ṬAH HLA 1

1
യെരൂശലേമിന്റെ ദുഃഖം
1ജനനിബിഡമായിരുന്ന നഗരി ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു!
ജനതകളിൽ മഹതിയായിരുന്നവൾ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു!
നഗരികളുടെ രാജ്ഞിയായിരുന്നവൾ ഇന്നിതാ അടിമയായിത്തീർന്നിരിക്കുന്നു.
2രാത്രിയിൽ അതിദുഃഖത്തോടെ അവൾ കരയുന്നു;
അവളുടെ കവിൾത്തടത്തിലൂടെ കണ്ണീർ ഒഴുകുന്നു.
അവളുടെ സ്നേഹഭാജനങ്ങളിൽ ആരും അവളെ ആശ്വസിപ്പിക്കാനില്ല;
അവളുടെ സ്നേഹിതന്മാരെല്ലാം വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു.
അവർ അവളുടെ ശത്രുക്കളായിത്തീർന്നിരിക്കുന്നു.
3യെഹൂദാ നിവാസികൾ ദുരിതത്തിനും ക്രൂരമായ അടിമത്തത്തിനും അധീനരായി പ്രവാസത്തിലേക്കു നയിക്കപ്പെട്ടു.
വിജാതീയരുടെ ഇടയിൽ വിശ്രമിക്കാൻ സ്വന്തമായി ഇടമില്ലാതെ അവൾ കഴിയുന്നു.
അവളെ പിന്തുടരുന്നവർ അവളുടെ കൊടിയ ദുഃഖത്തിന്റെ നടുവിൽ അവളെ പീഡിപ്പിക്കുന്നു.
4ഉത്സവത്തിന് ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ കേഴുന്നു;
അവളുടെ കവാടങ്ങളെല്ലാം ശൂന്യമായിരിക്കുന്നു.
പുരോഹിതന്മാർ നെടുവീർപ്പിടുന്നു;
അവളുടെ കന്യകമാർ പീഡിപ്പിക്കപ്പെടുന്നു; അവൾ മഹാദുരിതത്തിലായിരിക്കുന്നു.
5അവളുടെ എണ്ണമറ്റ അകൃത്യങ്ങൾക്കു സർവേശ്വരൻ അവളെ ശിക്ഷിച്ചിരിക്കുന്നു.
അവളുടെ മക്കളെ ശത്രുക്കൾ അടിമകളായി കൊണ്ടുപോയിരിക്കുന്നു.
ശത്രുക്കൾ അവളുടെ അധിപന്മാരും വൈരികൾ സമ്പന്നരുമായി തീർന്നിരിക്കുന്നു.
6യെരൂശലേമിന്റെ സകല പ്രൗഢിയും അസ്തമിച്ചു,
മേച്ചിൽസ്ഥലം കണ്ടെത്താതെ വലയുന്ന മാനുകളെപ്പോലെ ആയിരിക്കുന്നു അവളുടെ പ്രഭുക്കന്മാർ.
തങ്ങളെ പിന്തുടരുന്നവരുടെ മുമ്പിൽ അവർ ശക്തി ക്ഷയിച്ചവരായി ഓടുന്നു.
7കഷ്ടതയുടെയും കൊടുംയാതനയുടെയും ദിനങ്ങളിൽ യെരൂശലേം എല്ലാ പുരാതന മഹിമകളെയും ഓർക്കുന്നു.
അവളുടെ ജനം ശത്രുക്കളുടെ കൈയിൽ അകപ്പെട്ടപ്പോൾ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല;
അവളുടെ പതനം കണ്ടു ശത്രുക്കൾ പരിഹസിച്ചു.
8യെരൂശലേം ഗുരുതരമായ പാപം ചെയ്തു മലിനയായി തീർന്നിരിക്കുന്നു.
അവളെ ബഹുമാനിച്ചിരുന്നവർ അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു.
അവൾ അതിദുഃഖത്തോടെ മുഖം തിരിക്കുന്നു.
9അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ തെളിഞ്ഞു കാണുന്നു.
അവളുടെ വിനാശത്തെക്കുറിച്ച് അവൾ ഓർത്തതുമില്ല.
അവളുടെ പതനം ഭയാനകമായി.
അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല.
സർവേശ്വരനോട് അവൾ കരുണയ്‍ക്കായി യാചിക്കുന്നു.
ശത്രു വിജയിച്ചിരിക്കുന്നുവല്ലോ.
10അവളുടെ അമൂല്യസമ്പത്തെല്ലാം ശത്രു കൈവശപ്പെടുത്തിയിരിക്കുന്നു.
വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുതെന്ന് അവിടുന്നു വിലക്കിയിരുന്ന ജനതകൾ അവിടെ പ്രവേശിക്കുന്നത് അവൾ കണ്ടിരിക്കുന്നു.
11അവളുടെ ജനങ്ങൾ നെടുവീർപ്പോടെ ആഹാരത്തിനുവേണ്ടി അലയുന്നു.
ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനു വേണ്ടി അവർ അമൂല്യവസ്തുക്കൾ വിൽക്കുന്നു;
സർവേശ്വരാ, തൃക്കൺ പാർത്താലും ഞാൻ നിന്ദിതയായിരിക്കുന്നുവല്ലോ എന്ന് യെരൂശലേം നിലവിളിക്കുന്നു.
12കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്കു നിസ്സാരമെന്നോ?
സർവേശ്വരൻ അവിടുത്തെ ഉഗ്രരോഷത്താൽ എനിക്കു വരുത്തിയ വ്യഥപോലെ ഒന്നു വേറെ ഉണ്ടോ?
13അവിടുന്ന് ഉയരത്തിൽനിന്ന് അഗ്നി വർഷിച്ചു; അത് എന്റെ അസ്ഥികളെ ഉരുക്കി.
അവിടുന്ന് എന്റെ കാലിനു വലവച്ചു;
അവിടുന്ന് എന്നെ നിലംപതിപ്പിച്ചു.
അവിടുന്ന് എന്നെ പരിത്യജിച്ചു നിരന്തര വേദനയിലാക്കുകയും ചെയ്തിരിക്കുന്നു.
14അവിടുന്ന് എന്റെ അകൃത്യങ്ങൾ ചേർത്തുകെട്ടി,
നുകമാക്കി എന്റെ ചുമലിൽ വച്ചു.
സർവേശ്വരൻ എന്റെ ശക്തി ക്ഷയിപ്പിച്ചു. എനിക്ക് എതിർത്തു നില്‌ക്കാൻ കഴിയാത്തവരുടെ കൈയിൽ എന്നെ ഏല്പിച്ചു.
15ബലശാലികളായ എന്റെ എല്ലാ യോദ്ധാക്കളെയും സർവേശ്വരൻ നിന്ദിച്ചു പുറന്തള്ളി.
എന്റെ യുവാക്കളെ തകർക്കാൻ ഒരു സൈന്യത്തെ വിളിച്ചു വരുത്തി.
എന്റെ ജനത്തെ അവിടുന്നു മുന്തിരിച്ചക്കിലിട്ടു ഞെരിച്ചുകളഞ്ഞു.
16ഇതു നിമിത്തം ഞാൻ കരയുന്നു;
എന്റെ കണ്ണുകളിൽനിന്നു കണ്ണുനീർ കവിഞ്ഞൊഴുകുന്നു;
എന്നെ ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും ആരുമില്ല.
ശത്രു ജയിച്ചിരിക്കുകയാൽ എന്റെ മക്കൾ അഗതികളായിരിക്കുന്നു.
17സീയോൻ കൈ നീട്ടുന്നു;
അവളെ സഹായിക്കാൻ ആരുമില്ല;
അവളുടെ ചുറ്റും ശത്രുക്കളായ അയൽക്കാരെ സർവേശ്വരൻ നിയോഗിച്ചിരിക്കുന്നു.
അവരുടെ മധ്യത്തിൽ യെരൂശലേം മലിനയായിത്തീർന്നിരിക്കുന്നു.
18സർവേശ്വരൻ നീതിമാനാകുന്നു.
എന്നിട്ടും അവിടുത്തെ വചനം ഞാൻ ധിക്കരിച്ചു.
ജനതകളേ, ശ്രദ്ധിക്കുക! എന്റെ കഷ്ടത കാണുക!
എന്റെ യുവതീയുവാക്കൾ പ്രവാസികളായി തീർന്നിരിക്കുന്നു.
19ഞാൻ സ്നേഹിച്ചിരുന്നവരെ ഞാൻ വിളിച്ചു; എന്നാൽ അവർ എന്നെ ചതിച്ചു;
എന്റെ പുരോഹിതന്മാരും ജനപ്രമാണികളും ജീവൻ നിലനിർത്താൻ ആഹാരം തേടി നടക്കുമ്പോൾ നഗരത്തിൽവച്ചു മരണമടഞ്ഞു.
20സർവേശ്വരാ, എന്റെ ദുരിതം കാണണമേ! എന്റെ അന്തരംഗം കലങ്ങിമറിയുന്നു.
എന്റെ ഹൃദയം വേദനകൊണ്ടു പുളയുന്നു. ഞാൻ വളരെ ധിക്കാരം കാട്ടിയല്ലോ.
തെരുവീഥിയിൽ കൊല നടക്കുന്നു;
വീട്ടിനുള്ളിലും മരണം തന്നെ.
21എന്റെ നെടുവീർപ്പു കേൾക്കണമേ!
എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല.
അവിടുന്ന് എനിക്കു വരുത്തിയ അനർഥങ്ങൾ കണ്ട് എന്റെ ശത്രുക്കൾ സന്തോഷിക്കുന്നു.
അങ്ങു പ്രഖ്യാപനം ചെയ്ത ദിവസം വരുത്തണമേ.
അവരും എന്നെപ്പോലെയാകട്ടെ.
22അവരുടെ എല്ലാ ദുഷ്ടതയും തിരുമുമ്പിൽ വ്യക്തമാകട്ടെ.
എന്റെ അകൃത്യങ്ങൾ നിമിത്തം അങ്ങ് എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ;
ഞാൻ വളരെ നെടുവീർപ്പിടുന്നു.
എന്റെ ഹൃദയം തളർന്നിരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ṬAH HLA 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക