വെളിപ്പാട് 12:7-17
വെളിപ്പാട് 12:7-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ സ്വർഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി; ജയിച്ചില്ലതാനും. സ്വർഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു. അപ്പോൾ ഞാൻ സ്വർഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. ആകയാൽ സ്വർഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളൂ എന്ന് അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു. തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ട് ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി. അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിനു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോട് അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു. സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന് അവളുടെ പിന്നാലെ തന്റെ വായിൽനിന്നു നദിപോലെ വെള്ളം ചാടിച്ചു. എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസർപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു. മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടു. അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.
വെളിപ്പാട് 12:7-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് സ്വർഗത്തിൽ യുദ്ധം ആരംഭിച്ചു. മീഖായേലും തന്റെ മാലാഖമാരുടെ ഗണവും ഉഗ്രസർപ്പത്തോടു പടവെട്ടി. സർപ്പവും അവന്റെ കിങ്കരന്മാരും തിരിച്ചടിച്ചു. പക്ഷേ, അവർ പരാജിതരായി. പിന്നീടൊരിക്കലും അവർക്കു സ്വർഗത്തിൽ സ്ഥലം ലഭിച്ചില്ല. ആ മഹാസർപ്പത്തെ ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. ആ പുരാതന സർപ്പത്തെ പിശാചെന്നും സാത്താനെന്നും വിളിക്കുന്നു. ലോകത്തെ ആകമാനം വഞ്ചിക്കുന്നവനാണ് അവൻ. അവനോടൊപ്പം അവന്റെ കിങ്കരന്മാരെയും ഭൂമിയിലേക്കു തള്ളിക്കളഞ്ഞു. സ്വർഗത്തിൽ ഒരു മഹാശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും ആധിപത്യവും അവിടുത്തെ ക്രിസ്തുവിന്റെ അധികാരവും വന്നെത്തിയിരിക്കുന്നു. എന്തെന്നാൽ രാപകൽ നമ്മുടെ സഹോദരന്മാരെ ദൈവസമക്ഷം കുറ്റം ചുമത്തിക്കൊണ്ടിരുന്നവനെ തള്ളിക്കളഞ്ഞുവല്ലോ. അവരാകട്ടെ, കുഞ്ഞാടിന്റെ രക്തംകൊണ്ടും തങ്ങളുടെ സാക്ഷ്യവചനംകൊണ്ടും അവനെ ജയിച്ചു. തങ്ങളുടെ പ്രാണനെ അവർ സ്നേഹിച്ചില്ല. മരിക്കുവാൻപോലും അവർ സന്നദ്ധരായിരുന്നു. അതുകൊണ്ട് സ്വർഗമേ, സ്വർഗവാസികളേ, നിങ്ങൾ ആനന്ദിക്കുക! ഭൂമിയേ, സമുദ്രമേ, നിങ്ങൾക്ക് ഹാ കഷ്ടം! എന്തെന്നാൽ പിശാചു നിങ്ങളുടെ അടുക്കലേക്കു വന്നിരിക്കുന്നു. ചുരുങ്ങിയ സമയമേ അവശേഷിച്ചിട്ടുള്ളൂ എന്ന് അവനറിയാവുന്നതുകൊണ്ട് അവൻ ഉഗ്രകോപം പൂണ്ടിരിക്കുന്നു. താൻ ഭൂമിയിലേക്കു തള്ളപ്പെട്ടു എന്നു സർപ്പം മനസ്സിലാക്കിയപ്പോൾ പുരുഷസന്താനത്തെ പ്രസവിച്ച ആ സ്‍ത്രീയെ പീഡിപ്പിക്കുവാൻ ഭാവിച്ചു. എന്നാൽ അതിന്റെ പിടിയിൽപ്പെടാതെ വിജനസ്ഥലത്തേക്കു പറന്നുപോകുവാൻ വൻകഴുകന്റെ രണ്ടുചിറകുകൾ ആ സ്‍ത്രീക്കു നല്‌കപ്പെട്ടു. അവിടെ മൂന്നര വർഷക്കാലം സർപ്പത്തിന്റെ കൈയിൽ അകപ്പെടാതെ അവൾ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു. ആ സ്‍ത്രീയെ ഒഴുക്കിക്കളയുന്നതിന് നദിപോലെയുള്ള ഒരു ജലപ്രവാഹം സർപ്പം തന്റെ വായിൽനിന്നു പുറപ്പെടുവിച്ചു. എന്നാൽ ഭൂമി സ്‍ത്രീയുടെ തുണയ്‍ക്കെത്തി. സർപ്പം പുറപ്പെടുവിച്ച നദിയെ ഭൂമി വായ് തുറന്നു വിഴുങ്ങിക്കളഞ്ഞു. അപ്പോൾ സ്‍ത്രീയുടെനേരെ സർപ്പത്തിന് ഉഗ്രരോഷം ഉണ്ടായി. ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും യേശുവിന്റെ സാക്ഷികളായി ജീവിക്കുകയും ചെയ്യുന്നവരുമായി ആ സ്‍ത്രീയുടെ സന്താനങ്ങളിൽ ശേഷിച്ചിട്ടുള്ളവരോടു യുദ്ധം ചെയ്യുവാൻ സർപ്പം പുറപ്പെട്ടു.
വെളിപ്പാട് 12:7-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തിനെതിരെ പോരാടി; സർപ്പവും അവന്‍റെ ദൂതന്മാരും തിരിച്ച് പോരാടിയെങ്കിലും ജയിക്കുവാൻ കഴിഞ്ഞില്ല; സ്വർഗ്ഗത്തിൽ അവർക്ക് ഇടവും ഇല്ലാതായി. ലോകത്തെ മുഴുവനും ചതിക്കുന്ന സാത്താൻ എന്നും പിശാച് എന്നും വിളിക്കുന്ന പഴയ പാമ്പായ വലിയ സർപ്പത്തെ ഭൂമിയിലേക്കു പുറത്താക്കിക്കളഞ്ഞു; അവനെയും അവന്‍റെ ദൂതന്മാരെയും ഭൂമിയിലേക്ക് തള്ളിക്കളഞ്ഞു. അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം കേട്ടത്: ”ഇപ്പോൾ രക്ഷയും ശക്തിയും നമ്മുടെ ദൈവത്തിന്‍റെ രാജ്യവും അവന്റെ ക്രിസ്തുവിന്‍റെ അധികാരവും വന്നിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാവും പകലും ദൈവത്തിന്‍റെ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ താഴേക്ക് എറിഞ്ഞുകളഞ്ഞുവല്ലോ. അവർ അവനെ കുഞ്ഞാടിൻ്റെ രക്തത്താലും അവരുടെ സാക്ഷ്യവചനത്താലും ജയിച്ചു; മരണത്തോളം അവരുടെ ജീവനെ അവർ സ്നേഹിച്ചതുമില്ല. ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരും ആയുള്ളോരേ, ആനന്ദിപ്പിൻ; എന്നാൽ, അല്പസമയം മാത്രമേ തനിക്കുള്ളൂ എന്നറിഞ്ഞ് പിശാച് മഹാകോപത്തോടെ നിങ്ങളുടെ അടുക്കലേക്ക് വന്നിരിക്കുന്നതുകൊണ്ട് ഭൂമിയിലും സമുദ്രത്തിലും വസിക്കുന്നവരേ, നിങ്ങൾക്ക് അയ്യോ കഷ്ടം.” തന്നെ ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു എന്നു സർപ്പം മനസ്സിലാക്കിയപ്പോൾ, അവൻ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്തുടർന്ന് ദ്രോഹിച്ചു. എന്നാൽ മഹാസർപ്പത്തിൻ്റെ പിടിയിൽപ്പെടാതെ ഒരുകാലവും കാലങ്ങളും അരക്കാലവും സംരക്ഷിക്കപ്പെടുവാൻ മരുഭൂമിയിൽ അവൾക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്ക് പറന്നുപോകേണ്ടതിന് കഴുകന്‍റെ വലിയ രണ്ടു ചിറകുകൾ അവൾക്ക് കൊടുത്തു. സർപ്പം സ്ത്രീയെ വെള്ളപ്പൊക്കത്താൽ ഒഴുക്കിക്കളയേണ്ടതിന് തന്‍റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു. എന്നാൽ ഭൂമി സ്ത്രീയെ സഹായിച്ചു; മഹാസർപ്പം തന്‍റെ വായിൽനിന്നു പുറപ്പെടുവിച്ച നദിയെ ഭൂമി വായ് തുറന്ന് വിഴുങ്ങിക്കളഞ്ഞു. അപ്പോൾ സർപ്പം സ്ത്രീയോട് കോപിക്കുകയും ദൈവകല്പന അനുസരിക്കുന്നവരും യേശുക്രിസ്തുവിന്‍റെ സാക്ഷ്യം ഉള്ളവരുമായ അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുകയും ചെയ്തു.
വെളിപ്പാട് 12:7-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു. അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു. തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി. അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു. സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽ നിന്നു നദിപോലെ വെള്ളം ചാടിച്ചു. എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസർപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു. മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.
വെളിപ്പാട് 12:7-17 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ സ്വർഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മീഖായേലും അദ്ദേഹത്തിന്റെ ദൂതന്മാരും മഹാവ്യാളിയോടു പൊരുതി. മഹാവ്യാളിയും അവന്റെ കിങ്കരന്മാരും എതിർത്തു പൊരുതി. എന്നാൽ അവന് മതിയായ ശക്തിയുണ്ടായിരുന്നില്ല; മഹാവ്യാളിയും അവന്റെ കിങ്കരന്മാരും സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ടു. ഭൂവാസികളെ മുഴുവൻ വഴിതെറ്റിക്കുന്നവനും പിശാച് എന്നും സാത്താൻ എന്നും പേരുള്ളവനുമായ പുരാതന സർപ്പമായ മഹാവ്യാളി താഴേക്കു ചുഴറ്റി എറിയപ്പെട്ടു. ഭൂമിയിലേക്കാണ് അവനെയും അവന്റെ കിങ്കരന്മാരെയും തള്ളിയിട്ടത്. ഉടൻതന്നെ ഞാൻ, സ്വർഗത്തിൽ ഒരു വലിയശബ്ദം ഇപ്രകാരം പറയുന്നതു കേട്ടു: “ഇപ്പോഴിതാ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും തന്റെ ക്രിസ്തുവിന്റെ രാജാധിപത്യവും വന്നിരിക്കുന്നു. നമ്മുടെ സഹോദരങ്ങളെക്കുറിച്ച് ദൈവസന്നിധിയിൽ രാപകൽ കുറ്റാരോപണം നടത്തുന്ന അപവാദി, താഴേക്കു ചുഴറ്റി എറിയപ്പെട്ടുവല്ലോ. അവർ കുഞ്ഞാടിന്റെ രക്തവും തങ്ങളുടെ സാക്ഷ്യവചനവും നിമിത്തം അവനെ ജയിച്ചു; അവസാനശ്വാസംവരെ അവർ തങ്ങളുടെ ജീവനെ സ്നേഹിച്ചതുമില്ല. അതുകൊണ്ട്, സ്വർഗവും സ്വർഗവാസികളുമായവരേ, ആനന്ദിക്കുക! എന്നാൽ ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം! തന്റെ സമയം ചുരുങ്ങിയിരിക്കുന്നു എന്നറിഞ്ഞുകൊണ്ട്, പിശാച് ഉഗ്രകോപത്തോടെ നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു.” ഭൂമിയിലേക്കു താൻ ചുഴറ്റി എറിയപ്പെട്ടു എന്നു മഹാവ്യാളി കണ്ടപ്പോൾ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്നെയും ഉപദ്രവിച്ചു. മരുഭൂമിയിൽ അവൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്ഥലത്തേക്കു പറന്നുപോകാനായി സ്ത്രീക്ക് വലിയ കഴുകന്റെ രണ്ട് ചിറകുകൾ ലഭിച്ചു. അവിടെ സർപ്പത്തിന്റെ സാന്നിധ്യത്തിൽനിന്ന് അകലെയായി കാലവും കാലങ്ങളും കാലാർധവും അവൾ സംരക്ഷിക്കപ്പെട്ടു. സ്ത്രീയെ ജലപ്രവാഹത്തിൽ ഒഴുക്കിക്കളയാൻ സർപ്പം തന്റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു. എന്നാൽ മഹാവ്യാളി തന്റെ വായിൽനിന്നു പുറപ്പെടുവിച്ച ജലപ്രവാഹത്തെ, ഭൂമി തന്റെ വായതുറന്ന് മുഴുവനും വിഴുങ്ങിക്കൊണ്ട് സ്ത്രീയെ സഹായിച്ചു. മഹാവ്യാളി സ്ത്രീയോടു ക്രുദ്ധിച്ച്, അവളുടെ സന്തതിയിൽ ശേഷമുള്ളവരും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ ജനങ്ങളോടു യുദ്ധംചെയ്യാൻ പുറപ്പെട്ടുപോയി. ആ മഹാവ്യാളി സമുദ്രതീരത്തെ മണലിന്മേൽ നിലയുറപ്പിച്ചു.