THUPUAN 6

6
ഏഴു മുദ്രകൾ
1കുഞ്ഞാട് ആ ഏഴുമുദ്രകളിൽ ഒന്നു തുറന്നതായി ഞാൻ കണ്ടു. അപ്പോൾ ആ നാലു ജീവികളിൽ ഒന്ന് ‘വരിക’ എന്നു പറയുന്നതു ഞാൻ കേട്ടു. ഇടിനാദംപോലെ ആയിരുന്നു ആ ശബ്ദം. 2തത്സമയം ഒരു വെള്ളക്കുതിര കയറിവരുന്നതു ഞാൻ കണ്ടു. അതിന്റെ പുറത്തിരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്. അയാൾക്കു വിജയകിരീടം നല്‌കപ്പെട്ടു. വിജയശ്രീലാളിതനായി അയാൾ യാത്ര ആരംഭിച്ചു.
3കുഞ്ഞാട് രണ്ടാമത്തെ മുദ്ര തുറന്നപ്പോൾ ‘വരിക’ എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. 4അപ്പോൾ ജ്വലിക്കുന്ന ചെമപ്പുനിറമുള്ള മറ്റൊരു കുതിര കയറിവന്നു; മനുഷ്യർ അന്യോന്യം ഹിംസിക്കുവാൻ ഇടയാകുമാറ് ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയുവാൻ അശ്വാരൂഢന് അധികാരം കൊടുത്തു. ഒരു വലിയ വാളും അയാൾക്കു നല്‌കി.
5മൂന്നാമത്തെ മുദ്ര തുറപ്പോൾ ‘വരിക’ എന്നു മൂന്നാമത്തെ ജീവി പറയുന്നതു കേട്ടു. അപ്പോൾ ഒരു കറുത്ത കുതിര കയറി വരുന്നതായി കണ്ടു. അതിന്മേൽ ആരൂഢനായിരുന്ന ആളിന്റെ കൈയിൽ ഒരു തുലാസുണ്ടായിരുന്നു. 6“ഒരു ദിനാറിന് ഒരു ലിറ്റർ കോതമ്പ്; ഒരു ദിനാറിന് മൂന്നു ലിറ്റർ ബാർലി; എണ്ണയും വീഞ്ഞും നശിപ്പിച്ചു കളയരുത്!” എന്നിങ്ങനെ പറയുന്നതായി ഒരു ശബ്ദവും നാലു ജീവികളുടെ നടുവിൽനിന്നു ഞാൻ കേട്ടു.
7നാലാമത്തെ മുദ്ര തുറപ്പോൾ ‘വരിക’ എന്നു നാലാമത്തെ ജീവിയും പറയുന്നതു ഞാൻ കേട്ടു. 8അപ്പോൾ പാണ്ഡുരവർണമുള്ള ഒരു കുതിര കയറിവരുന്നതു കണ്ടു. അതിന്മേൽ ആരൂഢനായിരുന്ന ആളിന്റെ പേര് മരണം എന്നായിരുന്നു. പാതാളം അയാളെ അനുഗമിച്ചു. യുദ്ധം, ക്ഷാമം, മഹാവ്യാധി, ഭൂമിയിലെ വന്യമൃഗങ്ങൾ എന്നിവയാൽ സംഹാരം നടത്തുവാൻ ഭൂതലത്തിന്റെ നാലിലൊന്നിന്മേൽ അവർക്ക് അധികാരം ലഭിച്ചു.
9അഞ്ചാമത്തെ മുദ്ര തുറന്നപ്പോൾ, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനടിയിൽ ഞാൻ കണ്ടു. 10-11“പരിശുദ്ധനും സത്യവാനുമായ സർവനാഥാ, ഞങ്ങളുടെ രക്തം ചൊരിഞ്ഞതിന്റെ പേരിൽ ഭൂവാസികളെ വിധിക്കുവാനും അവരോടു പ്രതികാരം ചെയ്യുവാനും അങ്ങ് എത്രത്തോളം വൈകും?” എന്ന് അവർ അത്യുച്ചത്തിൽ വിളിച്ചുചോദിച്ചു. പിന്നീട് അവർക്ക് ഓരോരുത്തർക്കും വെള്ളനിലയങ്കി നല്‌കപ്പെട്ടു; അവരെപ്പോലെ വധിക്കപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരുടെയും സഹോദരന്മാരുടെയും എണ്ണം പൂർത്തിയാകുന്നതുവരെ അല്പകാലംകൂടി വിശ്രമിക്കുവാൻ അവർക്ക് അരുളപ്പാടു ലഭിക്കുകയും ചെയ്തു.
12ആറാമത്തെ മുദ്ര തുറന്നപ്പോൾ ഒരു വലിയ ഭൂകമ്പമുണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു. പൂർണചന്ദ്രൻ രക്തംപോലെ ചെമന്നു. 13കൊടുങ്കാറ്റിൽ ആടിയുലയുന്ന അത്തിവൃക്ഷത്തിൽനിന്ന് പാകമാകാത്ത ഫലങ്ങൾ പൊഴിയുന്നതുപോലെ നക്ഷത്രങ്ങൾ ഭൂമിയിൽ നിപതിച്ചു. 14ചുരുട്ടിയ പുസ്തകത്താൾപോലെ ആകാശം അപ്രത്യക്ഷമായി. സകല പർവതങ്ങളും ദ്വീപുകളും അതതിന്റെ സ്ഥാനങ്ങളിൽനിന്നു മാറ്റപ്പെട്ടു. 15ഭൂമിയിലെ രാജാക്കന്മാരും അധികാരികളും സൈനികമേധാവികളും, ധനാഢ്യന്മാരും ബലവാന്മാരും അടിമകളും സ്വതന്ത്രരും എല്ലാം, ഗുഹകളിലും പർവതങ്ങളിലെ പാറക്കെട്ടുകളിലും ചെന്നൊളിച്ചു. 16“ഞങ്ങളുടെമേൽ വീഴുക; സിംഹാസനസ്ഥന്റെ മുഖം കാണാതെയും കുഞ്ഞാടിന്റെ കോപത്തിന് ഇരയാകാതെയും ഇരിക്കുവാൻ ഞങ്ങളെ മറച്ചാലും! 17അവരുടെ കോപത്തിന്റെ മഹാദിവസം വന്നു കഴിഞ്ഞു. ചെറുത്തു നില്‌ക്കുവാൻ ആർക്കു കഴിയും?” എന്ന് അവർ പർവതങ്ങളോടും പാറകളോടും വിളിച്ചുപറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUPUAN 6: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക