THUPUAN 7

7
മുദ്രയിടപ്പെട്ട ഇസ്രായേല്യർ
1ഇതിനുശേഷം ഭൂമിയുടെ നാലു കോണുകളിലായി നാലു മാലാഖമാർ നില്‌ക്കുന്നതു ഞാൻ കണ്ടു. കരയിലോ, കടലിലോ, വൃക്ഷങ്ങളുടെമേലോ ആഞ്ഞടിക്കാതിരിക്കുന്നതിനുവേണ്ടി ഭൂമിയിലെ നാലു കാറ്റുകളെയും പിടിച്ച് അമർത്തിക്കൊണ്ടു നില്‌ക്കുകയായിരുന്നു ആ മാലാഖമാർ. 2ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയോടുകൂടി പൂർവദിക്കിൽനിന്ന് മറ്റൊരു മാലാഖ ഉയർന്നുവരുന്നതായും ഞാൻ കണ്ടു. ആ മാലാഖ കരയെയും കടലിനെയും നശിപ്പിക്കുവാനുള്ള അധികാരം നല്‌കപ്പെട്ടിരുന്ന നാലു മാലാഖമാരോട് ഇപ്രകാരം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: 3“നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രകുത്തിത്തീരുന്നതുവരെ നിങ്ങൾ കരയ്‍ക്കോ കടലിനോ വൃക്ഷങ്ങൾക്കോ ഹാനി വരുത്തരുത്.” 4മുദ്ര കുത്തപ്പെട്ടവരുടെ എണ്ണവും ഞാൻ കേട്ടു: ഇസ്രായേൽജനതയുടെ ഗോത്രങ്ങളിൽനിന്നു മുദ്രകുത്തപ്പെട്ടവരുടെ എണ്ണവും ഞാൻ കേട്ടു: ഇസ്രായേൽജനതയുടെ ഗോത്രങ്ങളിൽനിന്നു മുദ്രകുത്തപ്പെട്ടവർ നൂറ്റിനാല്പത്തിനാലായിരം പേർ: 5യെഹൂദാഗോത്രത്തിൽ മുദ്രകുത്തപ്പെട്ടവർ പന്തീരായിരം; രൂബേൻഗോത്രത്തിൽ പന്തീരായിരം; ഗാദ്ഗോത്രത്തിൽ പന്തീരായിരം; 6ആശേർ ഗോത്രത്തിൽ പന്തീരായിരം; നപ്താലിഗോത്രത്തിൽ പന്തീരായിരം; മനശ്ശെഗോത്രത്തിൽ പന്തീരായിരം; 7ശിമയോൻഗോത്രത്തിൽ പന്തീരായിരം; ലേവിഗോത്രത്തിൽ പന്തീരായിരം; യിസ്സാഖാർഗോത്രത്തിൽ പന്തീരായിരം; 8സെബൂലോൻഗോത്രത്തിൽ പന്തീരായിരം; യോസേഫ്ഗോത്രത്തിൽ പന്തീരായിരം; ബെന്യാമീൻഗോത്രത്തിൽ പന്തീരായിരം.
സർവമനുഷ്യരാശിയിൽനിന്നുള്ളവർ
9അതിനുശേഷം സകല ജനതകളിലും സകല ഗോത്രങ്ങളിലും സകല രാഷ്ട്രങ്ങളിലും സകല ഭാഷക്കാരിലുമുള്ള അസംഖ്യം ആളുകൾ വെള്ളനിലയങ്കി ധരിച്ച് കൈയിൽ കുരുത്തോലയുമായി സിംഹാസനത്തിന്റെ മുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും ആയി നില്‌ക്കുന്നതു ഞാൻ കണ്ടു; ആർക്കും അവരെ എണ്ണിത്തിട്ടപ്പെടുത്തുവാൻ സാധ്യമല്ലായിരുന്നു. 10“രക്ഷ സിംഹാസനാരൂഢനായ ദൈവത്തിനും കുഞ്ഞാടിനും ഉള്ളതാകുന്നു” എന്ന് അവർ അത്യുച്ചത്തിൽ ആർത്തുവിളിച്ചുകൊണ്ടിരുന്നു. 11എല്ലാ മാലാഖമാരും സിംഹാസനത്തിന്റെയും ശ്രേഷ്ഠപുരുഷന്മാരുടെയും നാലു ജീവികളുടെയും ചുറ്റും വന്നു നിന്നു. അവർ സിംഹാസനത്തിന്റെ മുമ്പിൽ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട്, 12“ആമേൻ, നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേൻ” എന്നു പറഞ്ഞുകൊണ്ട് ആരാധിച്ചു.
13ആ ശ്രേഷ്ഠപുരുഷന്മാരിൽ ഒരാൾ എന്നോടു ചോദിച്ചു: “വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആരാണ്? ഇവർ എവിടെ നിന്നു വരുന്നു?”
14“പ്രഭോ, അങ്ങേക്ക് അറിയാമല്ലോ” എന്നു ഞാൻ പറഞ്ഞപ്പോൾ ആ ശ്രേഷ്ഠൻ പ്രതിവചിച്ചു: “ഇവർ കൊടിയ പീഡനത്തിൽനിന്നു വന്നവരത്രേ. ഇവരുടെ അങ്കി കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി ശുദ്ധമാക്കിയിരിക്കുന്നു. 15അതുകൊണ്ട് അവർ സിംഹാസനത്തിൽ ഇരുന്നരുളുന്ന ദൈവത്തിന്റെ മുമ്പിൽ നില്‌ക്കുന്നു. സിംഹാസനാരൂഢൻ അവർക്കു സങ്കേതമായിരിക്കും. 16അവർക്ക് ഇനി ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ല; കഠിനമായ വെയിലോ ചൂടോ അവരെ ബാധിക്കുകയില്ല. 17എന്തുകൊണ്ടെന്നാൽ സിംഹാസനത്തിന്റെ മധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരുടെ ഇടയനായിരിക്കും; ജീവജലത്തിന്റെ ഉറവുകളിലേക്ക് അവിടുന്ന് ഇവരെ നയിക്കും; ദൈവം അവരുടെ കണ്ണുകളിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയുകയും ചെയ്യും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUPUAN 7: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക