THUFINGTE 10

10
ശലോമോന്റെ സുഭാഷിതങ്ങൾ
1ഇവ ശലോമോന്റെ സുഭാഷിതങ്ങളാകുന്നു:
ജ്ഞാനിയായ പുത്രൻ പിതാവിനെ സന്തോഷിപ്പിക്കുന്നു;
എന്നാൽ ഭോഷനായ മകൻ അമ്മയ്‍ക്കു ദുഃഖം വരുത്തുന്നു.
2ദുഷ്ടതകൊണ്ടു നേടിയ ധനം പ്രയോജനപ്പെടുകയില്ല;
നീതിയാകട്ടെ മരണത്തിൽനിന്നു രക്ഷിക്കുന്നു.
3നീതിമാൻ വിശന്നു വലയാൻ സർവേശ്വരൻ അനുവദിക്കുകയില്ല;
എന്നാൽ ദുഷ്ടന്റെ മോഹം അവിടുന്നു നിഷ്ഫലമാക്കും.
4അലസൻ ദാരിദ്ര്യം വരുത്തും,
സ്ഥിരോത്സാഹിയോ സമ്പത്തുണ്ടാക്കുന്നു.
5കൊയ്ത്തുകാലത്തു ശേഖരിക്കുന്നവൻ വിവേകം ഉള്ളവനാകുന്നു;
അപ്പോൾ ഉറങ്ങുന്നവനോ അപമാനം വരും.
6നീതിമാന്റെമേൽ അനുഗ്രഹം വർഷിക്കപ്പെടും;
ദുഷ്ടന്റെ വാക്കുകൾ അക്രമം മൂടിവയ്‍ക്കുന്നു.
7നീതിമാനെ സ്മരിക്കുക അനുഗ്രഹമാണ്;
ദുഷ്ടനെക്കുറിച്ചുള്ള സ്മരണ കെട്ടുപോകും.
8വിവേകികൾ കല്പനകൾ കൈക്കൊള്ളുന്നു;
വിടുവായനായ ഭോഷൻ നാശം അടയും.
9സത്യത്തിൽ ചരിക്കുന്നവൻ സുരക്ഷിതനായിരിക്കും;
അപഥസഞ്ചാരി പിടികൂടപ്പെടും.
10സത്യത്തിനു നേരേ കണ്ണടയ്‍ക്കുന്നവൻ അനർഥം വരുത്തുന്നു;
ധൈര്യത്തോടെ ശാസിക്കുന്നവൻ സമാധാനം ഉണ്ടാക്കുന്നു.
11നീതിമാന്റെ വാക്കുകൾ ജീവന്റെ ഉറവയാകുന്നു;
ദുഷ്ടന്റെ വാക്കുകളോ അക്രമം മൂടിവയ്‍ക്കുന്നു.
12വിദ്വേഷം കലഹം ഇളക്കിവിടുന്നു;
സ്നേഹം സകല അപരാധങ്ങളും പൊറുക്കുന്നു.
13വിവേകി ജ്ഞാനത്തോടെ സംസാരിക്കുന്നു.
ഭോഷന്റെ മുതുകിന് അടിയാണ് ലഭിക്കുന്നത്.
14ജ്ഞാനികൾ വിജ്ഞാനം സംഭരിക്കുന്നു.
ഭോഷന്റെ ജല്പനം നാശം വരുത്തി വയ്‍ക്കുന്നു.
15സമ്പന്നനു ധനം ബലവത്തായ നഗരമാണ്;
ദാരിദ്ര്യം എളിയവരെ നശിപ്പിക്കുന്നു.
16നീതിമാന്റെ പ്രവൃത്തികൾ ജീവനിലേക്കും
ദുഷ്ടന്റെ ലാഭം അവനെ പാപത്തിലേക്കും നയിക്കുന്നു.
17പ്രബോധനം ശ്രദ്ധിക്കുന്നവൻ ജീവന്റെ പാതയിൽ ചരിക്കുന്നു.
ശാസനം പരിത്യജിക്കുന്നവനു വഴിതെറ്റുന്നു.
18വിദ്വേഷം മറച്ചുവയ്‍ക്കുന്നവൻ വഞ്ചകൻ,
അപവാദം പറയുന്നവൻ ഭോഷൻ.
19അതിഭാഷണം തെറ്റു വർധിപ്പിക്കുന്നു;
വാക്കുകൾ നിയന്ത്രിക്കുന്നവൻ വിവേകിയാകുന്നു.
20നീതിമാന്റെ വാക്കുകൾ മേൽത്തരമായ വെള്ളി;
ദുഷ്ടന്മാരുടെ വിചാരങ്ങൾ വിലകെട്ടത്.
21നീതിമാന്റെ വാക്കുകൾ പലർക്ക് ഗുണം ചെയ്യും;
ഭോഷന്മാരോ ബുദ്ധിശൂന്യതയാൽ മരിക്കും.
22സർവേശ്വരന്റെ അനുഗ്രഹം സമ്പത്തു വരുത്തുന്നു,
കഠിനാധ്വാനം അതിനോട് കൂടുതൽ ഒന്നും ചേർക്കുന്നില്ല.
23തെറ്റു ചെയ്യുന്നതു ഭോഷന് വിനോദം ആണ്;
വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു.
24ഏതൊന്നിനെ ഭയപ്പെടുന്നുവോ,
അതുതന്നെ ദുഷ്ടനു സംഭവിക്കും.
നീതിമാന്റെ ആഗ്രഹം സഫലമാകും.
25കൊടുങ്കാറ്റ് അടിക്കുമ്പോൾ ദുഷ്ടൻ ഇല്ലാതാകും,
എന്നാൽ നീതിമാൻ എന്നേക്കും നിലനില്‌ക്കും.
26അലസൻ തന്നെ നിയോഗിക്കുന്നവന്
പല്ലിന് വിനാഗിരിയും കണ്ണിനു പുകയും പോലെ അസ്വസ്ഥത ഉണ്ടാക്കും.
27ദൈവഭക്തി ആയുസ്സ് വർധിപ്പിക്കുന്നു.
ദുഷ്ടന്മാരുടെ ആയുസ്സ് ചുരുങ്ങിപ്പോകും.
28നീതിമാന്റെ പ്രത്യാശ സന്തോഷത്തിൽ കലാശിക്കുന്നു;
എന്നാൽ ദുഷ്ടന്മാരുടെ പ്രതീക്ഷ നിഷ്ഫലമാകും.
29നേരായ മാർഗത്തിൽ ചരിക്കുന്നവർക്ക് സർവേശ്വരൻ കോട്ട ആകുന്നു.
അധർമികൾക്കോ അവിടുന്നു വിനാശം വരുത്തുന്നു.
30നീതിമാൻ എന്നും അചഞ്ചലനായിരിക്കും;
ദുഷ്ടനോ ദേശത്തു നിലനില്‌ക്കുകയില്ല.
31നീതിമാൻ ജ്ഞാനം സംസാരിക്കുന്നു.
ദുർഭാഷിയോ ഛേദിക്കപ്പെടും.
32നീതിമാൻ ഹൃദ്യമായതു സംസാരിക്കുന്നു;
എന്നാൽ ദുഷ്ടനോ വക്രത പറയുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUFINGTE 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക