JOSUA 7

7
ആഖാന്റെ പാപം
1സർവേശ്വരനുവേണ്ടി മാറ്റിവച്ച വസ്തുക്കളിൽ ചിലത് യെഹൂദാഗോത്രത്തിലെ കർമ്മിയുടെ മകനായ ആഖാൻ എടുത്തു. അങ്ങനെ ഇസ്രായേൽജനം സർവേശ്വരന്റെ കല്പന ലംഘിച്ചു. കർമ്മി സബ്ദിയുടെ പുത്രനും സേരഹിന്റെ പൗത്രനും ആയിരുന്നു; തന്മൂലം ഇസ്രായേൽജനത്തിന്റെമേൽ സർവേശ്വരന്റെ കോപം ജ്വലിച്ചു.
2ബേഥേലിനു കിഴക്ക് ബേഥാവെന്റെ സമീപമുള്ള ഹായിപട്ടണത്തിലേക്ക് യെരീഹോവിൽനിന്ന് ആളുകളെ അയച്ചുകൊണ്ട് യോശുവ പറഞ്ഞു: “നിങ്ങൾ പോയി ഹായിപട്ടണം രഹസ്യമായി നിരീക്ഷിച്ചു വരിക.” അവർ അപ്രകാരം ചെയ്തു; 3അവർ തിരികെവന്നു യോശുവയോടു പറഞ്ഞു: “ഹായി ആക്രമിക്കാൻ രണ്ടായിരമോ മൂവായിരമോ ആളുകൾ മതിയാകും. എല്ലാവരും പോയി ബുദ്ധിമുട്ടേണ്ടതില്ല. അവിടെ കുറച്ചുപേർ മാത്രമേയുള്ളൂ.” 4അങ്ങനെ ഇസ്രായേൽജനത്തിൽ ഏകദേശം മൂവായിരം പേർ അവിടേക്കു പോയി; അവരാകട്ടെ ഹായിനിവാസികളുടെ മുമ്പിൽ തോറ്റോടി. 5പട്ടണവാതിൽമുതൽ ശെബാരീംവരെ അവർ അവരെ പിന്തുടർന്നു. മലഞ്ചരുവിൽ വച്ച് അവരിൽ മുപ്പത്താറു പേരെ ഹായിനിവാസികൾ വധിച്ചു; ഇസ്രായേല്യരുടെ ധൈര്യം ക്ഷയിച്ചു. 6അവർ ഭയചകിതരായി. യോശുവയും ജനനേതാക്കളും വസ്ത്രം കീറി, തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് സർവേശ്വരന്റെ പെട്ടകത്തിനു മുമ്പിൽ സന്ധ്യവരെ സാഷ്ടാംഗം വീണുകിടന്നു. 7യോശുവ പറഞ്ഞു: “ദൈവമായ സർവേശ്വരാ, അമോര്യരുടെ കൈയാൽ നശിക്കുന്നതിന് എന്തിനു ഞങ്ങളെ യോർദ്ദാനിക്കരെ കൂട്ടിക്കൊണ്ടുവന്നു? ഞങ്ങൾ യോർദ്ദാനക്കരെ പാർത്താൽ മതിയായിരുന്നല്ലോ! 8സർവേശ്വരാ, ഇസ്രായേല്യർ ശത്രുക്കളോടു പരാജയപ്പെട്ടു പിന്തിരിഞ്ഞ ശേഷം ഞാൻ എന്തു പറയേണ്ടൂ! 9കനാന്യരും തദ്ദേശവാസികളായ ജനതകളും ഈ വാർത്ത കേൾക്കുമ്പോൾ ഞങ്ങളെ വളയും. ഞങ്ങളുടെ നാമം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടും. അപ്പോൾ അവിടുത്തെ നാമം നിലനിർത്താൻ അവിടുന്ന് എന്തു ചെയ്യും? 10സർവേശ്വരൻ യോശുവയോടു പറഞ്ഞു: “എഴുന്നേല്‌ക്കുക! നീ എന്തിനു വീണുകിടക്കുന്നു? 11ഇസ്രായേൽ പാപം ചെയ്തു. അർപ്പിതവസ്തുക്കളിൽ ചിലത് എടുക്കയാൽ അവർ എന്റെ കല്പന ലംഘിച്ചു. അവർ മോഷ്‍ടിച്ച വകകൾ തങ്ങൾക്കുള്ള വകകളോടു ചേർത്തുവച്ച ശേഷം വ്യാജം പറഞ്ഞു. 12അതുകൊണ്ട് ഇസ്രായേൽജനത്തിനു ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ കഴികയില്ല. അവർ നാശത്തിനു വിധിക്കപ്പെട്ടിരിക്കകൊണ്ട് ശത്രുക്കളുടെ മുമ്പിൽനിന്നു പിന്തിരിഞ്ഞ് ഓടേണ്ടിവന്നു. അവർ മോഷ്‍ടിച്ച അർപ്പിതവസ്തുക്കൾ നിങ്ങളുടെ ഇടയിൽനിന്നു നീക്കാതെയിരുന്നാൽ ഞാൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല; 13നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ നീ അവരോടു പറയണം. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ‘സർവേശ്വരന് അർപ്പിതമായ വസ്തുക്കൾ നിങ്ങളുടെ ഇടയിൽനിന്നു നീക്കുന്നതുവരെ ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ നിങ്ങൾക്കു കഴികയില്ല;’ 14അതുകൊണ്ടു നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരണം. അവിടുന്നു നിർദ്ദേശിക്കുന്ന ഗോത്രം കുലം കുലമായി അടുത്തു വരണം; സർവേശ്വരൻ നിർദ്ദേശിക്കുന്ന കുലം കുടുംബം കുടുംബമായി അടുത്തുവരണം. അവിടുന്നു നിർദ്ദേശിക്കുന്ന കുടുംബത്തിലുള്ളവർ ഓരോരുത്തരായി അടുത്തുവരണം. 15അർപ്പിതവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും ദഹിപ്പിച്ചുകളയണം; ഇസ്രായേലിൽ മ്ലേച്ഛമായ പ്രവൃത്തിയാണ് അവൻ ചെയ്തത്. സർവേശ്വരന്റെ ഉടമ്പടി അവൻ ലംഘിച്ചുവല്ലോ.”
16യോശുവ അടുത്ത പ്രഭാതത്തിൽ ഇസ്രായേൽജനത്തെ ഗോത്രക്രമം അനുസരിച്ചു വരുത്തി. അവയിൽ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി. അവയിൽ സർഹ്യകുലത്തെ മാറ്റിനിർത്തി; 17സർഹ്യകുലത്തെ കുടുംബം കുടുംബമായി വരുത്തി. അവയിൽ സബ്ദി കുടുംബത്തെ നീക്കിനിർത്തി. 18സബ്ദികുടുംബത്തെ ആളാംപ്രതി വരുത്തി; സബ്ദിയുടെ പൗത്രനും കർമ്മിയുടെ പുത്രനുമായ ആഖാൻ പിടിക്കപ്പെട്ടു. 19യോശുവ ആഖാനോടു പറഞ്ഞു: “എന്റെ മകനേ! ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുക. നീ എന്തു ചെയ്തു എന്ന് എന്നോടു പറയുക; ഒന്നും മറച്ചുവയ്‍ക്കരുത്.” 20ആഖാൻ യോശുവയോട് പറഞ്ഞു: “ഇതു സത്യമാണ്; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനോടു ഞാൻ പാപം ചെയ്തു; ഞാൻ ചെയ്തതു ഇതാണ്. 21നാം പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തിൽ ശിനാറിൽനിന്നുള്ള മനോഹരമായ ഒരു മേലങ്കിയും ഇരുനൂറ് ശേക്കെൽ വെള്ളിയും അമ്പത് ശേക്കെൽ തൂക്കമുള്ള ഒരു സ്വർണക്കട്ടിയും കണ്ടു; അവയെ ഞാൻ മോഹിച്ചു; ഞാൻ അവ എടുത്ത് എന്റെ കൂടാരത്തിനുള്ളിൽ വെള്ളി അടിയിലാക്കി കുഴിച്ചിടുകയും ചെയ്തു.” 22യോശുവ അയച്ച ദൂതന്മാർ കൂടാരത്തിലേക്ക് ഓടി; അവർ ഒളിച്ചുവച്ചിരിക്കുന്ന വസ്തുക്കൾ കണ്ടു; ഏറ്റവും അടിയിൽ വെള്ളി ആയിരുന്നു. 23അവർ കൂടാരത്തിൽനിന്ന് അതെടുത്ത് യോശുവയുടെയും ഇസ്രായേൽജനത്തിന്റെയും അടുക്കൽ കൊണ്ടുവന്നു. സർവേശ്വരന്റെ സന്നിധിയിൽ അവ നിരത്തിവച്ചു; 24അപ്പോൾ യോശുവയും സകല ഇസ്രായേൽജനവും ചേർന്ന് ആഖാനെയും അവന്റെ പുത്രീപുത്രന്മാരെയും വെള്ളി, മേലങ്കി, സ്വർണക്കട്ടി എന്നീ അർപ്പിതവസ്തുക്കളോടും കാള, കഴുത, ആട്, കൂടാരം എന്നിവയോടും കൂടി ആഖോർ താഴ്‌വരയിലേക്കു കൊണ്ടുപോയി. 25യോശുവ അവനോട് പറഞ്ഞു: “നീ എന്തിനാണു ഞങ്ങളുടെമേൽ കഷ്ടതകൾ വരുത്തിവച്ചത്? സർവേശ്വരൻ ഇന്ന് നിന്റെമേലും കഷ്ടതകൾ വരുത്തും. പിന്നീട് ഇസ്രായേൽജനം അവനെ കല്ലെറിഞ്ഞു. അവനെയും കുടുംബാംഗങ്ങളെയും അവർ കല്ലെറിയുകയും പിന്നീട് അവരെ ദഹിപ്പിക്കുകയും ചെയ്തു; 26അവർ അവന്റെമേൽ ഒരു വലിയ കൽക്കൂമ്പാരം ഉണ്ടാക്കി; അത് ഇന്നും അവിടെയുണ്ട്. സർവേശ്വരന്റെ ഉഗ്രരോഷം ശമിച്ചു. ഇന്നും അവിടം ആഖോർ താഴ്‌വര എന്ന പേരിൽ അറിയപ്പെടുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOSUA 7: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക