MATHAIA 3:7-17

MATHAIA 3:7-17 MALCLBSI

പരീശന്മാരും സദൂക്യരുമായ പലരും സ്നാപനം സ്വീകരിക്കുന്നതിനായി വരുന്നതു കണ്ടപ്പോൾ അദ്ദേഹം അവരോട്, “സർപ്പസന്തതികളേ, വരുവാനുള്ള ന്യായവിധിയിൽനിന്ന് ഓടിപ്പോകുവാൻ നിങ്ങൾക്കു ബുദ്ധിയുപദേശിച്ചുതന്നത് ആരാണ്?” എന്നു ചോദിച്ചു. അദ്ദേഹം തുടർന്നു പറഞ്ഞു: “അനുതപിച്ചു ദൈവത്തിലേക്കു തിരിയുന്നതിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക; ‘അബ്രഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ടല്ലോ’ എന്നു നിങ്ങൾ സ്വയം പറയുന്നതുകൊണ്ടു ഫലമില്ല; ഈ കല്ലുകളിൽനിന്ന് അബ്രഹാമിനുവേണ്ടി മക്കളെ ഉത്പാദിപ്പിക്കുവാൻ ദൈവത്തിനു കഴിയുമെന്നു ഞാൻ നിങ്ങളോടു പറയുന്നു; ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വച്ചിരിക്കുന്നു; നല്ലഫലം നല്‌കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിടും. ജലംകൊണ്ടു ഞാൻ നടത്തുന്ന സ്നാപനം നിങ്ങൾ അനുതപിച്ചു ദൈവത്തിലേക്കു തിരിയുന്നു എന്നു സൂചിപ്പിക്കുന്നു. എന്നാൽ എന്റെ പിന്നാലെ വരുന്നവൻ നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുന്ന് എന്നെക്കാൾ ശക്തനാണ്. അവിടുത്തെ ചെരുപ്പു ചുമക്കുവാൻപോലും ഞാൻ യോഗ്യനല്ല. പതിർ വീശിക്കളയാനുള്ള മുറം അവിടുത്തെ കൈയിലുണ്ട്. അവിടുന്നു മെതിക്കളം വൃത്തിയാക്കുകയും കോതമ്പു കളപ്പുരയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. പതിരാകട്ടെ കെടാത്ത തീയിലിട്ടു ചുട്ടുകളയും. പിന്നീടു യോഹന്നാനിൽനിന്നു സ്നാപനം ഏല്‌ക്കുന്നതിനായി യേശു ഗലീലയിൽനിന്നു യോർദ്ദാനിൽ അദ്ദേഹത്തിന്റെ അടുക്കലെത്തി. യോഹന്നാനാകട്ടെ “അങ്ങയിൽനിന്നു ഞാനാണു സ്നാപനം സ്വീകരിക്കേണ്ടത്; എന്നിട്ടും അങ്ങ് എന്റെ അടുക്കൽ വരികയാണോ?” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ വിലക്കി. അതിനു മറുപടിയായി, “ഇപ്പോൾ ഇതു നടക്കട്ടെ. ഇങ്ങനെ സകല ധർമവും പൂർത്തീകരിക്കപ്പെടുന്നത് ഉചിതമാണല്ലോ” എന്നു യേശു പറഞ്ഞു. അപ്പോൾ യോഹന്നാൻ സമ്മതിച്ചു. സ്നാപനമേറ്റശേഷം യേശു വെള്ളത്തിൽനിന്നു കയറിയപ്പോൾ സ്വർഗം തുറന്നു; ദൈവാത്മാവു തന്റെമേൽ ഒരു പ്രാവിനെപ്പോലെ ഇറങ്ങി വരുന്നതായി അദ്ദേഹം കണ്ടു. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ഒരശരീരിയും കേട്ടു.

MATHAIA 3 വായിക്കുക