JOSUA 8
8
ഹായി പിടിച്ചടക്കുന്നു
1സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “നിങ്ങൾ ഭയപ്പെടരുത്; പരിഭ്രമിക്കുകയും അരുത്. സൈന്യവുമായി ഹായിയിലേക്കു പോകുക. അവിടത്തെ രാജാവിനോടൊപ്പം ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ ഞാൻ ഏല്പിച്ചിരിക്കുന്നു. 2യെരീഹോവിനോടും അവിടത്തെ രാജാവിനോടും നീ ചെയ്തതുപോലെതന്നെ ഹായിയോടും അവിടത്തെ രാജാവിനോടും ചെയ്യണം. എന്നാൽ അവിടെനിന്നു പിടിച്ചെടുക്കുന്ന സാധനങ്ങളും കന്നുകാലികളും ഇത്തവണ നിങ്ങൾക്ക് എടുക്കാം. പട്ടണത്തെ ആക്രമിക്കാൻ അതിന്റെ പിൻഭാഗത്തു നിങ്ങൾ പതിയിരിക്കണം.” 3യോശുവയും സൈനികരും ഹായിയിലേക്കു പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരം പേരെ യോശുവ തിരഞ്ഞെടുത്ത് രാത്രിയിൽത്തന്നെ അയച്ചു. 4അവരോട് യോശുവ ഇങ്ങനെ കല്പിച്ചു: “നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കണം. പട്ടണത്തിൽനിന്നു വളരെ ദൂരം പോകരുത്; യുദ്ധം ചെയ്യുന്നതിന് ഒരുങ്ങിയിരിക്കണം. 5ഞാനും എന്റെ കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും; ഹായിനിവാസികൾ ഞങ്ങളെ നേരിടുമ്പോൾ മുൻപത്തെപ്പോലെ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു പിന്തിരിഞ്ഞോടും. 6അങ്ങനെ പട്ടണത്തിൽനിന്നു വിദൂരമായ സ്ഥലത്ത് ആകുന്നതുവരെ അവർ ഞങ്ങളെ പിന്തുടരും. മുമ്പെന്നപോലെ നാം അവരുടെ മുമ്പിൽനിന്നു പരാജിതരായി ഓടിപ്പോകുകയാണെന്ന് അവർ പറയും. 7അപ്പോൾ ഒളിവിടങ്ങളിൽനിന്നു പുറത്തുവന്നു നിങ്ങൾ പട്ടണം പിടിച്ചെടുക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അതു നിങ്ങളുടെ കരങ്ങളിൽ ഏല്പിച്ചുതരും. 8പട്ടണം പിടിച്ചെടുത്തതിനുശേഷം അവിടുന്ന് കല്പിച്ചതുപോലെ അതിനെ അഗ്നിക്ക് ഇരയാക്കണം എന്ന് ഞാൻ നിങ്ങളോടു കല്പിക്കുന്നു.” 9യോശുവ അവരെ പറഞ്ഞയച്ചു. അവർ പോയി ഹായിക്കു പടിഞ്ഞാറ്, ബേഥേലിനും ഹായിക്കും മധ്യേ പതിയിരുന്നു. യോശുവ ആ രാത്രിയിൽ ജനത്തിന്റെ കൂടെ പാർത്തു. 10യോശുവ അതിരാവിലെ എഴുന്നേറ്റു സൈനികരെയെല്ലാം വിളിച്ചുകൂട്ടി. പിന്നീട് അദ്ദേഹവും ഇസ്രായേൽനേതാക്കന്മാരും ചേർന്ന് അവരെ ഹായിയിലേക്കു നയിച്ചു. 11അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സൈനികർ നഗരവാതില്‌ക്കൽ എത്തി ഹായിക്കു വടക്കു പാളയമടിച്ചു. അവർ പാളയമടിച്ച സ്ഥലത്തിനും ഹായിക്കും മധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. 12യോശുവ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ഹായിക്കും ബേഥേലിനും മധ്യേ പട്ടണത്തിന്റെ പടിഞ്ഞാറു വശത്തു പതിയിരുത്തി. 13പ്രധാന സൈന്യവ്യൂഹത്തെ പട്ടണത്തിനു വടക്കും ശേഷിച്ച സൈനികരെ പട്ടണത്തിനു പടിഞ്ഞാറുമായി യുദ്ധത്തിന് ഒരുക്കിനിർത്തി. ആ രാത്രിയിൽ യോശുവ താഴ്‌വരയിൽ പാർത്തു. 14ഹായിയിലെ രാജാവ് അവരെ കണ്ടപ്പോൾ പെട്ടെന്ന് സൈന്യസമേതം ഇസ്രായേൽജനത്തോടു യുദ്ധം ചെയ്യാൻ അരാബായിലേക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു ശത്രുസൈന്യം പതിയിരിക്കുന്ന വിവരം രാജാവ് അറിഞ്ഞില്ല. 15യോശുവയും ഇസ്രായേൽജനവും തോറ്റോടുന്നു എന്ന ഭാവേന മരുഭൂമിയിലേക്ക് ഓടി. 16അവരെ പിന്തുടരാനായി രാജാവ് പട്ടണവാസികളെയെല്ലാം വിളിച്ചുകൂട്ടി. അവർ യോശുവയെ പിന്തുടർന്ന് പട്ടണത്തിൽനിന്നു വിദൂരത്തെത്തി. 17ഇസ്രായേൽജനത്തെ പിന്തുടരാത്തവരായി ഹായിയിലും ബേഥേലിലും ആരും ഉണ്ടായിരുന്നില്ല. നഗരവാതിൽ തുറന്നിട്ടശേഷമായിരുന്നു ഇസ്രായേൽജനത്തെ അവർ പിന്തുടർന്നത്. 18സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “നിന്റെ കൈയിലിരിക്കുന്ന കുന്തം ഹായിക്കു നേരെ ചൂണ്ടുക. ആ പട്ടണം ഞാൻ നിന്റെ കരങ്ങളിൽ ഏല്പിക്കും.” 19യോശുവ അങ്ങനെ ചെയ്തു. തൽക്ഷണം പതിയിരുന്നവർ ഒളിവിടങ്ങളിൽനിന്ന് എഴുന്നേറ്റു പട്ടണത്തിനുള്ളിലേക്കു പാഞ്ഞുചെന്ന് അതു പിടിച്ചടക്കി. ഉടൻതന്നെ അവർ പട്ടണത്തിനു തീ വച്ചു. 20ഹായിനിവാസികൾ തിരിഞ്ഞുനോക്കിയപ്പോൾ പട്ടണത്തിൽനിന്നു പുക ആകാശത്തേക്ക് ഉയരുന്നതു കണ്ടു. അവർക്ക് രക്ഷപെടാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല. മരുഭൂമിയിലേക്ക് ഓടിപ്പോയ ഇസ്രായേൽജനം തിരിഞ്ഞ് അവരെ ആക്രമിക്കാൻ തുടങ്ങി. 21പതിയിരുന്നവർ പട്ടണം പിടിച്ചടക്കിയതും പട്ടണത്തിൽനിന്നു പുക ആകാശത്തിലേക്കു പൊങ്ങുന്നതും കണ്ടപ്പോൾ യോശുവയും ഇസ്രായേൽജനവും തിരിഞ്ഞുനിന്ന് ഹായി നിവാസികളെ സംഹരിച്ചു. 22പട്ടണത്തിൽ കടന്ന ഇസ്രായേൽജനവും യുദ്ധരംഗത്തു വന്നു; അങ്ങനെ ഹായിനിവാസികൾ ഇസ്രായേൽജനത്തിന്റെ മധ്യത്തിലായി. അവരിൽ ഒരാൾപോലും ശേഷിക്കയോ രക്ഷപെടുകയോ ചെയ്യാത്തവിധം ഇസ്രായേല്യർ അവരെ സംഹരിച്ചു. 23എന്നാൽ ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു. 24മരുഭൂമിയിൽ തങ്ങളെ പിന്തുടർന്നെത്തിയ ഹായിനിവാസികളെ ഒന്നൊഴിയാതെ ഇസ്രായേല്യർ കൊന്നൊടുക്കി. അതിനുശേഷം ഇസ്രായേല്യർ ഹായിയിൽ കടന്നു. ശേഷിച്ചവരെയും വാളിന് ഇരയാക്കി. 25ഹായിപട്ടണത്തിൽ പുരുഷന്മാരും സ്‍ത്രീകളുമടക്കം അന്നു സംഹരിക്കപ്പെട്ടവർ പന്തീരായിരം ആയിരുന്നു. 26ഹായിനിവാസികളെയെല്ലാം നശിപ്പിച്ചു തീരുന്നതുവരെ കുന്തം നീട്ടിയിരുന്ന കൈ യോശുവ പിൻവലിച്ചില്ല. 27സർവേശ്വരൻ യോശുവയോടു കല്പിച്ചിരുന്നതുപോലെ പട്ടണത്തിൽനിന്നു പിടിച്ചെടുത്ത സാധനങ്ങളും കന്നുകാലികളും അവർ സ്വന്തമാക്കി. 28യോശുവ ഹായിപട്ടണം ചുട്ടുചാമ്പലാക്കി; അത് ഒരു മണൽക്കൂമ്പാരമായി ഇന്നും അവശേഷിക്കുന്നു. 29അദ്ദേഹം ഹായിരാജാവിനെ ഒരു മരത്തിൽ തൂക്കി; ശവശരീരം സായാഹ്നംവരെ മരത്തിൽ കിടന്നു; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതില്‌ക്കൽ വയ്‍ക്കുകയും അതിന്മേൽ ഒരു വലിയ കൽകൂമ്പാരം ഉയർത്തുകയും ചെയ്തു. അത് ഇന്നും അവിടെയുണ്ട്.
ധർമശാസ്ത്രം വായിക്കുന്നു
30യോശുവ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന് ഏബാൽമലയിൽ ഒരു യാഗപീഠം നിർമ്മിച്ചു. 31കർത്താവിന്റെ ദാസനായ മോശ ഇസ്രായേൽജനത്തോടു കല്പിച്ചതുപോലെയും മോശയുടെ ധർമശാസ്ത്രഗ്രന്ഥത്തിൽ എഴുതിയിരുന്നതുപോലെയും ചെത്തിമിനുക്കാത്ത കല്ലുകൾ കൊണ്ടുള്ളതും ഇരുമ്പു സ്പർശിക്കാത്തതുമായിരുന്നു അത്. അവർ അതിൽ സർവേശ്വരനു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 32മോശ എഴുതിയ ധർമശാസ്ത്രത്തിന്റെ ഒരു പകർപ്പ് ഇസ്രായേൽജനത്തിന്റെ സാന്നിധ്യത്തിൽ യോശുവ ആ കല്ലുകളിൽ രേഖപ്പെടുത്തി. 33ഇസ്രായേൽജനം അവരുടെ നേതാക്കന്മാരോടും ഉദ്യോഗസ്ഥന്മാരോടും ന്യായപാലകരോടും അവരുടെ ഇടയിൽ പാർക്കുന്ന പരദേശികളോടും ഒരുമിച്ച് സർവേശ്വരന്റെ വാഗ്ദാനപെട്ടകം വഹിച്ചിരുന്ന ലേവ്യപുരോഹിതന്മാർക്ക് അഭിമുഖമായി പെട്ടകത്തിന്റെ ഇരുവശങ്ങളിലുമായി നിന്നു. അവരിൽ പകുതിപ്പേർ ഗെരിസീംപർവതത്തിന്റെ മുൻപിലും മറ്റുള്ളവർ ഏബാൽപർവതത്തിന്റെ മുമ്പിലും ആയിരുന്നു നിന്നത്. ഏതു വിധത്തിലാണ് ഇസ്രായേൽജനത്തെ അനുഗ്രഹിക്കേണ്ടതെന്നു സർവേശ്വരന്റെ ദാസനായ മോശ കല്പിച്ചിരുന്ന പ്രകാരം അനുഗ്രഹം സ്വീകരിക്കാനാണ് അവർ അങ്ങനെ നിന്നത്. 34അതിനുശേഷം ധർമശാസ്ത്രപുസ്തകത്തിലെ അനുഗ്രഹവചനങ്ങളും ശാപവചനങ്ങളും യോശുവ വായിച്ചു. 35സ്‍ത്രീകളും കുട്ടികളും അവരുടെ ഇടയിൽ പാർത്തിരുന്ന പരദേശികളും ഉൾപ്പെടെ സകല ഇസ്രായേൽജനത്തോടുമായി മോശ കല്പിച്ചിരുന്ന വചനങ്ങളിൽ ഒന്നുപോലും വിട്ടുകളയാതെ യോശുവ വായിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JOSUA 8: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.