അതുകൊണ്ട്, സഹോദരരേ, ദൈവത്തിനു നമ്മോടുള്ള മഹാകാരുണ്യംമൂലം ഞാൻ ഇതു നിങ്ങളോട് അഭ്യർഥിക്കുന്നു: ദൈവത്തിനു പ്രസാദകരവും അവിടുത്തെ ശുശ്രൂഷയ്‍ക്കായി വേർതിരിക്കപ്പെട്ടതുമായ ജീവനുള്ള ബലിയായി നിങ്ങളെത്തന്നെ സമർപ്പിക്കുക; ഇതാണ് നിങ്ങൾ അർപ്പിക്കേണ്ട അർഥവത്തായ സത്യാരാധന. ഈ ലോകത്തിന്റെ മാനദണ്ഡങ്ങൾ നിങ്ങൾക്ക് ആധാരമായിരിക്കരുത്; ദൈവം നിങ്ങളുടെ മനസ്സു പുതുക്കി നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അപ്പോൾ വിശിഷ്ടവും ദൈവത്തിനു പ്രസാദകരവും സമ്പൂർണവുമായ തിരുഹിതം എന്തെന്നു വിവേചിച്ചറിയുവാൻ നിങ്ങൾക്കു കഴിയും. എനിക്കു ലഭിച്ച കൃപാവരം നിമിത്തം നിങ്ങളോട് എല്ലാവരോടും ഞാൻ പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ച് ഭാവിക്കേണ്ടതിലുപരി സ്വയംഭാവിക്കാതെ വിനയഭാവമുള്ളവരായിരിക്കുക. ഓരോ വ്യക്തിയും അവനവന് ദൈവം നല്‌കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ച് സ്വയം വിധിക്കുകയും ചെയ്യുക. ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങളുണ്ടല്ലോ; ഓരോ അവയവത്തിനും ഓരോ ധർമമാണുള്ളത്. അതുപോലെ പലരായ നാം ക്രിസ്തുവിനോട് ഏകീഭവിച്ച് ഏകശരീരമായിത്തീർന്നിരിക്കുന്നു. നാം ഒരേ ശരീരത്തിന്റെ പല അവയവങ്ങളെന്നവണ്ണം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ദൈവം നമുക്കു നല്‌കിയിരിക്കുന്ന കൃപയ്‍ക്കനുസൃതമായി വിവിധ നൽവരങ്ങൾ നമുക്കു നല്‌കിയിരിക്കുന്നു. ദൈവത്തിന്റെ ദൗത്യം അറിയിക്കുവാനുള്ള വരമാണ് ഒരുവനുള്ളതെങ്കിൽ, തന്റെ വിശ്വാസത്തിനൊത്തവണ്ണം അതു ചെയ്യട്ടെ. സേവനത്തിനുള്ള വരമാണെങ്കിൽ സേവനം ചെയ്യുകയും പഠിപ്പിക്കുവാനുള്ള വരമാണെങ്കിൽ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുവാനുള്ള വരമാണെങ്കിൽ പ്രബോധിപ്പിക്കുകയും വേണം. ഒരുവൻ തനിക്കുള്ളതു പങ്കിടുന്നത് ഉദാരമനസ്സോടെ ആയിരിക്കട്ടെ. അധികാരമുള്ള ഏതൊരുവനും കാര്യക്ഷമതയോടെ പ്രവർത്തിക്കണം. മറ്റുള്ളവരോടു കരുണ കാണിക്കുന്നവൻ സന്തോഷപൂർവം അതു ചെയ്യട്ടെ.
ROM 12 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ROM 12:1-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ