LUKA 1

1
അഭിവന്ദ്യനായ തെയോഫിലോസിന്
1നമ്മുടെ ഇടയിൽ നടന്നിട്ടുള്ള സംഭവങ്ങൾ രേഖപ്പെടുത്തുവാൻ പലരും പരിശ്രമിച്ചിട്ടുണ്ട്. 2ആദിമുതല്‌ക്കേ ദൃക്സാക്ഷികളായ സുവിശേഷപ്രചാരകർ നമുക്കു പറഞ്ഞുതന്നിട്ടുള്ള വിവരങ്ങളാണ് അവർ രേഖപ്പെടുത്തിയിട്ടുള്ളത്. 3പ്രസ്തുത സംഭവങ്ങളെല്ലാം ആരംഭംമുതൽ ഞാൻ ശ്രദ്ധാപൂർവം പഠിച്ചുകഴിഞ്ഞിരിക്കുന്നു. അവ യഥാക്രമം താങ്കൾക്ക് എഴുതുന്നതു നല്ലതാണെന്ന് എനിക്കും തോന്നി. 4അതുകൊണ്ടു താങ്കളെ പ്രബോധിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ സത്യാവസ്ഥ പൂർണമായി ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഞാൻ ഇതെഴുതുന്നു.
സ്നാപകയോഹന്നാന്റെ ജനനത്തെപ്പറ്റിയുള്ള അറിയിപ്പ്
5യെഹൂദ്യയിലെ രാജാവായ ഹേരോദായുടെ ഭരണകാലത്തു സഖറിയാ എന്നൊരു പുരോഹിതനുണ്ടായിരുന്നു. അബിയാ എന്ന പുരോഹിതവിഭാഗത്തിൽപെട്ടവനായിരുന്നു സഖറിയാ. അദ്ദേഹത്തിന്റെ ഭാര്യ എലിസബെത്തും പുരോഹിതനായ അഹരോന്റെ വംശജയായിരുന്നു. 6അവരിരുവരും ദൈവമുമ്പാകെ നീതിനിഷ്ഠരായി, ദൈവത്തിന്റെ എല്ലാ കല്പനകളും അനുശാസനങ്ങളും അനുസരിച്ചു കുറ്റമറ്റവരായി ജീവിച്ചിരുന്നു. 7എങ്കിലും എലിസബെത്തു വന്ധ്യ ആയിരുന്നതിനാൽ അവർക്കു സന്താനസൗഭാഗ്യം ലഭിച്ചിരുന്നില്ല. അവരിരുവരും വയോവൃദ്ധരുമായിരുന്നു.
8ഒരിക്കൽ സഖറിയാ ഉൾപ്പെട്ട പുരോഹിത വിഭാഗത്തിനു ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നതിനുള്ള തവണ വന്നു. 9അന്നത്തെ പൗരോഹിത്യാചാരപ്രകാരം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു ധൂപം അർപ്പിക്കുന്നതിനുള്ള ആളിനെ നറുക്കിട്ടു തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. അങ്ങനെ ധൂപാർപ്പണത്തിനായി സഖറിയാ തിരഞ്ഞെടുക്കപ്പെട്ടു. 10തദനുസരണം ഒരു ദിവസം അദ്ദേഹം ദൈവ സന്നിധിയിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. ജനങ്ങൾ എല്ലാവരും അപ്പോൾ വിശുദ്ധസ്ഥലത്തിനു പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു.
11തത്സമയം ദൈവദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു പ്രത്യക്ഷനായി. 12സഖറിയാ പരിഭ്രമിച്ചു ഭയപരവശനായിത്തീർന്നു. 13അപ്പോൾ മാലാഖ അദ്ദേഹത്തോടു പറഞ്ഞു: “സഖറിയായേ, ഭയപ്പെടേണ്ടാ; ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബെത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാൻ എന്നു പേരിടണം. 14നിനക്ക് ആനന്ദവും ആഹ്ലാദവും ഉണ്ടാകും. അവന്റെ ജനനത്തിൽ അനവധി ആളുകൾ സന്തോഷിക്കും. 15എന്തുകൊണ്ടെന്നാൽ കർത്താവിന്റെ ദൃഷ്‍ടിയിൽ അവൻ ശ്രേഷ്ഠനായിരിക്കും. അവൻ വീഞ്ഞോ ലഹരിയുള്ള ഏതെങ്കിലും പാനീയമോ കുടിക്കുകയില്ല. അമ്മയുടെ ഗർഭത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവുകൊണ്ടു നിറയും. 16ഇസ്രായേൽജനത്തിൽ പലരെയും ദൈവമായ കർത്താവിന്റെ അടുക്കലേക്ക് അവൻ തിരിച്ചുകൊണ്ടുവരും. 17അവൻ പിതാക്കന്മാരെയും മക്കളെയും തമ്മിൽ രഞ്ജിപ്പിക്കും; അനുസരണമില്ലാത്തവരെ നീതിനിഷ്ഠയ്‍ക്കു വിധേയരാക്കും; അങ്ങനെ ദൈവത്തിനുവേണ്ടി ഒരു ജനതയെ ഒരുക്കുന്നതിന് അവൻ കർത്താവിന്റെ മുന്നോടിയായി ഏലിയാപ്രവാചകന്റെ വീറോടും ശക്തിയോടുംകൂടി പ്രവർത്തിക്കും.”
18അപ്പോൾ സഖറിയാ ദൂതനോടു പറഞ്ഞു: “ഞാൻ ഇതെങ്ങനെ ഗ്രഹിക്കും? ഞാനൊരു വൃദ്ധനാണല്ലോ; എന്റെ ഭാര്യയും അങ്ങനെതന്നെ.”
19ദൂതൻ പ്രതിവചിച്ചു: “ഞാൻ ദൈവസന്നിധിയിൽ നില്‌ക്കുന്ന ഗബ്രിയേലാണ്. ഈ സദ്‍വാർത്ത നിന്നെ അറിയിക്കുന്നതിനു ദൈവം എന്നെ അയച്ചിരിക്കുന്നു. 20എന്റെ വാക്കുകൾ യഥാകാലം സത്യമാകും. എന്നാൽ നീ ആ വാക്കുകൾ വിശ്വസിക്കാഞ്ഞതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നതുവരെ നീ മൂകനായിരിക്കും.”
21ജനങ്ങൾ സഖറിയായെ കാത്തിരിക്കുകയായിരുന്നു. വിശുദ്ധസ്ഥലത്തുനിന്ന് അദ്ദേഹം മടങ്ങിവരുവാൻ ഇത്രയും വൈകുന്നത് എന്തുകൊണ്ടായിരിക്കും എന്നോർത്ത് അവർ ആശ്ചര്യപ്പെട്ടു. 22അദ്ദേഹം പുറത്തുവന്നപ്പോൾ അവരോട് ഒന്നും സംസാരിക്കുവാൻ കഴിഞ്ഞില്ല. ദേവാലയത്തിൽവച്ച് അദ്ദേഹത്തിന് ഒരു ദിവ്യദർശനം ഉണ്ടായെന്ന് അവർ മനസ്സിലാക്കി. അദ്ദേഹം ആംഗ്യംകാട്ടി ഊമനായി കഴിഞ്ഞു. 23തന്റെ ശുശ്രൂഷാകാലം കഴിഞ്ഞപ്പോൾ അദ്ദേഹം സ്വഭവനത്തിലേക്കു പോയി.
24അനന്തരം സഖറിയായുടെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു. അവർ പറഞ്ഞു: “ദൈവം എന്നെ കടാക്ഷിച്ചിരിക്കുന്നു. 25മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം അവിടുന്നു നീക്കിയിരിക്കുന്നു.” അഞ്ചുമാസം അന്യരുടെ ദൃഷ്‍ടിയിൽപ്പെടാതെ എലിസബെത്ത് കഴിച്ചുകൂട്ടി.
യേശുവിന്റെ ജനനത്തെപ്പറ്റി അറിയിക്കുന്നു
26-27എലിസബെത്ത് ഗർഭവതിയായതിന്റെ ആറാം മാസത്തിൽ ഗലീലയിലെ ഒരു പട്ടണമായ നസറെത്തിൽ ദാവീദുരാജാവിന്റെ വംശജനായ യോസേഫിനു വിവാഹം നിശ്ചയിച്ചിരുന്ന മറിയം എന്ന കന്യകയുടെ അടുക്കൽ ദൈവം ഗബ്രിയേലിനെ അയച്ചു. 28ദൈവദൂതൻ മറിയമിനെ സമീപിച്ച് : “ദൈവത്തിന്റെ പ്രസാദവരം ലഭിച്ചവളേ, നിനക്കു വന്ദനം! ദൈവം നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
29ഇതു കേട്ടപ്പോൾ മറിയം വല്ലാതെ സംഭ്രമിച്ചു. “ഇതെന്തൊരഭിവാദനം!” എന്നു മനസ്സിൽ വിചാരിച്ചു. 30അപ്പോൾ മാലാഖ മറിയമിനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ദൈവം നിന്നിൽ പ്രസാദിച്ചിരിക്കുന്നു. നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; 31അവന് യേശു എന്നു പേരിടണം. 32അവൻ വലിയവനായിരിക്കും; മഹോന്നതനായ ദൈവത്തിന്റെ പുത്രനെന്നു വിളിക്കപ്പെടുകയും ചെയ്യും; അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം സർവേശ്വരൻ അവനു നല്‌കും. 33അവൻ എന്നെന്നേക്കും ഇസ്രായേൽജനതയുടെ രാജാവായി വാഴും. അവന്റെ രാജത്വം അനന്തവുമായിരിക്കും.”
34മറിയം മാലാഖയോടു ചോദിച്ചു: “പുരുഷസംഗമം കൂടാതെ ഇതെങ്ങനെ സംഭവിക്കും?”
35മാലാഖ പ്രതിവചിച്ചു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. അതുകൊണ്ടു നിന്നിൽ ജനിക്കുന്ന വിശുദ്ധശിശു ദൈവത്തിന്റെ പുത്രൻ എന്നു വിളിക്കപ്പെടും. 36ഇതാ, നിന്റെ ചാർച്ചക്കാരിയായ എലിസബെത്ത് വാർധക്യത്തിൽ ഒരു പുത്രനെ ഗർഭംധരിച്ചിരിക്കുന്നു. വന്ധ്യ എന്നു പറഞ്ഞുവന്ന എലിസബെത്തിന് ഇത് ആറാം മാസമത്രേ. 37ദൈവത്തിന് അസാധ്യമായിട്ട് ഒന്നുംതന്നെ ഇല്ലല്ലോ.”
38അപ്പോൾ മറിയം: “ഇതാ ഞാൻ കർത്താവിന്റെ ദാസി; അങ്ങു പറഞ്ഞതുപോലെ എനിക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അതിനുശേഷം ദൂതൻ അവിടെനിന്നു പോയി.
മറിയം എലിസബെത്തിനെ സന്ദർശിക്കുന്നു
39ആയിടയ്‍ക്കു മറിയം സഖറിയായുടെ വീട്ടിലേക്കു ബദ്ധപ്പെട്ടു ചെന്നു. യെഹൂദ്യയിലെ മലനാട്ടിലുള്ള ഒരു പട്ടണത്തിലായിരുന്നു ആ ഭവനം. 40മറിയം അവിടെയെത്തി എലിസബെത്തിനെ അഭിവാദനം ചെയ്തു. 41മറിയമിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബെത്തിന്റെ ഗർഭത്തിലുള്ള ശിശു ഇളകിത്തുള്ളി. 42എലിസബെത്തു പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ ഇപ്രകാരം ഉദ്ഘോഷിച്ചു: “സ്‍ത്രീകളിൽ നീ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതുതന്നെ. 43എന്റെ കർത്താവിന്റെ മാതാവ് എന്റെ ഭവനത്തിൽ വരുവാനുള്ള ബഹുമതിക്ക് എങ്ങനെ ഞാൻ യോഗ്യയായി! 44നിന്റെ അഭിവാദനസ്വരം എന്റെ കാതുകളിൽ പതിഞ്ഞപ്പോൾ എന്റെ ഗർഭത്തിലുള്ള ശിശു ആനന്ദംകൊണ്ട് ഇളകിത്തുള്ളി. 45ദൈവത്തിൽ നിന്നുള്ള അരുളപ്പാടു സംഭവിക്കുമെന്നു വിശ്വസിച്ചവൾ അനുഗൃഹീതതന്നെ.”
മറിയമിന്റെ സ്തോത്രഗാനം
46ഇതു കേട്ടപ്പോൾ മറിയം ഇപ്രകാരം പാടി:
“എന്റെ ഹൃദയം കർത്താവിനെ പ്രകീർത്തിക്കുന്നു;
47എന്റെ രക്ഷകനായ ദൈവത്തിൽ എന്റെ ആത്മാവ് ആനന്ദിക്കുന്നു.
48ഈ വിനീതദാസിയെ അവിടുന്നു തൃക്കൺപാർത്തിരിക്കുന്നു!
ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49സർവശക്തനായ ദൈവം എനിക്കു വൻകാര്യം ചെയ്തിരിക്കുന്നു;
അവിടുത്തെ നാമം പരിശുദ്ധമാകുന്നു.
50ദൈവത്തെ ഭയപ്പെടുന്നവരുടെമേൽ തലമുറതലമുറയായി
അവിടുത്തെ കാരുണ്യം നിരന്തരം ചൊരിയുന്നു.
51അവിടുത്തെ കരബലം അവിടുന്നു പ്രകടമാക്കി
അന്തരംഗത്തിൽ അഹങ്കരിച്ചിരുന്നവരെ അവിടുന്നു ചിതറിച്ചിരിക്കുന്നു.
52പ്രബലന്മാരെ അവരുടെ സിംഹാസനങ്ങളിൽനിന്നു നിഷ്കാസനം ചെയ്തു;
വിനീതരെ ഉയർത്തിയിരിക്കുന്നു.
53വിശന്നു വലയുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു സംതൃപ്തരാക്കി
ധനവാന്മാരെ വെറുംവയറോടെ പറഞ്ഞയച്ചു.
54അബ്രഹാമിനെയും അദ്ദേഹത്തിന്റെ സന്താനപരമ്പരകളെയും അനുഗ്രഹിക്കുമെന്നു
പൂർവപിതാക്കന്മാരോടു ചെയ്ത വാഗ്ദാനപ്രകാരം
55ഇസ്രായേൽജനതയെ കരുണയോടെ കടാക്ഷിച്ചു.”
56മറിയം ഏകദേശം മൂന്നു മാസക്കാലം എലിസബെത്തിന്റെകൂടെ പാർത്തശേഷം സ്വഭവനത്തിലേക്കു തിരിച്ചുപോയി.
സ്നാപകയോഹന്നാന്റെ ജനനം
57എലിസബെത്ത് യഥാകാലം ഒരു പുത്രനെ പ്രസവിച്ചു. 58കർത്താവു കാണിച്ച കാരുണ്യാതിരേകത്തെപ്പറ്റി കേട്ട് അവരുടെ അയൽക്കാരും ബന്ധുജനങ്ങളും അവരോടൊപ്പം സന്തോഷിച്ചു.
59എട്ടാം ദിവസം ശിശുവിന്റെ പരിച്ഛേദനകർമത്തിനായി എല്ലാവരും വന്നുകൂടി. ആ കുട്ടിക്ക് പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്നു നാമകരണം ചെയ്യാൻ അവർ ഭാവിച്ചു. 60എന്നാൽ അവന്റെ അമ്മ പറഞ്ഞു: “അങ്ങനെയല്ല, അവന്റെ പേരു യോഹന്നാൻ എന്നായിരിക്കണം.” 61അപ്പോൾ വന്നുകൂടിയവർ: “നിന്റെ ബന്ധുക്കൾക്ക് ആർക്കും ആ പേരില്ലല്ലോ” എന്നു പറഞ്ഞു. 62പിന്നീട് കുട്ടിക്ക് എന്താണു പേരിടേണ്ടത് എന്ന് അവന്റെ പിതാവിനോട് ആംഗ്യംകാട്ടി ചോദിച്ചു.
63അപ്പോൾ അദ്ദേഹം ഒരു എഴുത്തുപലക കൊണ്ടുവരാനാവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ എന്നാണ്” എന്ന് അദ്ദേഹം അതിലെഴുതി. അപ്പോൾ എല്ലാവർക്കും അത്യധികം ആശ്ചര്യമുണ്ടായി. 64തൽക്ഷണം സഖറിയായുടെ അധരങ്ങൾ തുറന്നു; നാവിന്റെ ബന്ധനം നീങ്ങുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്തുതിച്ചുകൊണ്ടു സംസാരിക്കുവാൻ തുടങ്ങി. 65അയൽവാസികളെല്ലാവരും സംഭീതരായി. യെഹൂദ്യയിലെ മലനാട്ടിലെങ്ങും ഈ വാർത്ത പ്രസിദ്ധമായി. 66കേട്ടവരെല്ലാം ഈ കുട്ടി ആരായിത്തീരുമെന്നു ചിന്തിക്കുകയും പറയുകയും ചെയ്തു. കാരണം സർവേശ്വരന്റെ ശക്തിപ്രഭാവം ആ ശിശുവിൽ പ്രത്യക്ഷമായിരുന്നു.
സഖറിയായുടെ പ്രവചനം
67യോഹന്നാന്റെ പിതാവായ സഖറിയാ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു:
68“ഇസ്രായേലിന്റെ ദൈവമായ കർത്താവു വാഴ്ത്തപ്പെട്ടവൻ:
അവിടുന്നു തന്റെ ജനത്തെ സന്ദർശിക്കുകയും
അവരെ സ്വതന്ത്രരാക്കുകയും ചെയ്തിരിക്കുന്നു.
69-75ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ
അവിടുന്ന് അരുൾചെയ്തപ്രകാരം
നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ ദ്വേഷിക്കുന്ന
എല്ലാവരുടെയും കൈകളിൽനിന്നും നമ്മെ രക്ഷിക്കുവാൻ
തന്റെ ദാസനായ ദാവീദിന്റെ വംശത്തിൽ
നിന്നു ശക്തനായ ഒരു രക്ഷകനെ
അവിടുന്നു നമുക്കു നല്‌കിയിരിക്കുന്നു.
നമ്മുടെ പൂർവപിതാക്കന്മാരോടു ചെയ്ത വാഗ്ദാനമനുസരിച്ച്
അവിടുന്നു തന്റെ ദാസരായ ഇസ്രായേൽജനതയെ
കാരുണ്യപൂർവം ഓർത്ത് അവരെ സഹായിച്ചിരിക്കുന്നു.
അബ്രഹാമിനോടും തന്റെ സന്താന പരമ്പരകളോടും
കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു.
നമ്മുടെ ആയുഷ്കാലം മുഴുവനും
നീതിയോടും വിശുദ്ധിയോടുംകൂടി
നിർഭയം തിരുമുമ്പിൽ ആരാധിക്കുന്നതിനു വേണ്ടി
ശത്രുക്കളുടെ കരങ്ങളിൽനിന്നു നമ്മെ രക്ഷിക്കുവാൻ കൃപയരുളുമെന്ന്
നമ്മുടെ പിതാവായ അബ്രഹാമിനോട് ദൈവം ചെയ്ത പ്രതിജ്ഞയെയും
വിശുദ്ധഉടമ്പടിയെയും അനുസ്മരിച്ചു കൊണ്ട്
അവിടുന്നു തന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു.
76കുഞ്ഞേ, നീ മഹോന്നതനായ ദൈവത്തിന്റെ പ്രവാചകനെന്നു വിളിക്കപ്പെടും;
77എന്തുകൊണ്ടെന്നാൽ കർത്താവിനു വഴിയൊരുക്കുന്നതിനും,
78കരുണാർദ്രനായ നമ്മുടെ ദൈവത്തിൽ നിന്നു ലഭിക്കുന്ന
പാപവിമോചനംകൊണ്ടു കൈവരുന്ന രക്ഷയെക്കുറിച്ചുള്ള അറിവ്
അവിടുത്തെ ജനത്തിനു നല്‌കുന്നതിനുമായി,
നീ അവിടുത്തെ മുന്നോടിയായി പോകും.
79കൂരിരുട്ടിലും മരണത്തിന്റെ കരിനിഴലിലും ഇരിക്കുന്നവർക്കു
പ്രകാശം പകരുന്നതിനും സമാധാനത്തിന്റെ മാർഗത്തിൽ
നമ്മുടെ പാദങ്ങൾ നയിക്കുന്നതിനും
ഉന്നതത്തിൽനിന്ന് ഉഷസ്സ് നമ്മുടെമേൽ ഉദയംചെയ്യും.”
80ശിശു വളർന്നു; ആത്മീയ ചൈതന്യവും പുഷ്‍ടിയും പ്രാപിച്ച് ഇസ്രായേൽജനങ്ങളുടെ മുമ്പിൽ സ്വയം പ്രത്യക്ഷനാകുന്നതുവരെ വിജനപ്രദേശത്തു വസിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

LUKA 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക