നാലാമത്തെ മാലാഖ തന്റെ കലശം സൂര്യനിൽ ഒഴിച്ചു. മനുഷ്യനെ അഗ്നികൊണ്ട് ചുട്ടുകരിക്കുവാൻ അതിന് അധികാരം നല്‌കപ്പെട്ടു. അത്യുഗ്രമായ ചൂടുകൊണ്ട് മനുഷ്യൻ പൊരിഞ്ഞുപോയി. എന്നിട്ടും ഈ മഹാമാരികളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ അവർ ശപിച്ചു; അവർ പശ്ചാത്തപിക്കുകയോ, ദൈവത്തിനു മഹത്ത്വം നല്‌കുകയോ ചെയ്തില്ല. അഞ്ചാമത്തെ മാലാഖ മൃഗത്തിന്റെ സിംഹാസനത്തിന്മേൽ കലശം പകർന്നു. ഉടനെ അവന്റെ രാജ്യം അന്ധകാരത്തിൽ ആണ്ടുപോയി. മനുഷ്യർ കഠിനമായ വേദനകൊണ്ട് നാവു കടിച്ചു. തങ്ങളുടെ വേദനയും വ്രണവും നിമിത്തം സ്വർഗത്തിലെ ദൈവത്തെ ശപിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല. പിന്നീട് ആറാമത്തെ മാലാഖ യൂഫ്രട്ടീസ് എന്ന മഹാനദിയിൽ തന്റെ കലശം ഒഴിച്ചു. ഉടനെ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുക്കപ്പെട്ടു. ഉഗ്രസർപ്പത്തിന്റെ വായിൽനിന്നും, മൃഗത്തിന്റെ വായിൽനിന്നും, വ്യാജപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെയുള്ള മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. അദ്ഭുതപ്രവൃത്തികൾ ചെയ്യുന്ന പൈശാചികാത്മാക്കളാണ് അവർ. സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനുവേണ്ടി ലോകത്തെങ്ങുമുള്ള രാജാക്കന്മാരെ ഒരുമിച്ചു കൂട്ടുന്നതിനായി അവർ അവരുടെ അടുക്കലേക്കു പോകുന്നു. “ഇതാ ഞാൻ കള്ളനെപ്പോലെ വരുന്നു! ഉണർന്നിരുന്നു തന്റെ വസ്ത്രം ശരിയായി സൂക്ഷിക്കുന്നവൻ അനുഗൃഹീതൻ! അങ്ങനെ ചെയ്യുന്നവന് നഗ്നനായി നടക്കുവാനും മറ്റുള്ളവരുടെ മുമ്പിൽ ലജ്ജിതനാകുവാനും ഇടയാകുന്നില്ല.” ആ ആത്മാക്കൾ അവരെ എബ്രായ ഭാഷയിൽ ‘ഹർമ്മഗെദ്ദോൻ’ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചു കൂട്ടി. ഏഴാമത്തെ മാലാഖ കലശം ആകാശത്ത് ഒഴിച്ചപ്പോൾ “എല്ലാം പൂർത്തിയായി” എന്നൊരു മഹാശബ്ദം ദേവാലയത്തിലെ സിംഹാസനത്തിൽനിന്നു പുറപ്പെട്ടു. മിന്നലും വലിയ ഇരമ്പലും ഇടിമുഴക്കവും മഹാഭൂകമ്പവും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ആവിർഭവിച്ച നാൾമുതൽ ഇത്ര വലിയ ഒരു ഭൂകമ്പം ഒരിക്കലും ഉണ്ടായിട്ടില്ല. മഹാനഗരം മൂന്നായി പിളർന്നു. വിജാതീയരുടെ പട്ടണങ്ങളും വീണുപോയി. ദൈവം മഹാബാബിലോണിനെ ഓർത്തു; തന്റെ ഉഗ്രരോഷം നിറച്ച പാനപാത്രം അവൾക്കു കുടിക്കുവാൻ കൊടുക്കുകയും ചെയ്തു. സകല ദ്വീപുകളും ഓടിമറഞ്ഞു. എല്ലാ പർവതങ്ങളും അപ്രത്യക്ഷമായി. അമ്പതു കിലോഗ്രാമിനോളം ഘനമുള്ള കല്ലുകൾ ആകാശത്തുനിന്നു മനുഷ്യരുടെമേൽ വർഷിക്കപ്പെട്ടു. കന്മഴയുടെ ബാധ അത്യന്തം ഭീകരമായിരുന്നതുകൊണ്ട് മനുഷ്യർ ദൈവത്തെ ശപിച്ചു.
THUPUAN 16 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUPUAN 16:8-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ