വെളിപ്പാട് 21:15-27
വെളിപ്പാട് 21:15-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന് പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു. നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നെ. അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന് എന്നുവച്ചാൽ ദൂതന്റെ അളവിനു തന്നെ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു. മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു. നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേത് മാണിക്യം, നാലാമത്തേത് മരതകം, അഞ്ചാമത്തേത് നഖവർണി, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് പീതരത്നം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം. പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്ത്; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു. മന്ദിരം അതിൽ കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു. ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്ത്വം അതിലേക്കു കൊണ്ടുവരും. അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. ജാതികളുടെ മഹത്ത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായത് യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
വെളിപ്പാട് 21:15-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നഗരവും അതിന്റെ ഗോപുരങ്ങളും മതിലുകളും അളക്കുന്നതിനുള്ള സ്വർണദണ്ഡ് എന്നോടു സംസാരിച്ച ആളിന്റെ കൈവശം ഉണ്ടായിരുന്നു. സമചതുരമാണു നഗരം. നീളവും വീതിയും സമം. തന്റെ കൈയിലുള്ള ദണ്ഡുകൊണ്ട് അയാൾ അളന്നു. പന്തീരായിരം സ്റ്റേഡിയ അഥവാ രണ്ടായിരത്തിനാനൂറ് കിലോമീറ്റർ ആയിരുന്നു അളവു കണ്ടത്. അതിന്റെ നീളവും വീതിയും ഉയരവും ഒന്നുതന്നെ. ആ മാലാഖ നഗരത്തിന്റെ മതിലും അളന്നു. മനുഷ്യന്റെ തോതനുസരിച്ച് നൂറ്റിനാല്പത്തിനാലു മുഴമായിരുന്നു അതിന്റെ ഉയരം (60 മീറ്റർ). അതുതന്നെ ആയിരുന്നു മാലാഖയുടെയും തോത്. മതിൽ സൂര്യകാന്തശിലകൊണ്ടു നിർമിച്ചതായിരുന്നു. നഗരമാകട്ടെ, സ്വച്ഛസ്ഫടികനിർമ്മലമായ തനിത്തങ്കംകൊണ്ടും, നഗരമതിലിന്റെ അടിസ്ഥാനശിലകൾ സകലവിധ രത്നങ്ങൾകൊണ്ടും അലംകൃതമായിരുന്നു; ഒന്നാമത്തേത് സൂര്യകാന്തവും രണ്ടാമത്തേത് ഇന്ദ്രനീലവും മൂന്നാമത്തേത് മാണിക്യവും നാലാമത്തേത് മരതകവും അഞ്ചാമത്തേത് നഖവർണിയും ആറാമത്തേത് ചുവപ്പുകല്ലും ഏഴാമത്തേത് ചന്ദ്രകാന്തവും എട്ടാമത്തേത് ഗോമേദകവും ഒൻപതാമത്തേത് പുഷ്യരാഗവും പത്താമത്തേത് വൈഡൂര്യവും പതിനൊന്നാമത്തേത് പത്മരാഗവും പന്ത്രണ്ടാമത്തേത് സൗഗന്ധകവും ആയിരുന്നു. പന്ത്രണ്ടു ഗോപുരങ്ങളും പന്ത്രണ്ടു മുത്തുകൾ; ഓരോ ഗോപുരവും ഓരോ മുത്തുകൊണ്ടു നിർമിച്ചതായിരുന്നു. നഗരവീഥി സ്വച്ഛസ്ഫടികനിർമ്മലമായ തനിത്തങ്കം ആയിരുന്നു. നഗരത്തിൽ ദേവാലയമൊന്നും ഞാൻ കണ്ടിട്ടില്ല. സർവശക്തനും സർവാധീശനുമായ ദൈവവും കുഞ്ഞാടുമാണ് അവിടത്തെ ദേവാലയം. നഗരത്തിനു പ്രകാശം ചൊരിയുവാൻ സൂര്യനോ ചന്ദ്രനോ ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ ദൈവതേജസ്സ് അവിടത്തെ പ്രകാശവും, കുഞ്ഞാട് അതിന്റെ വിളക്കുമാണ്. അതിന്റെ പ്രകാശത്തിൽ ജനതകൾ വ്യാപരിക്കും. ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മഹത്ത്വം അവിടേക്കു കൊണ്ടുവരും. പകൽ ഒരിക്കലും അതിന്റെ ഗോപുരങ്ങൾ അടയ്‍ക്കുകയില്ല; അവിടെ രാത്രി ഇല്ലല്ലോ. ജനതകളുടെ മഹത്ത്വവും ബഹുമാനവും അവിടേക്കു കൊണ്ടുവരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടുള്ളവർ മാത്രമേ അവിടെ പ്രവേശിക്കുകയുള്ളൂ. നിന്ദ്യമായ പ്രവൃത്തികൾ ചെയ്യുകയും അസത്യം സംസാരിക്കുകയും ചെയ്യുന്നവരോ അശുദ്ധമായത് എന്തെങ്കിലുമോ അതിൽ പ്രവേശിക്കുകയില്ല.
വെളിപ്പാട് 21:15-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്‍റെ വാതിലുകളെയും അതിന്‍റെ മതിലിനെയും അളക്കേണ്ടതിന് ഒരു സ്വർണ്ണകോൽ ഉണ്ടായിരുന്നു. നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു; ആയിരത്തിരുനൂറ് നാഴിക; അതിന്‍റെ നീളവും വീതിയും ഉയരവും സമം തന്നെ. അവൻ അതിന്‍റെ മതിലും അളന്നു; നൂറ്റിനാല്പത്തിനാല് മുഴം ഘനം; മനുഷ്യന്‍റെ അളവിന് എന്നുവച്ചാൽ ദൂതന്‍റെ അളവിന് തന്നെ. മതിലിന്‍റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു. മതിലിന്‍റെ അടിസ്ഥാനങ്ങൾ സകലവിധ രത്നങ്ങളുംകൊണ്ട് അലങ്കരിച്ചിരുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേത് മരതകം, അഞ്ചാമത്തേത് സ്ഫടികക്കല്ല്, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് ചന്ദ്രകാന്തം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം. പന്ത്രണ്ടു വാതിലുകളും പന്ത്രണ്ടു മുത്ത്; ഓരോ വാതിലും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു. ഒരു ആലയവും നഗരത്തിൽ ഞാൻ കണ്ടില്ല; സർവ്വശക്തനായ ദൈവമായ കർത്താവും കുഞ്ഞാടും അതിന്‍റെ ആലയം ആകുന്നു. ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിച്ചിരുന്നതുകൊണ്ട് അതിൽ സൂര്യന്‍റെയോ ചന്ദ്രൻ്റേയോ ആവശ്യമില്ലായിരുന്നു; കുഞ്ഞാടും അതിന്‍റെ വിളക്കു ആകുന്നു. രക്ഷിയ്ക്കപ്പെട്ട ജനതകൾ അതിന്‍റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും. അതിന്‍റെ വാതിലുകൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. അവർ ജനതകളുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും. കുഞ്ഞാടിൻ്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധി ഉണ്ടാക്കുന്നതോ, ഏതെങ്കിലും ചതിവോ മ്ലേച്ഛതയോ പ്രവർത്തിക്കുന്നതോ ആയ ഒന്നുംതന്നെ അതിൽ കടക്കുകയില്ല.
വെളിപ്പാട് 21:15-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നോടു സംസാരിച്ചവനു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു. നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ. അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു. മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു. നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധിരത്നം. പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു. മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു. ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും. അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
വെളിപ്പാട് 21:15-27 സമകാലിക മലയാളവിവർത്തനം (MCV)
എന്നോടു സംസാരിച്ച ദൂതന്റെ കൈവശം നഗരവും അതിന്റെ കവാടങ്ങളും കോട്ടയും അളക്കുന്നതിനു തങ്കംകൊണ്ടുള്ള ഒരു ദണ്ഡ് ഉണ്ടായിരുന്നു. സമചതുരമായിരുന്നു നഗരം; അതിന്റെ നീളവും വീതിയും തുല്യം. ദൂതൻ ദണ്ഡുകൊണ്ടു നഗരത്തെ അളന്നു. അതിന്റെ നീളം ഏകദേശം 2,200 കിലോമീറ്റർ; അതിന്റെ നീളവും വീതിയും ഉയരവും തുല്യമായിരുന്നു. പിന്നെ ദൂതൻ അതിന്റെ കോട്ട അളന്നു. ദൂതൻ അളക്കാൻ ഉപയോഗിച്ച ദണ്ഡ് മാനുഷികമാനദണ്ഡമനുസരിച്ച് അറുപത്തഞ്ച് മീറ്റർ ആയിരുന്നു. കോട്ട നിർമിച്ചിരിക്കുന്നത് സൂര്യകാന്തക്കല്ലുകൊണ്ടും നഗരമാകട്ടെ, അച്ഛസ്ഫടികംപോലെയുള്ള തങ്കംകൊണ്ടുമായിരുന്നു. കോട്ടയുടെ അടിസ്ഥാനശിലകൾ സർവവിധരത്നങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാമത്തെ അടിസ്ഥാനശില സൂര്യകാന്തം, രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു നഖവർണി, ആറാമത്തേതു ചെമപ്പുകല്ല്, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു ഗോമേദകം, ഒൻപതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം. പന്ത്രണ്ട് കവാടങ്ങളാകട്ടെ, പന്ത്രണ്ട് മുത്തുകളായിരുന്നു; ഓരോ കവാടവും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ അച്ഛസ്ഫടികത്തിനു തുല്യമായ തങ്കവുമായിരുന്നു. നഗരത്തിൽ വിശുദ്ധമന്ദിരം കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആയിരുന്നു. നഗരത്തിൽ പ്രകാശിക്കേണ്ടതിനായി സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം, ദൈവതേജസ്സ് അതിനെ പ്രശോഭിതമാക്കിയിരുന്നു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു. ജനതകൾ അതിന്റെ പ്രകാശത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ സർവപ്രതാപത്തോടുംകൂടെ അതിലേക്കു വന്നുചേരും. അതിന്റെ കവാടങ്ങൾ പകൽ ഒരിക്കലും അടയ്ക്കുകയില്ല; രാത്രി അവിടെ ഉണ്ടായിരിക്കുകയുമില്ല. ജനതകൾ അവരുടെ മഹത്ത്വത്തോടെയും ബഹുമാനത്തോടെയും അതിലേക്കു വരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടവരല്ലാതെ അശുദ്ധിയും മ്ലേച്ഛതയും വ്യാജവും പ്രവർത്തിക്കുന്ന ആർക്കും അതിൽ ഒരിക്കലും പ്രവേശനം ലഭിക്കുകയില്ല.