പിന്നീട് സ്വർഗത്തിൽ യുദ്ധം ആരംഭിച്ചു. മീഖായേലും തന്റെ മാലാഖമാരുടെ ഗണവും ഉഗ്രസർപ്പത്തോടു പടവെട്ടി. സർപ്പവും അവന്റെ കിങ്കരന്മാരും തിരിച്ചടിച്ചു. പക്ഷേ, അവർ പരാജിതരായി. പിന്നീടൊരിക്കലും അവർക്കു സ്വർഗത്തിൽ സ്ഥലം ലഭിച്ചില്ല. ആ മഹാസർപ്പത്തെ ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. ആ പുരാതന സർപ്പത്തെ പിശാചെന്നും സാത്താനെന്നും വിളിക്കുന്നു. ലോകത്തെ ആകമാനം വഞ്ചിക്കുന്നവനാണ് അവൻ. അവനോടൊപ്പം അവന്റെ കിങ്കരന്മാരെയും ഭൂമിയിലേക്കു തള്ളിക്കളഞ്ഞു. സ്വർഗത്തിൽ ഒരു മഹാശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും ആധിപത്യവും അവിടുത്തെ ക്രിസ്തുവിന്റെ അധികാരവും വന്നെത്തിയിരിക്കുന്നു. എന്തെന്നാൽ രാപകൽ നമ്മുടെ സഹോദരന്മാരെ ദൈവസമക്ഷം കുറ്റം ചുമത്തിക്കൊണ്ടിരുന്നവനെ തള്ളിക്കളഞ്ഞുവല്ലോ. അവരാകട്ടെ, കുഞ്ഞാടിന്റെ രക്തംകൊണ്ടും തങ്ങളുടെ സാക്ഷ്യവചനംകൊണ്ടും അവനെ ജയിച്ചു. തങ്ങളുടെ പ്രാണനെ അവർ സ്നേഹിച്ചില്ല. മരിക്കുവാൻപോലും അവർ സന്നദ്ധരായിരുന്നു. അതുകൊണ്ട് സ്വർഗമേ, സ്വർഗവാസികളേ, നിങ്ങൾ ആനന്ദിക്കുക! ഭൂമിയേ, സമുദ്രമേ, നിങ്ങൾക്ക് ഹാ കഷ്ടം! എന്തെന്നാൽ പിശാചു നിങ്ങളുടെ അടുക്കലേക്കു വന്നിരിക്കുന്നു. ചുരുങ്ങിയ സമയമേ അവശേഷിച്ചിട്ടുള്ളൂ എന്ന് അവനറിയാവുന്നതുകൊണ്ട് അവൻ ഉഗ്രകോപം പൂണ്ടിരിക്കുന്നു. താൻ ഭൂമിയിലേക്കു തള്ളപ്പെട്ടു എന്നു സർപ്പം മനസ്സിലാക്കിയപ്പോൾ പുരുഷസന്താനത്തെ പ്രസവിച്ച ആ സ്‍ത്രീയെ പീഡിപ്പിക്കുവാൻ ഭാവിച്ചു. എന്നാൽ അതിന്റെ പിടിയിൽപ്പെടാതെ വിജനസ്ഥലത്തേക്കു പറന്നുപോകുവാൻ വൻകഴുകന്റെ രണ്ടുചിറകുകൾ ആ സ്‍ത്രീക്കു നല്‌കപ്പെട്ടു. അവിടെ മൂന്നര വർഷക്കാലം സർപ്പത്തിന്റെ കൈയിൽ അകപ്പെടാതെ അവൾ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു. ആ സ്‍ത്രീയെ ഒഴുക്കിക്കളയുന്നതിന് നദിപോലെയുള്ള ഒരു ജലപ്രവാഹം സർപ്പം തന്റെ വായിൽനിന്നു പുറപ്പെടുവിച്ചു. എന്നാൽ ഭൂമി സ്‍ത്രീയുടെ തുണയ്‍ക്കെത്തി. സർപ്പം പുറപ്പെടുവിച്ച നദിയെ ഭൂമി വായ് തുറന്നു വിഴുങ്ങിക്കളഞ്ഞു. അപ്പോൾ സ്‍ത്രീയുടെനേരെ സർപ്പത്തിന് ഉഗ്രരോഷം ഉണ്ടായി. ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും യേശുവിന്റെ സാക്ഷികളായി ജീവിക്കുകയും ചെയ്യുന്നവരുമായി ആ സ്‍ത്രീയുടെ സന്താനങ്ങളിൽ ശേഷിച്ചിട്ടുള്ളവരോടു യുദ്ധം ചെയ്യുവാൻ സർപ്പം പുറപ്പെട്ടു.
THUPUAN 12 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUPUAN 12:7-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ