മത്തായി 3:7-17
മത്തായി 3:7-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തന്റെ സ്നാനത്തിനായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞത്: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്ക് ഉപദേശിച്ചുതന്നത് ആർ? മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ട് ഉണ്ട് എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുത്; ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളൂ; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. വീശുമുറം അവന്റെ കൈയിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവയ്ക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽനിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്ക് ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോട്: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്ക് ഉചിതം എന്ന് ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗംതുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നത് അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി.
മത്തായി 3:7-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരീശന്മാരും സദൂക്യരുമായ പലരും സ്നാപനം സ്വീകരിക്കുന്നതിനായി വരുന്നതു കണ്ടപ്പോൾ അദ്ദേഹം അവരോട്, “സർപ്പസന്തതികളേ, വരുവാനുള്ള ന്യായവിധിയിൽനിന്ന് ഓടിപ്പോകുവാൻ നിങ്ങൾക്കു ബുദ്ധിയുപദേശിച്ചുതന്നത് ആരാണ്?” എന്നു ചോദിച്ചു. അദ്ദേഹം തുടർന്നു പറഞ്ഞു: “അനുതപിച്ചു ദൈവത്തിലേക്കു തിരിയുന്നതിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക; ‘അബ്രഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ടല്ലോ’ എന്നു നിങ്ങൾ സ്വയം പറയുന്നതുകൊണ്ടു ഫലമില്ല; ഈ കല്ലുകളിൽനിന്ന് അബ്രഹാമിനുവേണ്ടി മക്കളെ ഉത്പാദിപ്പിക്കുവാൻ ദൈവത്തിനു കഴിയുമെന്നു ഞാൻ നിങ്ങളോടു പറയുന്നു; ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വച്ചിരിക്കുന്നു; നല്ലഫലം നല്‌കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിടും. ജലംകൊണ്ടു ഞാൻ നടത്തുന്ന സ്നാപനം നിങ്ങൾ അനുതപിച്ചു ദൈവത്തിലേക്കു തിരിയുന്നു എന്നു സൂചിപ്പിക്കുന്നു. എന്നാൽ എന്റെ പിന്നാലെ വരുന്നവൻ നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുന്ന് എന്നെക്കാൾ ശക്തനാണ്. അവിടുത്തെ ചെരുപ്പു ചുമക്കുവാൻപോലും ഞാൻ യോഗ്യനല്ല. പതിർ വീശിക്കളയാനുള്ള മുറം അവിടുത്തെ കൈയിലുണ്ട്. അവിടുന്നു മെതിക്കളം വൃത്തിയാക്കുകയും കോതമ്പു കളപ്പുരയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. പതിരാകട്ടെ കെടാത്ത തീയിലിട്ടു ചുട്ടുകളയും. പിന്നീടു യോഹന്നാനിൽനിന്നു സ്നാപനം ഏല്‌ക്കുന്നതിനായി യേശു ഗലീലയിൽനിന്നു യോർദ്ദാനിൽ അദ്ദേഹത്തിന്റെ അടുക്കലെത്തി. യോഹന്നാനാകട്ടെ “അങ്ങയിൽനിന്നു ഞാനാണു സ്നാപനം സ്വീകരിക്കേണ്ടത്; എന്നിട്ടും അങ്ങ് എന്റെ അടുക്കൽ വരികയാണോ?” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ വിലക്കി. അതിനു മറുപടിയായി, “ഇപ്പോൾ ഇതു നടക്കട്ടെ. ഇങ്ങനെ സകല ധർമവും പൂർത്തീകരിക്കപ്പെടുന്നത് ഉചിതമാണല്ലോ” എന്നു യേശു പറഞ്ഞു. അപ്പോൾ യോഹന്നാൻ സമ്മതിച്ചു. സ്നാപനമേറ്റശേഷം യേശു വെള്ളത്തിൽനിന്നു കയറിയപ്പോൾ സ്വർഗം തുറന്നു; ദൈവാത്മാവു തന്റെമേൽ ഒരു പ്രാവിനെപ്പോലെ ഇറങ്ങി വരുന്നതായി അദ്ദേഹം കണ്ടു. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ഒരശരീരിയും കേട്ടു.
മത്തായി 3:7-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സ്നാനമേൽക്കുന്നതിനായി പരീശരിലും സദൂക്യരിലും ഉള്ള പലരും തന്‍റെ അരികിൽ വരുന്നത് കണ്ടപ്പോൾ യോഹന്നാൻ അവരോട് പറഞ്ഞത്, ‘‘സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്ക് മുന്നറിയിപ്പ് തന്നതു ആർ?” ‘‘മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായുണ്ട് എന്നു നിങ്ങളുടെ ഇടയിൽ പറയുവാൻ ചിന്തിക്കരുത്; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന് മക്കളെ ഉളവാക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്‍റെ പിന്നാലെ വരുന്നവനോ എന്നേക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. പാറ്റുവാൻ ഉപയോഗിക്കുന്ന വീശൂമുറം അവന്‍റെ കയ്യിൽ ഉണ്ട്; അവൻ മെതിക്കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയിൽ കൂട്ടിവയ്ക്കുകയും പതിർ ഒരിക്കലും കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.” അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ നദിയിൽ അവന്‍റെ അടുക്കൽ വന്നു. യോഹന്നാൻ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്ക് ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു പ്രത്യുത്തരമായി യോഹന്നാൻ സ്നാപകനോട്: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിയ്ക്കുന്നത് നമുക്കു ഉചിതം എന്നു പറഞ്ഞു; ഉടനെ യോഹന്നാൻ യേശുവിനെ അനുവദിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്ന് കയറി; അപ്പോൾ സ്വർഗ്ഗം അവനായി തുറന്നു ദൈവാത്മാവ് പ്രാവെന്നതുപോലെ ഇറങ്ങുന്നതും തന്‍റെമേൽ പ്രകടമാകുന്നതും അവൻ കണ്ടു; ശ്രദ്ധിക്കുക, ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
മത്തായി 3:7-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ? മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
മത്തായി 3:7-17 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, പരീശന്മാരും സദൂക്യരുമായ അനേകർ അദ്ദേഹം സ്നാനം കഴിപ്പിക്കുന്ന ഇടത്തേക്കു വരുന്നതുകണ്ടിട്ട് അവരോട്, “അണലിക്കുഞ്ഞുങ്ങളേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്?” എന്നു വിളിച്ചുപറഞ്ഞു. “മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും. ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും. “ഞാൻ നിങ്ങൾക്കു നൽകുന്ന ജലസ്നാനം നിങ്ങൾ മാനസാന്തരപ്പെട്ടു എന്നതിന്റെ പ്രതീകമാണ്. എന്നാൽ, എന്നെക്കാൾ ശക്തനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും. വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച്, ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.” ഈ സമയത്ത് യോഹന്നാനാൽ സ്നാനം സ്വീകരിക്കുന്നതിന് യേശു ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയിലേക്ക് വന്നു. എന്നാൽ, യോഹന്നാൻ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, “അങ്ങയിൽനിന്ന് സ്നാനം സ്വീകരിക്കുക എന്നതാണ് എന്റെ അഭിലാഷം, എന്നിട്ടും അങ്ങ് എന്റെ അടുത്തേക്കാണല്ലോ വരുന്നത്?” അതിന് യേശു, “ഇപ്പോൾ ഇതിന് സമ്മതിക്കുക; ഇങ്ങനെ സർവനീതിയും നാം പൂർത്തീകരിക്കുന്നത് ഉചിതമാണല്ലോ” എന്നു പ്രതിവചിച്ചു; അപ്പോൾ യോഹന്നാൻ സമ്മതിച്ചു. യേശു സ്നാനമേറ്റ് വെള്ളത്തിൽനിന്ന് കയറി; ആ നിമിഷത്തിൽത്തന്നെ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ പറന്നിറങ്ങുന്നത് അദ്ദേഹം കണ്ടു. “ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.