RUTHI 1

1
എലീമേലെക്കിനു നേരിട്ട ദുരന്തം
1ഇസ്രായേൽദേശത്തു ന്യായാധിപന്മാരുടെ ഭരണകാലത്ത് ഒരു ക്ഷാമം ഉണ്ടായി; 2അപ്പോൾ യെഹൂദ്യയിലെ ബേത്‍ലഹേം പട്ടണത്തിൽനിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് എന്നൊരാൾ ഭാര്യയായ നവോമിയോടും പുത്രന്മാരായ മഹ്‍ലോൻ, കില്യോൻ എന്നിവരോടുംകൂടി മോവാബ്‍ദേശത്തു ചെന്നു താമസിച്ചു. 3അവിടെവച്ച് എലീമേലെക്ക് മരിച്ചു. 4മഹ്‍ലോനും കില്യോനും മോവാബ്യരായ രണ്ടു സ്‍ത്രീകളെ വിവാഹം കഴിച്ചു. മഹ്‍ലോന്റെ ഭാര്യ രൂത്തും കില്യോന്റെ ഭാര്യ ഓർപ്പായും ആയിരുന്നു. 5ഏതാണ്ട് പത്തു വർഷം കഴിഞ്ഞപ്പോൾ മഹ്‍ലോനും കില്യോനും മരിച്ചു; വിധവയായിരുന്ന നവോമിക്ക് അങ്ങനെ പുത്രന്മാരും നഷ്ടപ്പെട്ടു.
രൂത്ത് നവോമിയോടൊപ്പം ബേത്‍ലഹേമിലേക്ക്
6ധാരാളം വിളവു നല്‌കി സർവേശ്വരൻ സ്വജനത്തിന്റെ ക്ഷാമം മാറ്റിയ വിവരം നവോമി മോവാബിൽവച്ചു കേട്ടു. 7അവർ പുത്രഭാര്യമാരോടൊപ്പം യെഹൂദ്യയിലേക്കു മടങ്ങിപ്പോകാൻ തയ്യാറായി. 8അപ്പോൾ നവോമി പറഞ്ഞു: “നിങ്ങൾ ഇരുവരും സ്വന്തം ഭവനത്തിലേക്കു മടങ്ങിപ്പോകുക; എന്നോടും മരിച്ചുപോയ പ്രിയപ്പെട്ടവരോടും നിങ്ങൾ ദയ കാട്ടിയിരുന്നുവല്ലോ. ദൈവം നിങ്ങളോടും ദയ കാണിക്കട്ടെ. 9നിങ്ങൾ വിവാഹിതരായി കുടുംബജീവിതം നയിക്കാൻ സർവേശ്വരൻ ഇടയാക്കട്ടെ.” പിന്നീട് നവോമി അവരെ ചുംബിച്ചു. അവർ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു: 10“അമ്മ അങ്ങനെ പറയരുതേ. അമ്മയോടൊപ്പം അമ്മയുടെ ജനത്തിന്റെ അടുക്കലേക്ക് ഞങ്ങളും പോരും.” 11എന്നാൽ നവോമി പിന്നെയും പറഞ്ഞു: “എന്റെ മക്കളേ, തിരിച്ചുപോവുക; എന്റെ കൂടെ വന്നാൽ എന്തു പ്രയോജനം? നിങ്ങൾക്കു ഭർത്താക്കന്മാരായിരിക്കാൻ എനിക്ക് ഇനിയും പുത്രന്മാർ ഉണ്ടാകുമോ? 12വിവാഹിതയാകാനുള്ള പ്രായം എനിക്കു കഴിഞ്ഞുപോയി. അഥവാ അങ്ങനെ ഒരു ആശ ഉണ്ടായി ഇന്നുതന്നെ വിവാഹം കഴിഞ്ഞു മക്കളുണ്ടായാൽപോലും 13അവർക്കു പ്രായമാകുന്നതുവരെ കാത്തിരിക്കുക നിങ്ങൾക്കു സാധ്യമല്ലല്ലോ. അതുകൊണ്ട് എന്റെ മക്കളേ, നിങ്ങൾ തിരിച്ചുപോകുക; സർവേശ്വരൻ എനിക്ക് എതിരായിരിക്കയാൽ നിങ്ങളുടെ കാര്യത്തിൽ ഞാൻ അതിയായി ദുഃഖിക്കുന്നു.” 14അവർ വീണ്ടും ഉറക്കെ കരഞ്ഞു; ഓർപ്പാ ഭർത്തൃമാതാവിനെ ചുംബിച്ച് യാത്ര പറഞ്ഞു; രൂത്താകട്ടെ നവോമിയോടു പറ്റിച്ചേർന്നുനിന്നു. 15നവോമി അവളോടു പറഞ്ഞു: “നിന്റെ അനുജത്തി സ്വന്തം ജനങ്ങളുടെയും സ്വന്തദേവന്മാരുടെയും അടുത്തേക്കു പോയതു കണ്ടില്ലേ? നിനക്കും പോകരുതോ?” 16എന്നാൽ രൂത്തിന്റെ മറുപടി ഇതായിരുന്നു: “അമ്മയെ വിട്ടുപിരിയാൻ എന്നെ നിർബന്ധിക്കരുത്; അമ്മ പോകുന്നിടത്ത് ഞാനും വരും; അമ്മ പാർക്കുന്നിടത്ത് ഞാനും പാർക്കും. 17അമ്മയുടെ ബന്ധുക്കൾ എന്റെ ബന്ധുക്കളും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും. അമ്മ മരിക്കുന്ന നാട്ടിൽതന്നെ ഞാനും മരിച്ച് അടക്കപ്പെടട്ടെ. മരണമൊഴികെ മറ്റേതെങ്കിലും കാരണത്താൽ ഞാൻ അമ്മയെ വിട്ടുപിരിഞ്ഞാൽ സർവേശ്വരൻ എന്നെ അതികഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.” 18തന്റെ കൂടെ പോരാനുള്ള രൂത്തിന്റെ ഉറച്ച തീരുമാനം നിമിത്തം നവോമി പിന്നെ അവളെ നിർബന്ധിച്ചില്ല. 19അങ്ങനെ അവർ ഒരുമിച്ചു യാത്ര പുറപ്പെട്ടു. ബേത്‍ലഹേമിൽ എത്തിയപ്പോൾ നഗരവാസികൾ മുഴുവൻ ഇളകി. 20“ഇതു നവോമി തന്നെയോ?” എന്നു സ്‍ത്രീകൾ ചോദിച്ചു.” #1:20 നവോമി = സന്തുഷ്ട.നവോമി എന്ന് എന്നെ വിളിക്കണ്ട, #1:20 മാറാ = കയ്പേറിയത്.മാറാ എന്നു വിളിച്ചാൽ മതി. സർവേശ്വരൻ എന്നോടു കഠിനമായിട്ടാണല്ലോ പ്രവർത്തിച്ചിരിക്കുന്നത്. 21ഞാൻ എല്ലാവരോടുമൊത്ത് ഇവിടെനിന്നു പോയി; ഏകയായി മടങ്ങാൻ സർവേശ്വരൻ ഇടയാക്കി; സർവശക്തൻ എന്നെ താഴ്ത്തി എനിക്കു കഷ്ടത വരുത്തിയിരിക്കുന്നതിനാൽ നവോമി എന്ന പേരിനു ഞാൻ യോഗ്യയല്ല.” ഇതായിരുന്നു നവോമിയുടെ മറുപടി. 22ഇങ്ങനെ മോവാബുകാരിയായ മരുമകൾ രൂത്തിനോടൊപ്പം നവോമി ബേത്‍ലഹേമിൽ തിരിച്ചെത്തിയപ്പോൾ അവിടെ ബാർലി കൊയ്ത്ത് ആരംഭിച്ചിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

RUTHI 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക