ROM 11
11
ഇസ്രായേലിന്റെമേൽ ദൈവകാരുണ്യം
1ദൈവം സ്വന്തം ജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. നിശ്ചയമായും ഇല്ല. ഞാൻ തന്നെ ഇസ്രായേല്യനും അബ്രഹാമിന്റെ വംശജനും ബെന്യാമീൻ ഗോത്രക്കാരനുമാകുന്നു. 2ലോകാരംഭത്തിനു മുമ്പുതന്നെ താൻ തിരഞ്ഞെടുത്ത ജനത്തെ ദൈവം ഉപേക്ഷിച്ചിട്ടില്ല. വേദഗ്രന്ഥത്തിൽ പറയുന്നത് എന്താണെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? 3-4ഇസ്രായേലിന് എതിരെ ഏലിയാപ്രവാചകൻ ദൈവത്തോട് ഇങ്ങനെ വാദിക്കുന്നു: “സർവേശ്വരാ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിച്ചു; അങ്ങയുടെ ബലിപീഠങ്ങളെ അവർ തകർക്കുകയും ചെയ്തു. പ്രവാചകന്മാരിൽ ഞാൻ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. എന്നെയും കൊല്ലുവാൻ അവർ വട്ടം കൂട്ടുന്നു.” ദൈവം അതിനു നല്‌കിയ മറുപടി എന്താണ്? “ബാൽദേവന്റെ മുമ്പിൽ മുട്ടുമടക്കാത്ത ഏഴായിരം പേരെ എനിക്കുവേണ്ടി ശേഷിപ്പിച്ചിട്ടുണ്ട്.” 5അതുപോലെതന്നെ ഇന്നും, തന്റെ കൃപ നിമിത്തം ദൈവം തിരഞ്ഞെടുത്ത ഒരു ചെറിയ സംഘം ശേഷിച്ചിട്ടുണ്ട്. 6അവരുടെ പ്രവൃത്തിയല്ല, കൃപയത്രേ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് മനുഷ്യന്റെ പ്രവൃത്തിയെ ആധാരമാക്കി ആണെങ്കിൽ കൃപ യഥാർഥത്തിൽ കൃപയല്ല.
7എന്താണ് ഇതിന്റെ അർഥം? ഇസ്രായേൽ ജനം അന്വേഷിച്ചു കൊണ്ടിരുന്നത് കണ്ടെത്തിയില്ല. ദൈവം തിരഞ്ഞെടുത്ത ചെറിയ സംഘമാണ് അതു കണ്ടെത്തിയത്; മറ്റുള്ളവർ ദൈവത്തിന്റെ വിളി കേൾക്കുവാൻ കഴിയാത്തവരായിത്തീർന്നു.
8-9ദൈവം അവർക്കു മന്ദബുദ്ധിയും കാണാത്ത കണ്ണുകളും കേൾക്കാത്ത ചെവികളും നല്‌കിയിരിക്കുന്നു;
അത് ഇന്നും ആ നിലയിൽത്തന്നെയാണിരിക്കുന്നത്
എന്നു വേദഗ്രന്ഥത്തിൽ പറയുന്നു.
‘അവരുടെ വിരുന്നുകൾ അവർക്ക്
കെണിയും കുരുക്കുമായിത്തീരട്ടെ,
അവർ വീഴുകയും ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ;
10അവർക്കു കാണാൻ കഴിയാതെവണ്ണം
അവരുടെ കണ്ണുകൾ അന്ധമായിത്തീരട്ടെ;
കഷ്ടപ്പാടുകൾകൊണ്ട്
അവരുടെ നട്ടെല്ലുകൾ വളഞ്ഞു പോകട്ടെ’
എന്നു ദാവീദും പറയുന്നു.
11അപ്പോൾ ഞാൻ ചോദിക്കുന്നു: അവരുടെ കാലിടറിയത് എന്നെന്നേക്കുമായി വീണു നശിക്കുന്നതിനായിരുന്നുവോ? ഒരിക്കലുമല്ല! അവരുടെ നിയമലംഘനങ്ങൾമൂലം വിജാതീയർക്കു രക്ഷ ലഭിച്ചു. അതുകൊണ്ട് വിജാതീയരോട് യെഹൂദന്മാർ അസൂയാലുക്കളായിത്തീർന്നിരിക്കുന്നു. 12ലോകത്തിനു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുന്നതിനു യെഹൂദന്മാരുടെ നിയമലംഘനം കാരണമായി ഭവിച്ചു; യെഹൂദന്മാർക്കു നഷ്ടമായത് വിജാതീയർക്കു നേട്ടമായിത്തീർന്നു. അപ്പോൾ സർവയെഹൂദന്മാരുംകൂടി ദൈവത്തിന്റെ രക്ഷയിൽ ഉൾപ്പെട്ടാൽ ആ അനുഗ്രഹം എത്ര വലുതായിരിക്കും!
വിജാതീയർക്കു രക്ഷ
13-14വിജാതീയരായ നിങ്ങളോടു ഞാൻ പറയട്ടെ: ഒരുവേള എന്റെ സ്വന്തം ജനത്തെ അസൂയാലുക്കളാക്കി അവരിൽ ചിലരെയെങ്കിലും രക്ഷിക്കുവാൻ എനിക്കു കഴിഞ്ഞെങ്കിലോ എന്നുവച്ച് വിജാതീയരുടെ അപ്പോസ്തോലനെന്ന നിലയിലുള്ള എന്റെ ശുശ്രൂഷയിൽ ഞാൻ അഭിമാനംകൊള്ളുന്നു. 15എന്റെ സ്വജാതികൾ തിരസ്കരിക്കപ്പെട്ടത് ലോകത്തെ ദൈവത്തോട് രഞ്ജിപ്പിക്കുന്നതിന് ഇടയാക്കിയെങ്കിൽ, അവരെ സ്വീകരിക്കുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? മൃതരിൽനിന്നുള്ള ഉയിർത്തെഴുന്നേല്പല്ലാതെ മറ്റെന്താണ്?
16ഒരപ്പത്തിന്റെ ആദ്യത്തെ ഭാഗം ദൈവത്തിന് അർപ്പിക്കുന്നെങ്കിൽ ആ അപ്പം മുഴുവനും അവിടുത്തേക്കുള്ളതാകുന്നു; ഒരു വൃക്ഷത്തിന്റെ വേരു വിശുദ്ധമാണെങ്കിൽ അതിന്റെ ശാഖകളും വിശുദ്ധമായിരിക്കും. 17-18നട്ടുവളർത്തിയ ഒലിവുമരത്തിന്റെ ചില ശാഖകൾ മുറിച്ചുകളഞ്ഞ്, ഒട്ടിച്ചുചേർക്കപ്പെട്ട കാട്ടൊലിവിന്റെ ശാഖപോലെയാണ് വിജാതീയനായ നീ. നീ ഇപ്പോൾ തായ്മരത്തിന്റെ ചൈതന്യത്തിൽ പങ്കാളിയാകുന്നു. മുറിച്ചുകളഞ്ഞ ചില്ലകളോട് അവജ്ഞ കാട്ടരുത്. നിനക്ക് അഹങ്കരിക്കുവാൻ എന്തിരിക്കുന്നു? നീ ഒരു ശാഖമാത്രമാണല്ലോ; നീ വേരിനെയല്ല, വേരു നിന്നെയാണു ചുമക്കുന്നത് എന്ന് ഓർക്കുക.
19എന്നാൽ, “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ചില്ലകളെ മുറിച്ചുകളഞ്ഞു” എന്നു നീ പറയുമായിരിക്കും. അതു ശരിതന്നെ. 20വിശ്വസിക്കാഞ്ഞതുകൊണ്ട് അവരെ ഛേദിച്ചുകളഞ്ഞു. വിശ്വസിക്കുന്നതുകൊണ്ട് നീ യഥാസ്ഥാനത്തു നില്‌ക്കുന്നു. അതെപ്പറ്റി നീ അഹങ്കരിക്കാതെ ഭയത്തോടുകൂടി ജീവിക്കുക. 21സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ലെങ്കിൽ നിന്നോടു ദാക്ഷിണ്യം കാണിക്കുമെന്നു നീ വിചാരിക്കുന്നുവോ? 22ദൈവം എത്ര ദയാലുവും അതുപോലെതന്നെ എത്ര കർക്കശനുമാണെന്നു നാം ഇവിടെ കാണുന്നു. വിഛേദിക്കപ്പെട്ട ശാഖകൾപോലെ വീണുപോയവരോട് അവിടുന്നു നിർദാക്ഷിണ്യം പെരുമാറുന്നു. അവിടുത്തെ കാരുണ്യത്തിൽ നിലനിന്നാൽ നിന്നോട് അവിടുന്നു ദയാലുവായിരിക്കും; അല്ലെങ്കിൽ നീയും മുറിച്ചുനീക്കപ്പെടും. 23ഇസ്രായേൽജനം തങ്ങളുടെ അവിശ്വാസത്തിൽ തുടരാതിരുന്നാൽ ദൈവം അവരെ യഥാസ്ഥാനങ്ങളിൽ ഒട്ടിച്ചുചേർക്കും; അവരെ വീണ്ടും ഒട്ടിച്ചുചേർക്കുവാൻ ദൈവത്തിനു കഴിയും. 24കാട്ടുമരത്തിൽനിന്നു വെട്ടിയെടുത്ത ചില്ലകളെപ്പോലെയുള്ള വിജാതീയരായ നിങ്ങളെ നല്ല ഒലിവുമരത്തോടു സ്വാഭാവിക രീതിക്കു വിരുദ്ധമായി ഒട്ടിച്ചുചേർത്തെങ്കിൽ, മുറിച്ചുനീക്കപ്പെട്ട ശാഖകളായ യെഹൂദന്മാരെ തായ്മരത്തോടു വീണ്ടും ഒട്ടിച്ചുചേർക്കുവാൻ ദൈവത്തിന് എത്ര എളുപ്പമായിരിക്കും!
എല്ലാവരോടും ദൈവം കരുണ കാണിക്കുന്നു
25-27സഹോദരരേ, നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്ന ഒരു രഹസ്യമുണ്ട്. ഇസ്രായേൽജനത്തിന്റെ വഴങ്ങാത്ത പ്രകൃതം, വിജാതീയരിൽനിന്നു ദൈവത്തിന്റെ അടുത്തു വരുന്നവരുടെ സംഖ്യ പൂർത്തിയാകുന്നതുവരെ മാത്രമേ ഉണ്ടായിരിക്കൂ. ഇങ്ങനെ ഇസ്രായേൽ മുഴുവൻ രക്ഷിക്കപ്പെടും. ഈ രഹസ്യം അറിയുമ്പോൾ നിങ്ങൾ വിവേകശാലികളാണെന്നു നിങ്ങൾക്കു തോന്നുകയില്ല. വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു:
രക്ഷകൻ സീയോനിൽനിന്നു വരും,
യാക്കോബിന്റെ വംശത്തിൽനിന്ന്
എല്ലാ ദുഷ്ടതയും നീക്കും;
ഇതായിരിക്കും അവരുടെ പാപങ്ങൾ നീക്കുമ്പോൾ അവരോടു ഞാൻ ചെയ്യുന്ന ഉടമ്പടി.
28സുവിശേഷം നിരസിച്ചതുകൊണ്ട്, യെഹൂദന്മാർ വിജാതീയരായ നിങ്ങൾ നിമിത്തം ദൈവത്തിന്റെ ശത്രുക്കളായി. എന്നാൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പുമൂലം പിതാക്കന്മാർ മുഖേന അവർ അവിടുത്തെ സ്നേഹഭാജനങ്ങളുമാണ്. 29ദൈവത്തിന്റെ വിളിയും വരങ്ങളും സുസ്ഥിരമത്രേ. 30വിജാതീയരായ നിങ്ങൾ കഴിഞ്ഞകാലത്ത് ദൈവത്തെ അനുസരിച്ചില്ലെങ്കിലും, യെഹൂദന്മാർ അനുസരണക്കേടു കാട്ടിയതുകൊണ്ട് ഇപ്പോൾ നിങ്ങൾക്കു ദൈവത്തിന്റെ കാരുണ്യം ലഭിച്ചിരിക്കുന്നു. 31അതുപോലെതന്നെ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന കൃപയാൽ യെഹൂദന്മാർക്കും #11:31 ‘കൃപ ലഭിക്കേണ്ടതിന്’ -ചില കൈയെഴുത്തു പ്രതികളിൽ ‘ഇപ്പോൾ കൃപ ലഭിക്കേണ്ടതിന്’ എന്നാണ്.കൃപ ലഭിക്കേണ്ടതിന് അവർ ഇപ്പോൾ ദൈവത്തെ അനുസരിക്കാതിരിക്കുന്നു. 32എല്ലാവരോടും കരുണ കാട്ടേണ്ടതിന് ദൈവം എല്ലാവരെയും അനുസരണക്കേടിനു അടിമപ്പെടുത്തിയിരിക്കുന്നു.
ദൈവത്തിനു സ്തോത്രം
33ഹാ! ദൈവത്തിന്റെ ധനം എത്ര വലുത്! അവിടുത്തെ വിവേകവും അറിവും എത്ര അഗാധം! അവിടുത്തെ വിധികൾ വിശദീകരിക്കുവാൻ ആർക്കു സാധിക്കും? 34-35വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ: കർത്താവിന്റെ മനസ്സ് ആരറിയുന്നു? ദൈവത്തെ ഉപദേശിക്കുവാൻ ആർക്കു കഴിയും? ദൈവം തിരിച്ചു കൊടുക്കേണ്ടിവരത്തക്കവിധം അവിടുത്തേക്ക് എന്തെങ്കിലും കൊടുക്കുന്നവരായി ആരുമില്ല. 36സർവചരാചരങ്ങളും ദൈവത്തിൽ നിന്നും ദൈവത്തിൽകൂടിയും ദൈവത്തിനുവേണ്ടിയുമുള്ളവയാകുന്നു. അവിടുത്തേക്ക് എന്നെന്നേക്കും മഹത്ത്വം! ആമേൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ROM 11: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.