MARKA മുഖവുര
മുഖവുര
‘ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം’ എന്നു പറഞ്ഞുകൊണ്ടാണ് ഈ സുവിശേഷം ആരംഭിക്കുന്നത്. മർക്കോസിന്റെ സുവിശേഷം ഈ വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു. ദൈവസുതനായ ക്രിസ്തു ലോകത്തിൽ അവതീർണനായത് എന്തിനാണ് എന്ന് പിന്നീടു വ്യക്തമാക്കുന്നു. യേശുവിന്റെ പ്രബോധനങ്ങൾക്കല്ല, യേശു എന്തു ചെയ്തു എന്നതിനാണ് മർക്കോസ് ഊന്നൽ നല്‌കിയിരിക്കുന്നത്.
സ്നാപകയോഹന്നാന്റെ രംഗപ്രവേശം, യേശുവിന്റെ സ്നാപനം, പ്രലോഭനങ്ങൾ എന്നിവ വിവരിച്ചശേഷം മനുഷ്യർക്കു രോഗശാന്തി നല്‌കുന്ന ഒരു കർമയോഗിയായി യേശുവിനെ മർക്കോസ് ചിത്രീകരിച്ചിരിക്കുന്നു.
അധികാരത്തോടുകൂടി സംസാരിക്കുകയും മനുഷ്യരെ പീഡിപ്പിക്കുന്ന പൈശാചിക ശക്തികളെ ആട്ടിപ്പുറത്താക്കുകയും ചെയ്യുന്ന യേശു ദൈവപുത്രനാണെന്നു വെളിപ്പെടുത്തുന്നു. ദുഷ്ടശക്തികളുടെയും രോഗങ്ങളുടെയുംമേൽ മാത്രമല്ല യേശുവിന് അധികാരം; മനുഷ്യന്റെ പാപങ്ങൾ ക്ഷമിച്ച് അവനെ സ്വതന്ത്രനാക്കുവാനും അവിടുത്തേക്ക് അധികാരമുണ്ട് എന്നു മർക്കോസ് സമർഥിച്ചിരിക്കുന്നു.
യേശുവിന്റെ വ്യക്തിപ്രഭാവത്തെപ്പറ്റി അടുത്തറിഞ്ഞ ശിഷ്യഗണം അവിടുത്തെ പ്രവർത്തനങ്ങൾ നേരിൽകണ്ട് അവിടുന്ന് ദൈവപുത്രനാണെന്നുള്ള യാഥാർഥ്യം ഗ്രഹിച്ചു. എന്നാൽ ശത്രുക്കളുടെ പ്രതികാരാവേശം നീറിപ്പുകഞ്ഞുകൊണ്ടിരുന്നു. അവസാന അധ്യായങ്ങളിൽ യേശുവിന്റെ ജീവിതാന്ത്യത്തിൽ നേരിടേണ്ടിവന്ന പീഡാനുഭവങ്ങളും ക്രൂശുമരണവും ഉയിർത്തെഴുന്നേല്പും വിവരിച്ചിരിക്കുന്നു.
പ്രതിപാദ്യക്രമം
സുവിശേഷത്തിന്റെ പ്രാരംഭം 1:1-13
ഗലീലയിലെ പരസ്യശുശ്രൂഷ 1:14-9:50
ഗലീലയിൽനിന്ന് യെരൂശലേമിലേക്ക് 10:1-52
അവസാനത്തെ ആഴ്ച 11:1-15:47
യേശുവിന്റെ ഉയിർത്തെഴുന്നേല്പ് 16:1-8
ഉയിർത്തെഴുന്നേറ്റ കർത്താവു പ്രത്യക്ഷപ്പെടുന്നു 16:9-18
സ്വർഗാരോഹണം 16:19-20
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
MARKA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.