MARKA 1
1
സ്നാപകയോഹന്നാന്റെ പ്രസംഗം
(മത്താ. 3:1-12; ലൂക്കോ. 3:1-18; യോഹ. 1:19-28)
1ഇതു #1:1 ‘ദൈവപുത്രനായ’ എന്നു ചില കൈയെഴുത്തു പ്രതികളിൽ കാണുന്നില്ല.ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം. 2-3യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
‘നിനക്കുവേണ്ടി വഴി ഒരുക്കുന്നതിന്
എന്റെ ദൂതനെ നിനക്കു മുമ്പായി ഞാൻ അയയ്‍ക്കും.
കർത്താവിന്റെ വഴി ഒരുക്കുക;
അവിടുത്തെ പാത നേരേയാക്കുക.’
എന്നു മരുഭൂമിയിൽ ഒരു അരുളപ്പാടുണ്ടായി.
4അങ്ങനെ യോഹന്നാൻ മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ട് #1:4 ‘സ്നാപനം നടത്തുകയും’ എന്ന് എല്ലാ കൈയെഴുത്തു പ്രതികളിലും കാണുന്നില്ല. സ്നാപനം നടത്തുകയും
പ്രസംഗിക്കുകയും ചെയ്തു. “നിങ്ങളുടെ പാപത്തിൽനിന്നു പിന്തിരിഞ്ഞ് സ്നാപനം സ്വീകരിക്കുക; അപ്പോൾ ദൈവം നിങ്ങളുടെ പാപങ്ങൾക്കു മോചനം നല്‌കും” എന്ന് അദ്ദേഹം ജനത്തോടു പറഞ്ഞു. 5യെഹൂദ്യയിലും യെരൂശലേമിലുമുള്ള സർവജനങ്ങളും അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുവാൻ വന്നുകൂടി. അവർ തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞു; അദ്ദേഹം യോർദ്ദാൻ നദിയിൽ അവരെ സ്നാപനം ചെയ്തു.
6ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും തുകൽ ബെൽറ്റും യോഹന്നാൻ ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. 7യോഹന്നാൻ ഇപ്രകാരം പ്രഖ്യാപനം ചെയ്തു: “എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ബലമേറിയവനാണ്. കുനിഞ്ഞ് അവിടുത്തെ ചെരുപ്പ് അഴിക്കുവാൻപോലുമുള്ള യോഗ്യത എനിക്കില്ല. 8ഞാൻ ജലംകൊണ്ടു നിങ്ങളെ സ്നാപനം ചെയ്തിരിക്കുന്നു; അവിടുന്നാകട്ടെ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടു സ്നാപനം ചെയ്യും.”
സ്നാപനവും പരീക്ഷണങ്ങളും
(മത്താ. 3:13—4:11; ലൂക്കോ. 3:21-22; 4:1-13)
9അക്കാലത്ത് യേശു ഗലീലപ്രദേശത്തെ നസറെത്തിൽനിന്നു വന്ന് യോർദ്ദാൻനദിയിൽ യോഹന്നാനിൽനിന്നു സ്നാപനം സ്വീകരിച്ചു. 10വെള്ളത്തിൽനിന്നു കയറിയ ഉടനെ സ്വർഗം തുറക്കുന്നതും ആത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു. 11“നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ സംപ്രീതനായിരിക്കുന്നു” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയുമുണ്ടായി.
12ഉടനെതന്നെ ആത്മാവ് അവിടുത്തെ വിജനസ്ഥലത്തേക്കു നയിച്ചു. 13അവിടുന്ന് അവിടെ സാത്താനാൽ പരീക്ഷിക്കപ്പെട്ടുകൊണ്ട് നാല്പതു ദിവസം വന്യമൃഗങ്ങളോടുകൂടി കഴിച്ചുകൂട്ടി. മാലാഖമാർ വന്ന് അവിടുത്തെ പരിചരിച്ചുകൊണ്ടിരുന്നു.
ആദ്യശിഷ്യന്മാരെ വിളിക്കുന്നു
(മത്താ. 4:12-22; ലൂക്കോ. 4:14-15; 5:1-11)
14യോഹന്നാൻ കാരാഗൃഹത്തിലടയ്‍ക്കപ്പെട്ടശേഷം യേശു ഗലീലയിൽ ചെന്ന് ദൈവത്തിന്റെ സുവിശേഷം ഉദ്ഘോഷിച്ചു. 15“സമയം പൂർത്തിയായി; ദൈവരാജ്യം ഇതാ അടുത്തെത്തിക്കഴിഞ്ഞു! പാപത്തിൽനിന്നു പിന്തിരിഞ്ഞ് സുവിശേഷത്തിൽ വിശ്വസിക്കുക” എന്ന് അവിടുന്നു പറഞ്ഞു.
16ഗലീലത്തടാകത്തിന്റെ തീരത്തുകൂടി യേശു നടന്നു പോകുകയായിരുന്നു. ശിമോനും തന്റെ സഹോദരൻ അന്ത്രയാസും തടാകത്തിൽ വല വീശുന്നത് അവിടുന്ന് കണ്ടു; അവർ മീൻപിടിത്തക്കാരായിരുന്നു. 17യേശു അവരോട്: “എന്റെ കൂടെ വരിക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു. 18ഉടനെതന്നെ അവർ വലയും മറ്റും ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചു.
19അവിടെനിന്നു കുറെദൂരം മുന്നോട്ടു ചെന്നപ്പോൾ യാക്കോബും അയാളുടെ സഹോദരൻ യോഹന്നാനും വഞ്ചിയിലിരുന്നു വല നന്നാക്കുന്നതു കണ്ടു. സെബദിയുടെ പുത്രന്മാരായിരുന്നു അവർ. 20യേശു അവരെയും വിളിച്ചു. അവരുടെ പിതാവായ സെബദിയെ കൂലിക്കാരോടുകൂടി വഞ്ചിയിൽ വിട്ടിട്ട് അവർ യേശുവിനെ അനുഗമിച്ചു.
ദുഷ്ടാത്മാവു ബാധിച്ച മനുഷ്യൻ
(ലൂക്കോ. 4:31-37)
21പിന്നീട് അവർ കഫർന്നഹൂമിൽ പ്രവേശിച്ചു. ശബത്തിൽ യേശു സുനഗോഗിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നു. 22യേശുവിന്റെ ധർമോപദേശം കേട്ടു ജനങ്ങൾ വിസ്മയിച്ചു. യെഹൂദമതപണ്ഡിതന്മാരെപ്പോലെയല്ല അധികാരത്തോടുകൂടിയത്രേ അവിടുന്ന് പ്രബോധിപ്പിച്ചത്.
23-24ദുരാത്മാവ് ബാധിച്ച ഒരു മനുഷ്യൻ അവരുടെ സുനഗോഗിലുണ്ടായിരുന്നു. “നസറായനായ യേശുവേ, അങ്ങേക്കു ഞങ്ങളോട് എന്തു കാര്യം? ഞങ്ങളെ നശിപ്പിക്കുന്നതിനാണോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം; അങ്ങു ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്ന് അയാൾ ആക്രോശിച്ചു.
25“മിണ്ടരുത്, അവനെ വിട്ടു പോകൂ” എന്നു യേശു ദുരാത്മാവിനോട് ആജ്ഞാപിച്ചു.
26അപ്പോൾ അയാളെ കഠിനമായി ഉലച്ച് ഉച്ചത്തിൽ അലറിക്കൊണ്ട് ആ ദുരാത്മാവ് വിട്ടുപോയി. എല്ലാവരും ആശ്ചര്യപരതന്ത്രരായി. 27“ഇതെന്ത്? ഇത് ഒരു പുതിയ ഉപദേശമാണല്ലോ! ദുരാത്മാക്കളോടുപോലും ഇദ്ദേഹം ആജ്ഞാപിക്കുന്നു! അവ അനുസരിക്കുകയും ചെയ്യുന്നുവല്ലോ” എന്ന് അവർ അന്യോന്യം പറഞ്ഞു.
28അങ്ങനെ അവിടുത്തെക്കുറിച്ചുള്ള കീർത്തി ഗലീലനാട്ടിലെങ്ങും അതിവേഗം പരന്നു.
രോഗികളെ സുഖപ്പെടുത്തുന്നു
(മത്താ. 8:14-17; ലൂക്കോ. 4:38-41)
29സുനഗോഗിൽനിന്നു പുറപ്പെട്ട്, യാക്കോബിനോടും യോഹന്നാനോടുംകൂടി യേശു ശിമോന്റെയും അന്ത്രയാസിന്റെയും വീട്ടിൽ ചെന്നു. 30അപ്പോൾ ശിമോന്റെ ഭാര്യാമാതാവ് ജ്വരബാധിതയായി കിടപ്പിലായിരുന്നു. അവിടെ എത്തിയ ഉടനെ ആ രോഗിണിയെപ്പറ്റി അവർ യേശുവിനോടു പറഞ്ഞു. 31അവിടുന്ന് അടുത്തുചെന്ന് ആ സ്‍ത്രീയുടെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു. ഉടനെ ജ്വരം വിട്ടുമാറി. ആ സ്‍ത്രീ അവരെ പരിചരിക്കുകയും ചെയ്തു.
32സൂര്യാസ്തമയത്തോടുകൂടി ശബത്ത് അവസാനിച്ചപ്പോൾ, അവർ എല്ലാവിധ രോഗികളെയും ഭൂതബാധിതരെയും അവിടുത്തെ അടുക്കൽ കൊണ്ടുവന്നു. 33പട്ടണവാസികളെല്ലാവരും വാതില്‌ക്കൽ വന്നുകൂടി. 34വിവിധ വ്യാധികൾ ബാധിച്ച അനേകമാളുകളെ അവിടുന്നു സുഖപ്പെടുത്തി. അനേകം ഭൂതാവിഷ്ടരിൽനിന്ന് ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. അവിടുന്ന് ആരാണെന്നു ഭൂതങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട്, അവിടുന്ന് അവരെ സംസാരിക്കുവാൻ അനുവദിച്ചില്ല.
ഗലീലയിൽ പ്രസംഗിക്കുന്നു
(ലൂക്കോ. 4:42-44)
35അതിരാവിലെ ഇരുട്ടുള്ളപ്പോൾത്തന്നെ യേശു എഴുന്നേറ്റ് ഒരു വിജനസ്ഥലത്തുപോയി പ്രാർഥിച്ചു. 36ശിമോനും കൂടെയുണ്ടായിരുന്നവരും യേശുവിനെ അന്വേഷിച്ചു പുറപ്പെട്ടു. 37അവിടുത്തെ കണ്ടെത്തിയപ്പോൾ “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ പറഞ്ഞു.
38യേശു അവരോട്, “ചുറ്റുപാടുമുള്ള മറ്റു ഗ്രാമങ്ങളിലേക്കും നമുക്കു പോകണം. എനിക്ക് ആ പ്രദേശങ്ങളിലും പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു.
39അവരുടെ സുനഗോഗുകളിൽ പ്രസംഗിക്കുകയും ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ ഉടനീളം അവിടുന്നു സഞ്ചരിച്ചു.
കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു
(മത്താ. 8:1-4; ലൂക്കോ. 5:12-16)
40ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽ വന്നു മുട്ടുകുത്തി കേണപേക്ഷിച്ചു: “അങ്ങേക്കു മനസ്സുണ്ടെങ്കിൽ രോഗം നീക്കി എന്നെ ശുദ്ധീകരിക്കുവാൻ കഴിയും.”
41യേശു #1:41 ചില കൈയെഴുത്തു പ്രതികളിൽ ‘മനസ്സലിഞ്ഞു’ എന്നതിനുപകരം ‘കുപിതനായി’ എന്നാണ്. മനസ്സലിഞ്ഞ് കൈനീട്ടി അയാളെ തൊട്ടു; “എനിക്കു മനസ്സുണ്ട്; ശുദ്ധനാകുക” എന്നു പറഞ്ഞു. 42തൽക്ഷണം കുഷ്ഠരോഗം വിട്ടുമാറി അയാൾ ശുദ്ധനായിത്തീർന്നു. 43-44“നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാൽ നീ നേരെ പുരോഹിതന്റെ അടുക്കൽ ചെന്നു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക; രോഗവിമുക്തനായി എന്നുള്ളതിന്റെ സാക്ഷ്യത്തിനായി മോശ കല്പിച്ചിട്ടുള്ള വഴിപാട് അർപ്പിക്കുകയും ചെയ്യുക” എന്നു യേശു കർശനമായി ആജ്ഞാപിച്ചശേഷം അയാളെ പറഞ്ഞയച്ചു.
45എന്നാൽ ആ മനുഷ്യൻ അവിടെനിന്നു പോയ ഉടനെ, ഈ വാർത്ത എല്ലായിടത്തും പറഞ്ഞു പരത്തുവാൻ തുടങ്ങി. പരസ്യമായി പട്ടണത്തിൽ പ്രവേശിക്കുവാൻ യേശുവിനു നിവൃത്തിയില്ലാതെയായി; അതുകൊണ്ട് അവിടുന്നു വിജനസ്ഥലങ്ങളിൽ കഴിഞ്ഞുകൂടി. എങ്കിലും എല്ലാ ദിക്കുകളിൽനിന്നും ആളുകൾ അവിടുത്തെ അടുക്കൽ വന്നുകൊണ്ടിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
MARKA 1: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.