ROM 12
12
ഈശ്വരസേവയ്‍ക്കായുള്ള ജീവിതം
1അതുകൊണ്ട്, സഹോദരരേ, ദൈവത്തിനു നമ്മോടുള്ള മഹാകാരുണ്യംമൂലം ഞാൻ ഇതു നിങ്ങളോട് അഭ്യർഥിക്കുന്നു: ദൈവത്തിനു പ്രസാദകരവും അവിടുത്തെ ശുശ്രൂഷയ്‍ക്കായി വേർതിരിക്കപ്പെട്ടതുമായ ജീവനുള്ള ബലിയായി നിങ്ങളെത്തന്നെ സമർപ്പിക്കുക; ഇതാണ് നിങ്ങൾ അർപ്പിക്കേണ്ട അർഥവത്തായ സത്യാരാധന. 2ഈ ലോകത്തിന്റെ മാനദണ്ഡങ്ങൾ നിങ്ങൾക്ക് ആധാരമായിരിക്കരുത്; ദൈവം നിങ്ങളുടെ മനസ്സു പുതുക്കി നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അപ്പോൾ വിശിഷ്ടവും ദൈവത്തിനു പ്രസാദകരവും സമ്പൂർണവുമായ തിരുഹിതം എന്തെന്നു വിവേചിച്ചറിയുവാൻ നിങ്ങൾക്കു കഴിയും.
3എനിക്കു ലഭിച്ച കൃപാവരം നിമിത്തം നിങ്ങളോട് എല്ലാവരോടും ഞാൻ പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ച് ഭാവിക്കേണ്ടതിലുപരി സ്വയംഭാവിക്കാതെ വിനയഭാവമുള്ളവരായിരിക്കുക. ഓരോ വ്യക്തിയും അവനവന് ദൈവം നല്‌കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ച് സ്വയം വിധിക്കുകയും ചെയ്യുക. 4ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങളുണ്ടല്ലോ; ഓരോ അവയവത്തിനും ഓരോ ധർമമാണുള്ളത്. 5അതുപോലെ പലരായ നാം ക്രിസ്തുവിനോട് ഏകീഭവിച്ച് ഏകശരീരമായിത്തീർന്നിരിക്കുന്നു. നാം ഒരേ ശരീരത്തിന്റെ പല അവയവങ്ങളെന്നവണ്ണം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. 6അതുകൊണ്ട് ദൈവം നമുക്കു നല്‌കിയിരിക്കുന്ന കൃപയ്‍ക്കനുസൃതമായി വിവിധ നൽവരങ്ങൾ നമുക്കു നല്‌കിയിരിക്കുന്നു. ദൈവത്തിന്റെ ദൗത്യം അറിയിക്കുവാനുള്ള വരമാണ് ഒരുവനുള്ളതെങ്കിൽ, തന്റെ വിശ്വാസത്തിനൊത്തവണ്ണം അതു ചെയ്യട്ടെ. 7സേവനത്തിനുള്ള വരമാണെങ്കിൽ സേവനം ചെയ്യുകയും പഠിപ്പിക്കുവാനുള്ള വരമാണെങ്കിൽ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുവാനുള്ള വരമാണെങ്കിൽ പ്രബോധിപ്പിക്കുകയും വേണം. 8ഒരുവൻ തനിക്കുള്ളതു പങ്കിടുന്നത് ഉദാരമനസ്സോടെ ആയിരിക്കട്ടെ. അധികാരമുള്ള ഏതൊരുവനും കാര്യക്ഷമതയോടെ പ്രവർത്തിക്കണം. മറ്റുള്ളവരോടു കരുണ കാണിക്കുന്നവൻ സന്തോഷപൂർവം അതു ചെയ്യട്ടെ.
9സ്നേഹം തികച്ചും ആത്മാർഥമായിരിക്കണം. തിന്മയെ വെറുത്ത് നന്മയോടു പറ്റിച്ചേർന്നുകൊള്ളുക. 10നിങ്ങൾ ക്രിസ്തുവിൽ സഹോദരന്മാരായതുകൊണ്ട് കൂടെപ്പിറപ്പുകളെപോലെ പരസ്പരം സ്നേഹിക്കുക; അന്യോന്യം ബഹുമാനിക്കുന്നതിൽ അത്യന്തം ഉത്സുകരായിരിക്കുക. 11അലസരായിരിക്കാതെ ഉത്സാഹപൂർവം അധ്വാനിക്കുക; ആത്മാവിൽ ശുഷ്കാന്തിയുള്ളവരായി കർത്താവിനെ സേവിക്കുക. 12നിങ്ങളുടെ പ്രത്യാശമൂലം ആനന്ദിക്കുക; കഷ്ടതയുണ്ടാകുമ്പോൾ ക്ഷമയോടുകൂടിയിരിക്കുക. പ്രാർഥനയിൽ സ്ഥിരനിഷ്ഠയുള്ളവരായിരിക്കുക. 13ഉപജീവനത്തിൽ ബുദ്ധിമുട്ടുള്ള സഹോദരങ്ങൾക്കു നിങ്ങളുടെ വകകൾ പങ്കിടുക. അപരിചിതർക്ക് ആതിഥ്യം നല്‌കുക.
14നിങ്ങളെ പീഡിപ്പിക്കുന്നവരുടെമേൽ അനുഗ്രഹം ചൊരിയണമേ എന്നു പ്രാർഥിക്കുക; അതേ, അവരെ ശപിക്കാതെ അവരുടെ അനുഗ്രഹത്തിനുവേണ്ടി പ്രാർഥിക്കുക. 15സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുകയും കരയുന്നവരോടുകൂടി കരയുകയും ചെയ്യണം. 16അന്യോന്യം സ്വരച്ചേർച്ച ഉള്ളവരായിരിക്കണം. വലിയവനാണെന്നു ഭാവിക്കാതെ എളിയവരോടു സൗഹൃദം പുലർത്തുക. നിങ്ങൾ ബുദ്ധിമാന്മാരാണെന്നു സ്വയം ഭാവിക്കരുത്.
17ആരെങ്കിലും നിങ്ങളോടു ദ്രോഹം ചെയ്താൽ പകരം ദ്രോഹിക്കരുത്. എല്ലാവരും ശ്രേഷ്ഠമായി കരുതുന്നത് ചെയ്യുവാൻ ശ്രമിക്കുക. 18എല്ലാവരോടും സമാധാനമായിരിക്കുന്നതിനു നിങ്ങൾക്കു കഴിയുന്നതെല്ലാം ചെയ്യുക. 19സ്നേഹിതരേ, നിങ്ങൾ ആരോടും പ്രതികാരം ചെയ്യരുത്; ദൈവം അവരെ ശിക്ഷിച്ചുകൊള്ളട്ടെ. ‘പ്രതികാരം എനിക്കുള്ളതാണ് ഞാൻ പകരം വീട്ടും’ എന്നു സർവേശ്വരൻ അരുൾചെയ്യുന്നു. 20‘നിന്റെ ശത്രുവിനു വിശക്കുന്നു എങ്കിൽ ആഹാരം നല്‌കുക; അവനു ദാഹിക്കുന്നുവെങ്കിൽ കുടിക്കുവാൻ കൊടുക്കുക; അങ്ങനെ ചെയ്താൽ നീ അവന്റെ തലയിൽ തീക്കനൽ കൂട്ടും’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. ദുഷ്ടത നിന്നെ തോല്പിക്കരുത്; നന്മകൊണ്ടു തിന്മയെ കീഴടക്കുക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ROM 12: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.