വെളിപ്പാട് 16:8-21

വെളിപ്പാട് 16:8-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന് അധികാരം ലഭിച്ചു. മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവനു മഹത്ത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല. അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി. അവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വർഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല. ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു; കിഴക്കുനിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുക്കേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി. മഹാസർപ്പത്തിന്റെ വായിൽനിന്നും മൃഗത്തിന്റെ വായിൽനിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. ഇവ സർവഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേർപ്പാൻ അദ്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നെ. ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ. അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു. ഏഴാമത്തവൻ തന്റെ കലശം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ സംഭവിച്ചുതീർന്നു എന്ന് ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തിൽനിന്നു വന്നു. മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായൊരു ഭൂകമ്പം ഉണ്ടായിട്ടില്ല. മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണുപോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോനു കൊടുക്കേണ്ടതിന് അവളെ ദൈവസന്നിധിയിൽ ഓർത്തു. സകല ദ്വീപും ഓടിപ്പോയി; മലകൾ കാൺമാനില്ലാതെയായി. താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴ ആകാശത്തുനിന്ന് മനുഷ്യരുടെമേൽ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യർ ആ ബാധ നിമിത്തം ദൈവത്തെ ദുഷിച്ചു.

വെളിപ്പാട് 16:8-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നാലാമത്തെ മാലാഖ തന്റെ കലശം സൂര്യനിൽ ഒഴിച്ചു. മനുഷ്യനെ അഗ്നികൊണ്ട് ചുട്ടുകരിക്കുവാൻ അതിന് അധികാരം നല്‌കപ്പെട്ടു. അത്യുഗ്രമായ ചൂടുകൊണ്ട് മനുഷ്യൻ പൊരിഞ്ഞുപോയി. എന്നിട്ടും ഈ മഹാമാരികളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ അവർ ശപിച്ചു; അവർ പശ്ചാത്തപിക്കുകയോ, ദൈവത്തിനു മഹത്ത്വം നല്‌കുകയോ ചെയ്തില്ല. അഞ്ചാമത്തെ മാലാഖ മൃഗത്തിന്റെ സിംഹാസനത്തിന്മേൽ കലശം പകർന്നു. ഉടനെ അവന്റെ രാജ്യം അന്ധകാരത്തിൽ ആണ്ടുപോയി. മനുഷ്യർ കഠിനമായ വേദനകൊണ്ട് നാവു കടിച്ചു. തങ്ങളുടെ വേദനയും വ്രണവും നിമിത്തം സ്വർഗത്തിലെ ദൈവത്തെ ശപിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല. പിന്നീട് ആറാമത്തെ മാലാഖ യൂഫ്രട്ടീസ് എന്ന മഹാനദിയിൽ തന്റെ കലശം ഒഴിച്ചു. ഉടനെ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുക്കപ്പെട്ടു. ഉഗ്രസർപ്പത്തിന്റെ വായിൽനിന്നും, മൃഗത്തിന്റെ വായിൽനിന്നും, വ്യാജപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെയുള്ള മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. അദ്ഭുതപ്രവൃത്തികൾ ചെയ്യുന്ന പൈശാചികാത്മാക്കളാണ് അവർ. സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനുവേണ്ടി ലോകത്തെങ്ങുമുള്ള രാജാക്കന്മാരെ ഒരുമിച്ചു കൂട്ടുന്നതിനായി അവർ അവരുടെ അടുക്കലേക്കു പോകുന്നു. “ഇതാ ഞാൻ കള്ളനെപ്പോലെ വരുന്നു! ഉണർന്നിരുന്നു തന്റെ വസ്ത്രം ശരിയായി സൂക്ഷിക്കുന്നവൻ അനുഗൃഹീതൻ! അങ്ങനെ ചെയ്യുന്നവന് നഗ്നനായി നടക്കുവാനും മറ്റുള്ളവരുടെ മുമ്പിൽ ലജ്ജിതനാകുവാനും ഇടയാകുന്നില്ല.” ആ ആത്മാക്കൾ അവരെ എബ്രായ ഭാഷയിൽ ‘ഹർമ്മഗെദ്ദോൻ’ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചു കൂട്ടി. ഏഴാമത്തെ മാലാഖ കലശം ആകാശത്ത് ഒഴിച്ചപ്പോൾ “എല്ലാം പൂർത്തിയായി” എന്നൊരു മഹാശബ്ദം ദേവാലയത്തിലെ സിംഹാസനത്തിൽനിന്നു പുറപ്പെട്ടു. മിന്നലും വലിയ ഇരമ്പലും ഇടിമുഴക്കവും മഹാഭൂകമ്പവും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ആവിർഭവിച്ച നാൾമുതൽ ഇത്ര വലിയ ഒരു ഭൂകമ്പം ഒരിക്കലും ഉണ്ടായിട്ടില്ല. മഹാനഗരം മൂന്നായി പിളർന്നു. വിജാതീയരുടെ പട്ടണങ്ങളും വീണുപോയി. ദൈവം മഹാബാബിലോണിനെ ഓർത്തു; തന്റെ ഉഗ്രരോഷം നിറച്ച പാനപാത്രം അവൾക്കു കുടിക്കുവാൻ കൊടുക്കുകയും ചെയ്തു. സകല ദ്വീപുകളും ഓടിമറഞ്ഞു. എല്ലാ പർവതങ്ങളും അപ്രത്യക്ഷമായി. അമ്പതു കിലോഗ്രാമിനോളം ഘനമുള്ള കല്ലുകൾ ആകാശത്തുനിന്നു മനുഷ്യരുടെമേൽ വർഷിക്കപ്പെട്ടു. കന്മഴയുടെ ബാധ അത്യന്തം ഭീകരമായിരുന്നതുകൊണ്ട് മനുഷ്യർ ദൈവത്തെ ശപിച്ചു.

വെളിപ്പാട് 16:8-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നാലാമത്തെ ദൂതൻ തന്‍റെ പാത്രം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ട് മനുഷ്യരെ ചുട്ടുപൊള്ളിക്കുവാൻ അതിന് അധികാരം കൊടുത്തു. മനുഷ്യർ കൊടുംചൂടിനാൽ വെന്തുപോയി; എങ്കിലും ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്‍റെ നാമത്തെ നിന്ദിച്ചതല്ലാതെ, അവനു മഹത്വം കൊടുക്കുവാൻ തക്കവണ്ണം അവർ മാനസാന്തരപ്പെട്ടില്ല. അഞ്ചാമത്തെ ദൂതൻ തന്‍റെ പാത്രം മൃഗത്തിന്‍റെ ഇരിപ്പിടത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്‍റെ രാജ്യം ഇരുണ്ടുപോയി. അതിവേദനയാൽ അവർ നാവ് കടിച്ചു. വേദനയും വ്രണങ്ങളും നിമിത്തം സ്വർഗ്ഗത്തിലെ ദൈവത്തെ നിന്ദിച്ചതല്ലാതെ അപ്പോഴും അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല. ആറാമത്തെ ദൂതൻ തന്‍റെ പാത്രം യൂഫ്രട്ടീസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്ക് നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി. മഹാസർപ്പത്തിൻ്റെയും മൃഗത്തിൻ്റെയും കള്ളപ്രവാചകൻ്റെയും വായിൽനിന്ന് തവളകളെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറത്തു വരുന്നത് ഞാൻ കണ്ടു. ഇവ ഭൂതലത്തിലെങ്ങും ഉള്ള രാജാക്കന്മാരെ ഒക്കെയും സർവ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിച്ചേർക്കുവാൻ തക്കവണ്ണം അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്ക് ചെല്ലുന്ന ഭൂതാത്മാക്കൾ തന്നെ. — ജാഗ്രതയായിരിക്ക! ഞാൻ കള്ളനെപ്പോലെ വരും; സൂക്ഷിച്ചു തന്‍റെ വസ്ത്രം വൃത്തിയായി കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ. അല്ലെങ്കിൽ, അവർ നഗ്നരായി നടക്കുകയും മറ്റുള്ളവർ അവരുടെ ലജ്ജ കാണുകയും ചെയ്യും. അവൻ അവരെ എബ്രായ ഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് കൂട്ടിക്കൊണ്ട് വന്നു. ഏഴാമത്തെ ദൂതൻ തന്‍റെ പാത്രം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: ചെയ്തു തീർന്നു എന്നു പറയുന്ന ഒരു മഹാശബ്ദം സിംഹാസനത്തിൽ നിന്നും അതിവിശുദ്ധസ്ഥലത്ത് നിന്നും പുറപ്പെട്ടു. അപ്പോൾ ശബ്ദകോലാഹലങ്ങളും ഇടിമുഴക്കവും മിന്നലുകളും ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ ഇന്നോളം ഉണ്ടായിട്ടില്ലാത്തതുമായ വലുതായൊരു ഭൂകമ്പവും ഉണ്ടായി. മഹാനഗരം മൂന്നു ഭാഗമായി പിരിഞ്ഞു; ജനതകളുടെ പട്ടണങ്ങളും വീണുപോയി; അപ്പോൾ ദൈവക്രോധത്തിൻ്റെ തീഷ്ണതയുള്ള മദ്യം നിറഞ്ഞിരിക്കുന്ന പാനപാത്രം കൊടുക്കുവാൻ തക്കവണ്ണം മഹാബാബേലിനെ ദൈവം ഓർത്തു. സകലദ്വീപും ഓടി മറഞ്ഞു; പർവ്വതങ്ങൾ കാണ്മാനില്ലാതെയായി. മനുഷ്യരുടെമേൽ ആകാശത്ത് നിന്നും വലിയ കൽമഴ പെയ്തു. ഓരോ കല്ലിനും ഒരു താലന്തു ഭാരം ഉണ്ടായിരുന്നു. കൽമഴയുടെ ബാധ ഏറ്റവും കഠിനമായിരുന്നതുകൊണ്ട് മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.

വെളിപ്പാട് 16:8-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു. മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല. അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി. അവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വർഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല. ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്കു നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി. മഹാസർപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. ഇവ സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ.— ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ.— അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു. ഏഴാമത്തവൻ തന്റെ കലശം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: സംഭവിച്ചുതീർന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തിൽ നിന്നു വന്നു. മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല. മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയിൽ ഓർത്തു. സകലദ്വീപും ഓടിപ്പോയി; മലകൾ കാണ്മാനില്ലാതെയായി. താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മമഴ ആകാശത്തു നിന്നു മനുഷ്യരുടെ മേൽ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.

വെളിപ്പാട് 16:8-21 സമകാലിക മലയാളവിവർത്തനം (MCV)

നാലാമത്തെ ദൂതൻ തന്റെ കുംഭം സൂര്യനിൽ ഒഴിച്ചു. തീകൊണ്ടു മനുഷ്യരെ പൊള്ളലേൽപ്പിക്കാനുള്ള ശക്തി അതിനു ലഭിച്ചു. മനുഷ്യർ അത്യുഷ്ണത്താൽ പൊള്ളലേറ്റിട്ടും ഈ ബാധകളെ നിയന്ത്രിക്കാൻ അധികാരമുള്ള ദൈവത്തിന്റെ നാമം ദുഷിച്ചതല്ലാതെ, മാനസാന്തരപ്പെട്ടു മഹത്ത്വപ്പെടുത്താൻ മനസ്സുകാട്ടിയില്ല. അഞ്ചാമത്തെദൂതൻ തന്റെ കുംഭം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അവന്റെ രാജ്യം അന്ധകാരാവൃതമായി. മനുഷ്യർ അതിവേദനയാൽ തങ്ങളുടെ നാവു കടിച്ചു. വ്രണങ്ങൾനിമിത്തം കഠിനവേദന അനുഭവിച്ചിട്ടും സ്വർഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ, തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല. ആറാമത്തെ ദൂതൻ തന്റെ കുംഭം “യൂഫ്രട്ടീസ്” എന്ന മഹാനദിയിൽ ഒഴിച്ചു. പൂർവദേശത്തുനിന്നു വരുന്ന രാജാക്കന്മാർക്കു വഴിയൊരുക്കേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി. മഹാവ്യാളിയുടെയും മൃഗത്തിന്റെയും വ്യാജപ്രവാചകന്റെയും വായിൽനിന്ന് തവളയുടെ രൂപമുള്ള മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെട്ടുവരുന്നതു ഞാൻ കണ്ടു. അവ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനായി, ഭൂതലമെങ്ങുമുള്ള രാജാക്കന്മാരെ കൂട്ടിച്ചേർക്കാൻ, അവരുടെ അടുത്തേക്ക് അത്ഭുതചിഹ്നങ്ങൾ കാണിച്ചുകൊണ്ട് പുറപ്പെടുന്ന ദുഷ്ടാത്മാക്കളാണ്. “ഇതാ, ആരും പ്രതീക്ഷിക്കാത്ത സമയത്ത് കള്ളൻ വരുന്നതുപോലെ ഞാൻ വരുന്നു. തങ്ങളുടെ വസ്ത്രങ്ങൾ സംരക്ഷിച്ചുകൊണ്ട് എന്റെ വരവിനായി ജാഗ്രതയോടെ കാത്തിരിക്കുന്നവർ അനുഗൃഹീതർ. അങ്ങനെയെങ്കിൽ അവർ വിവസ്ത്രരായി ലജ്ജിക്കേണ്ടിവരികയില്ല.” ദുഷ്ടാത്മാക്കൾ ഭരണാധികാരികളെയും അവരുടെ സൈന്യത്തെയും എബ്രായഭാഷയിൽ ഹർമഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചുകൂട്ടിവരുത്തി. ഏഴാമത്തെ ദൂതൻ തന്റെ കുംഭം വായുമണ്ഡലത്തിൽ ഒഴിച്ചു. “പൂർത്തിയായി” എന്നു പറയുന്ന ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തിൽനിന്ന് പുറപ്പെട്ടു. അപ്പോൾ മിന്നലും ഇരമ്പലും ഇടിമുഴക്കവും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ഉണ്ടായതുമുതൽ അതുവരെ സംഭവിച്ചിട്ടില്ലാത്തവിധം ഭീമവും ശക്തവുമായ ഒരു ഭൂകമ്പം ഉണ്ടായി. മഹാനഗരം മൂന്നു ഭാഗങ്ങളായി പിളർന്നു. ജനതകളുടെ നഗരങ്ങൾ നിലംപൊത്തി. ദൈവം അവിടത്തെ “മഹാക്രോധം,” മദ്യം നിറഞ്ഞ ചഷകംപോലെ മഹതിയാംബാബേലിനെ കുടിപ്പിക്കാൻ ബാബേലിനെ ഓർത്തു. എല്ലാ ദ്വീപുകളും പലായനംചെയ്തു; പർവതങ്ങൾ അപ്രത്യക്ഷമായി. ഏകദേശം നാൽപ്പത്തിയഞ്ച് കിലോഗ്രാം ഭാരമുള്ള വലിയ കല്ലുകൾ ആകാശത്തുനിന്നു മനുഷ്യരുടെമേൽ മഴയായി പതിച്ചു. കന്മഴയുടെ ബാധ അത്യന്തം ദുസ്സഹമായിരുന്നതിനാൽ മനുഷ്യർ ദൈവത്തെ നിന്ദിച്ചു.