THUPUAN 21
21
പുതിയ ആകാശവും പുതിയ ഭൂമിയും
1അതിനുശേഷം പുതിയ ആകാശവും പുതിയ ഭൂമിയും ഞാൻ കണ്ടു; ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി. 2സമുദ്രവും ഇല്ലാതായി. പിന്നീട് വിശുദ്ധനഗരമായ നവയെരൂശലേം വരനെ എതിരേല്ക്കാൻ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെപ്പോലെ സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽ നിന്നുതന്നെ ഇറങ്ങിവരുന്നതും ഞാൻ കണ്ടു. 3അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ വാസം മനുഷ്യരോടുകൂടി ആയിരിക്കുന്നു. അവിടുന്ന് അവരോടുകൂടി വസിക്കും; അവർ അവിടുത്തെ ജനമായിരിക്കും; ദൈവംതന്നെ അവരോടുകൂടി ഉണ്ടായിരിക്കും. അവിടുന്ന് അവരുടെ ദൈവം ആയിരിക്കുകയും ചെയ്യും. 4അവരുടെ കണ്ണിൽനിന്ന് കണ്ണുനീരെല്ലാം അവിടുന്നു തുടച്ചുകളയും; മരണമോ, കരച്ചിലോ, വിലാപമോ, വേദനയോ ഇനി ഉണ്ടാകുകയില്ല. എന്തെന്നാൽ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.”
5സിംഹാസനത്തിൽ ഇരിക്കുന്നവൻ ഇങ്ങനെ അരുൾചെയ്തു: “ഇതാ, ഞാൻ സകലവും പുതിയതാക്കുന്നു!” വീണ്ടും അവിടുന്നു പറഞ്ഞു: 6“എഴുതുക, ഈ വാക്കുകൾ സത്യവും വിശ്വാസയോഗ്യവും ആകുന്നു.” പിന്നീട് അവിടുന്നു പറഞ്ഞു: “പൂർത്തിയായിരിക്കുന്നു! ഞാൻ അല്ഫയും ഓമേഗയും-ആദിയും അന്തവും-ആകുന്നു. ദാഹിക്കുന്നവന് ജീവജലത്തിന്റെ ഉറവയിൽനിന്നു വിലകൂടാതെ ഞാൻ ജലം നല്കും. 7ജേതാവിന് ഇത് അവകാശമായി ലഭിക്കും; ഞാൻ അവന് ദൈവവും അവൻ എനിക്കു പുത്രനും ആയിരിക്കും. 8എന്നാൽ ഭീരുക്കൾ, അവിശ്വസ്തർ, കൊലപാതകികൾ, മലിനസ്വഭാവികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ എന്നിവർക്കും അസത്യവാദികൾക്കും ഉള്ള പങ്ക് ഗന്ധകം കത്തുന്ന തീപ്പൊയ്കയിലായിരിക്കും. ഇതത്രേ രണ്ടാമത്തെ മരണം.”
പുതിയ യെരൂശലേം
9അന്ത്യബാധകൾ നിറച്ച കലശങ്ങൾ കൈയിലുണ്ടായിരുന്ന ഏഴു മാലാഖമാരിൽ ഒരാൾ വന്ന്, “വരിക, കുഞ്ഞാടു പരിണയിച്ച മണവാട്ടിയെ കാണിച്ചുതരാം” എന്ന് എന്നോടു പറഞ്ഞു. 10ആ മാലാഖ ആത്മാവിൽ എന്നെ ഒരു ഉയർന്ന വൻമലയിലേക്കു കൂട്ടിക്കൊണ്ടുപോയി; വിശുദ്ധനഗരമായ യെരൂശലേം സ്വർഗത്തിൽനിന്ന്, ദൈവത്തിന്റെ അടുത്തുനിന്നുതന്നെ, ദിവ്യതേജസ്സോടുകൂടി ഇറങ്ങി വരുന്നതു കാണിച്ചുതന്നു. 11അതിന്റെ തേജസ്സ് അതുല്യമായ രത്നത്തിൻറേതുപോലെയും സ്വച്ഛസ്ഫടികമായ സൂര്യകാന്തത്തിൻറേതുപോലെയും ആയിരുന്നു. 12അതിനു പന്ത്രണ്ടു ഗോപുരങ്ങളോടുകൂടിയ ഉയർന്ന ഒരു വൻമതിലുണ്ടായിരുന്നു. ഓരോ ഗോപുരത്തിലും ഓരോ മാലാഖയുണ്ട്. ഇസ്രായേൽ പുത്രന്മാരുടെ ഓരോ ഗോത്രത്തിന്റെയും പേര് ഓരോ ഗോപുരത്തിലും ആലേഖനം ചെയ്തിരുന്നു. 13ആ ഗോപുരങ്ങൾ കിഴക്കു മൂന്നും, വടക്കു മൂന്നും, തെക്കു മൂന്നും, പടിഞ്ഞാറു മൂന്നും ആയിരുന്നു. 14നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയിൽ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകളും ഉണ്ട്.
15നഗരവും അതിന്റെ ഗോപുരങ്ങളും മതിലുകളും അളക്കുന്നതിനുള്ള സ്വർണദണ്ഡ് എന്നോടു സംസാരിച്ച ആളിന്റെ കൈവശം ഉണ്ടായിരുന്നു. 16സമചതുരമാണു നഗരം. നീളവും വീതിയും സമം. തന്റെ കൈയിലുള്ള ദണ്ഡുകൊണ്ട് അയാൾ അളന്നു. പന്തീരായിരം സ്റ്റേഡിയ അഥവാ രണ്ടായിരത്തിനാനൂറ് കിലോമീറ്റർ ആയിരുന്നു അളവു കണ്ടത്. അതിന്റെ നീളവും വീതിയും ഉയരവും ഒന്നുതന്നെ. 17ആ മാലാഖ നഗരത്തിന്റെ മതിലും അളന്നു. മനുഷ്യന്റെ തോതനുസരിച്ച് നൂറ്റിനാല്പത്തിനാലു മുഴമായിരുന്നു അതിന്റെ ഉയരം (60 മീറ്റർ). അതുതന്നെ ആയിരുന്നു മാലാഖയുടെയും തോത്. 18മതിൽ സൂര്യകാന്തശിലകൊണ്ടു നിർമിച്ചതായിരുന്നു. നഗരമാകട്ടെ, സ്വച്ഛസ്ഫടികനിർമ്മലമായ തനിത്തങ്കംകൊണ്ടും, 19നഗരമതിലിന്റെ അടിസ്ഥാനശിലകൾ സകലവിധ രത്നങ്ങൾകൊണ്ടും അലംകൃതമായിരുന്നു; ഒന്നാമത്തേത് സൂര്യകാന്തവും രണ്ടാമത്തേത് ഇന്ദ്രനീലവും മൂന്നാമത്തേത് മാണിക്യവും നാലാമത്തേത് മരതകവും 20അഞ്ചാമത്തേത് നഖവർണിയും ആറാമത്തേത് ചുവപ്പുകല്ലും ഏഴാമത്തേത് ചന്ദ്രകാന്തവും എട്ടാമത്തേത് ഗോമേദകവും ഒൻപതാമത്തേത് പുഷ്യരാഗവും പത്താമത്തേത് വൈഡൂര്യവും പതിനൊന്നാമത്തേത് പത്മരാഗവും പന്ത്രണ്ടാമത്തേത് സൗഗന്ധകവും ആയിരുന്നു. 21പന്ത്രണ്ടു ഗോപുരങ്ങളും പന്ത്രണ്ടു മുത്തുകൾ; ഓരോ ഗോപുരവും ഓരോ മുത്തുകൊണ്ടു നിർമിച്ചതായിരുന്നു. നഗരവീഥി സ്വച്ഛസ്ഫടികനിർമ്മലമായ തനിത്തങ്കം ആയിരുന്നു.
22നഗരത്തിൽ ദേവാലയമൊന്നും ഞാൻ കണ്ടിട്ടില്ല. സർവശക്തനും സർവാധീശനുമായ ദൈവവും കുഞ്ഞാടുമാണ് അവിടത്തെ ദേവാലയം. 23നഗരത്തിനു പ്രകാശം ചൊരിയുവാൻ സൂര്യനോ ചന്ദ്രനോ ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ ദൈവതേജസ്സ് അവിടത്തെ പ്രകാശവും, കുഞ്ഞാട് അതിന്റെ വിളക്കുമാണ്. 24അതിന്റെ പ്രകാശത്തിൽ ജനതകൾ വ്യാപരിക്കും. ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മഹത്ത്വം അവിടേക്കു കൊണ്ടുവരും. 25പകൽ ഒരിക്കലും അതിന്റെ ഗോപുരങ്ങൾ അടയ്ക്കുകയില്ല; 26അവിടെ രാത്രി ഇല്ലല്ലോ. ജനതകളുടെ മഹത്ത്വവും ബഹുമാനവും അവിടേക്കു കൊണ്ടുവരും. 27കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടുള്ളവർ മാത്രമേ അവിടെ പ്രവേശിക്കുകയുള്ളൂ. നിന്ദ്യമായ പ്രവൃത്തികൾ ചെയ്യുകയും അസത്യം സംസാരിക്കുകയും ചെയ്യുന്നവരോ അശുദ്ധമായത് എന്തെങ്കിലുമോ അതിൽ പ്രവേശിക്കുകയില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
THUPUAN 21: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.