THUPUAN 8

8
ഏഴാമത്തെ മുദ്ര
1കുഞ്ഞാട് ഏഴാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗത്തിൽ അരമണിക്കൂറോളം നിശ്ശബ്ദതയുണ്ടായി. 2അപ്പോൾ ദൈവസന്നിധാനത്തിൽ ഏഴു മാലാഖമാർ നില്‌ക്കുന്നതു ഞാൻ കണ്ടു. ഏഴു കാഹളങ്ങൾ അവർക്കു നല്‌കപ്പെട്ടു.
3മറ്റൊരു മാലാഖ ധൂപാരാധനയ്‍ക്കുള്ള സ്വർണകലശവുമായി ബലിപീഠത്തിനരികിൽ വന്നു നിന്നു. സകല വിശുദ്ധന്മാരുടെയും പ്രാർഥനയ്‍ക്കുവേണ്ടി സിംഹാസനത്തിനു മുമ്പിലുള്ള ബലിപീഠത്തിൽ അർപ്പിക്കുന്നതിനായി ആ മാലാഖയ്‍ക്കു ധാരാളം സുഗന്ധദ്രവ്യം നല്‌കപ്പെട്ടു. 4അതിന്റെ സുരഭിലമായ ധൂപം പ്രാർഥനകളോടൊപ്പം ദൈവസന്നിധിയിലേക്കുയർന്നു. 5മാലാഖ ബലിപീഠത്തിലെ തീക്കനൽ ധൂപകലശത്തിൽ നിറച്ച് ഭൂമിയിലേക്ക് എറിഞ്ഞു. ഉടനെ ഇടിമുഴക്കവും ഉച്ചത്തിലുള്ള ശബ്ദങ്ങളും മിന്നൽപ്പിണരുകളും ഭൂകമ്പവും ഉണ്ടായി.
കാഹളങ്ങൾ
6കാഹളങ്ങൾ കൈയിലേന്തിയ ഏഴു മാലാഖമാർ അവ മുഴക്കുവാൻ ഒരുങ്ങിനിന്നു.
7ഒന്നാമൻ കാഹളം ഊതി. അപ്പോൾ രക്തം കലർന്ന കന്മഴയും അഗ്നിയും ഭൂമിയിൽ വർഷിക്കപ്പെട്ടു. ഭൂമിയുടെ മൂന്നിലൊരു ഭാഗം വെന്തു വെണ്ണീറായി. വൃക്ഷങ്ങളിൽ മൂന്നിലൊന്നും വെന്തെരിഞ്ഞു. പച്ചപ്പുല്ലു മുഴുവൻ കത്തിക്കരിഞ്ഞുപോയി.
8രണ്ടാമത്തെ മാലാഖ കാഹളം ഊതി. എരിയുന്ന ഒരു വലിയ തീമലപോലെ ഏതോ ഒന്നു സമുദ്രത്തിലേക്ക് എറിയപ്പെട്ടു. സമുദ്രത്തിന്റെ മൂന്നിലൊന്നു രക്തമായിത്തീർന്നു. 9സമുദ്രജീവികളിൽ മൂന്നിലൊന്നു ചത്തൊടുങ്ങി. സമുദ്രത്തിൽ സഞ്ചരിച്ചിരുന്ന കപ്പലുകളിൽ മൂന്നിലൊന്നു നശിച്ചുപോയി.
10പിന്നീട് മൂന്നാമത്തെ മാലാഖ കാഹളം ഊതി. അപ്പോൾ പന്തംപോലെ എരിയുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവകളിന്മേലും വീണു. 11ആ നക്ഷത്രത്തിന് തിക്തകം എന്നുപേർ. ജലത്തിന്റെ മൂന്നിലൊന്നു കയ്പായിത്തീർന്നു. ആ തിക്തജലം പാനം ചെയ്ത അനേകം ആളുകൾ മൃതിയടഞ്ഞു.
12നാലാമത്തെ മാലാഖ കാഹളം മുഴക്കിയപ്പോൾ സൂര്യന്റെ മൂന്നിലൊന്നും ചന്ദ്രന്റെ മൂന്നിലൊന്നും തകർക്കപ്പെട്ടു. തന്മൂലം അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി. പകലിന്റെ മൂന്നിലൊന്ന് ഇരുളടഞ്ഞു. അതുപോലെതന്നെ രാത്രിയുടെ മൂന്നിലൊന്നും.
13പിന്നീട് ആകാശമധ്യത്തിലൂടെ പറക്കുന്ന ഒരു കഴുകൻ “ഇനിയുള്ള മൂന്നു മാലാഖമാർ കാഹളം മുഴക്കുമ്പോൾ ഭൂമിയിൽ നിവസിക്കുന്നവർക്ക് ഹാ കഷ്ടം! ഹാ കഷ്ടം! എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നതും ദർശനത്തിൽ ഞാൻ കേട്ടു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUPUAN 8: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക