SAM 84
84
സർവേശ്വരന്റെ ആലയം
ഗായകസംഘനേതാവിന്; ഗഥ്യരാഗത്തിൽ, കോരഹ്പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1സർവശക്തനായ സർവേശ്വരാ,
തിരുനിവാസം എത്ര മനോഹരം!
2അവിടുത്തെ ആലയത്തിലേക്കു വരാൻ ഞാൻ എത്രമാത്രം അഭിവാഞ്ഛിക്കുന്നു.
ജീവിക്കുന്ന ദൈവത്തെ ഞാൻ സന്തോഷത്തോടെ,
സർവാത്മനാ പാടിപ്പുകഴ്ത്തുന്നു.
3എന്റെ രാജാവും ദൈവവുമായ സർവശക്തനായ സർവേശ്വരാ,
കുരുവി ഒരു കൂടും മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു വീടും
അവിടുത്തെ യാഗപീഠത്തിനരികിൽ കണ്ടെത്തുന്നുവല്ലോ.
4ഇടവിടാതെ അങ്ങയെ സ്തുതിച്ചുകൊണ്ട്,
അവിടുത്തെ ആലയത്തിൽ വസിക്കുന്നവർ എത്ര ധന്യർ!
5ശക്തി അങ്ങയിൽ ആയിരിക്കുന്നവർ അനുഗൃഹീതർ!
# 84:5 വിശുദ്ധമന്ദിരം സ്ഥാപിച്ചിരിക്കുന്ന പർവതം. സീയോനിലേക്കുള്ള രാജവീഥികൾ അവരുടെ ഹൃദയത്തിലുണ്ട്.
6ഉണങ്ങിവരണ്ട ബാക്കാതാഴ്വരയിലൂടെ കടന്നുപോകുമ്പോൾ,
അവർ അതിനെ നീരുറവുകളുടെ താഴ്വരയാക്കുന്നു.
# 84:6 ശരത്കാലത്തു പെയ്യുന്ന മഴ. മുന്മഴയാൽ അത് അനുഗ്രഹിക്കപ്പെടുന്നു.
7അവർ മേല്ക്കുമേൽ ശക്തി പ്രാപിക്കുന്നു.
അവർ സീയോനിൽ ദേവാധിദേവനെ ദർശിക്കുന്നു.
8സർവശക്തനായ ദൈവമേ, സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ.
യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളണമേ.
9ഞങ്ങളുടെ പരിചയായ ദൈവമേ,
അവിടുത്തെ അഭിഷിക്തനെ കടാക്ഷിക്കണമേ.
10അന്യസ്ഥലത്ത് ആയിരം ദിവസം ജീവിക്കുന്നതിനെക്കാൾ,
അവിടുത്തെ ആലയത്തിൽ ഒരു ദിവസം ജീവിക്കുന്നത് അഭികാമ്യം.
ദുഷ്ടന്മാരുടെ കൂടാരത്തിൽ പാർക്കുന്നതിനെക്കാൾ,
എന്റെ ദൈവത്തിന്റെ ആലയത്തിലെ വാതിൽകാവല്ക്കാരൻ ആകുന്നതാണ് എനിക്ക് ഇഷ്ടം.
11സർവേശ്വരനായ ദൈവം നമ്മുടെ പരിചയും സൂര്യനും ആകുന്നു.
അവിടുന്നു നമുക്കു കൃപയും മഹത്ത്വവും നല്കുന്നു.
പരമാർഥതയോടെ ജീവിക്കുന്നവർക്ക് അവിടുന്ന്
ഒരു നന്മയും നിഷേധിക്കുകയില്ല.
12സർവശക്തനായ സർവേശ്വരാ,
അങ്ങയിൽ ശരണം വയ്ക്കുന്നവർ എത്ര അനുഗൃഹീതർ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 84: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.