവും പോർവിളിയും കേൾക്കുന്ന ദിവസമായിരിക്കും അത്.
17സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ മനുഷ്യർക്കു ദുരിതം വരുത്തും; അവർ അന്ധരെപ്പോലെ നടക്കും. അവർ എനിക്കെതിരെ പാപം ചെയ്തുവല്ലോ. അവരുടെ രക്തം പൂഴിപോലെയും അവരുടെ മാംസം ചാണകം പോലെയും ചിതറിക്കും.” 18സർവേശ്വരന്റെ ക്രോധദിവസത്തിൽ സ്വർണത്തിനോ വെള്ളിക്കോ അവരെ രക്ഷിക്കാൻ ആവുകയില്ല. ഭൂമി മുഴുവൻ അവിടുത്തെ തീക്ഷ്ണമായ ക്രോധാഗ്നിക്ക് ഇരയാകും. ഭൂവാസികളെ എല്ലാം അവിടുന്ന് അതിശീഘ്രം നശിപ്പിക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ZEFANIA 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക