നഗരവും അതിന്റെ ഗോപുരങ്ങളും മതിലുകളും അളക്കുന്നതിനുള്ള സ്വർണദണ്ഡ് എന്നോടു സംസാരിച്ച ആളിന്റെ കൈവശം ഉണ്ടായിരുന്നു. സമചതുരമാണു നഗരം. നീളവും വീതിയും സമം. തന്റെ കൈയിലുള്ള ദണ്ഡുകൊണ്ട് അയാൾ അളന്നു. പന്തീരായിരം സ്റ്റേഡിയ അഥവാ രണ്ടായിരത്തിനാനൂറ് കിലോമീറ്റർ ആയിരുന്നു അളവു കണ്ടത്. അതിന്റെ നീളവും വീതിയും ഉയരവും ഒന്നുതന്നെ. ആ മാലാഖ നഗരത്തിന്റെ മതിലും അളന്നു. മനുഷ്യന്റെ തോതനുസരിച്ച് നൂറ്റിനാല്പത്തിനാലു മുഴമായിരുന്നു അതിന്റെ ഉയരം (60 മീറ്റർ). അതുതന്നെ ആയിരുന്നു മാലാഖയുടെയും തോത്. മതിൽ സൂര്യകാന്തശിലകൊണ്ടു നിർമിച്ചതായിരുന്നു. നഗരമാകട്ടെ, സ്വച്ഛസ്ഫടികനിർമ്മലമായ തനിത്തങ്കംകൊണ്ടും, നഗരമതിലിന്റെ അടിസ്ഥാനശിലകൾ സകലവിധ രത്നങ്ങൾകൊണ്ടും അലംകൃതമായിരുന്നു; ഒന്നാമത്തേത് സൂര്യകാന്തവും രണ്ടാമത്തേത് ഇന്ദ്രനീലവും മൂന്നാമത്തേത് മാണിക്യവും നാലാമത്തേത് മരതകവും അഞ്ചാമത്തേത് നഖവർണിയും ആറാമത്തേത് ചുവപ്പുകല്ലും ഏഴാമത്തേത് ചന്ദ്രകാന്തവും എട്ടാമത്തേത് ഗോമേദകവും ഒൻപതാമത്തേത് പുഷ്യരാഗവും പത്താമത്തേത് വൈഡൂര്യവും പതിനൊന്നാമത്തേത് പത്മരാഗവും പന്ത്രണ്ടാമത്തേത് സൗഗന്ധകവും ആയിരുന്നു. പന്ത്രണ്ടു ഗോപുരങ്ങളും പന്ത്രണ്ടു മുത്തുകൾ; ഓരോ ഗോപുരവും ഓരോ മുത്തുകൊണ്ടു നിർമിച്ചതായിരുന്നു. നഗരവീഥി സ്വച്ഛസ്ഫടികനിർമ്മലമായ തനിത്തങ്കം ആയിരുന്നു. നഗരത്തിൽ ദേവാലയമൊന്നും ഞാൻ കണ്ടിട്ടില്ല. സർവശക്തനും സർവാധീശനുമായ ദൈവവും കുഞ്ഞാടുമാണ് അവിടത്തെ ദേവാലയം. നഗരത്തിനു പ്രകാശം ചൊരിയുവാൻ സൂര്യനോ ചന്ദ്രനോ ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ ദൈവതേജസ്സ് അവിടത്തെ പ്രകാശവും, കുഞ്ഞാട് അതിന്റെ വിളക്കുമാണ്. അതിന്റെ പ്രകാശത്തിൽ ജനതകൾ വ്യാപരിക്കും. ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മഹത്ത്വം അവിടേക്കു കൊണ്ടുവരും. പകൽ ഒരിക്കലും അതിന്റെ ഗോപുരങ്ങൾ അടയ്‍ക്കുകയില്ല; അവിടെ രാത്രി ഇല്ലല്ലോ. ജനതകളുടെ മഹത്ത്വവും ബഹുമാനവും അവിടേക്കു കൊണ്ടുവരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടുള്ളവർ മാത്രമേ അവിടെ പ്രവേശിക്കുകയുള്ളൂ. നിന്ദ്യമായ പ്രവൃത്തികൾ ചെയ്യുകയും അസത്യം സംസാരിക്കുകയും ചെയ്യുന്നവരോ അശുദ്ധമായത് എന്തെങ്കിലുമോ അതിൽ പ്രവേശിക്കുകയില്ല.
THUPUAN 21 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUPUAN 21:15-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ