JEREMIA 6
6
യെരൂശലേമിനു ചുറ്റും ശത്രുക്കൾ
1ബെന്യാമീൻ ഗോത്രക്കാരേ, സുരക്ഷിതരായിരിക്കാൻ യെരൂശലേമിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളമൂതുവിൻ; ബേത്ത്-ഹക്കേരെമിൽ കൊടി ഉയർത്തുവിൻ, വടക്കുനിന്ന് അനർഥം വരുന്നു; വലിയ ദുരന്തംതന്നെ. 2ഓമനിച്ചു വളർത്തിയ സുന്ദരിയായ സീയോൻപുത്രിയെ ഞാൻ നശിപ്പിക്കും. 3ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റങ്ങളുമായി അവളുടെ അടുക്കൽ വരും; അവർ അവൾക്കു ചുറ്റും കൂടാരമടിക്കും; ഓരോരുത്തൻ ഇഷ്ടമുള്ളിടത്ത് ആടുകളെ മേയിക്കും. 4“അവൾക്കെതിരെ പടയ്ക്കൊരുങ്ങുക; ആയുധമെടുക്കുക; നട്ടുച്ചയ്ക്ക് നമുക്കവളെ ആക്രമിക്കാം.” “ഹാ ദുരിതം! നേരം വൈകിപ്പോയല്ലോ; നിഴലുകൾ നീളുന്നു. 5നമുക്കു രാത്രിയിൽ ആക്രമിച്ച് അവളുടെ കൊട്ടാരങ്ങൾ നശിപ്പിക്കാം”.
6സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അവളുടെ മരങ്ങൾ മുറിക്കുവിൻ; യെരൂശലേമിനെ ഉപരോധിക്കാൻ മൺകൂന ഉയർത്തുവിൻ; ഈ നഗരം ശിക്ഷിക്കപ്പെടണം; അതിനുള്ളിൽ മർദനമല്ലാതെ മറ്റൊന്നുമില്ല. 7കിണർ അതിലെ വെള്ളം പുതുമയോടെ സൂക്ഷിക്കുന്നതുപോലെ, അവൾ തന്റെ ദുഷ്ടത സൂക്ഷിക്കുന്നു. അക്രമത്തിന്റെയും നാശത്തിന്റെയും സ്വരം അവളിൽ മുഴങ്ങുന്നു; രോഗവും മുറിവുകളും മാത്രം ഞാൻ എപ്പോഴും കാണുന്നു. 8യെരൂശലേമേ, ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക. അല്ലെങ്കിൽ ഞാൻ നിന്നെ വിട്ടകലും; നീ അന്യപ്പെട്ടു പോകുകയും ഞാൻ നിന്നെ ശൂന്യവും നിർജനവുമായ ദേശമാക്കുകയും ചെയ്യും.”
ഇസ്രായേൽ മത്സരഗൃഹം
9സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മുന്തിരിയുടെ കാലാ പെറുക്കുന്നതുപോലെ ഇസ്രായേലിൽ ശേഷിച്ചവരെ അരിച്ചുപെറുക്കുക; മുന്തിരിപ്പഴം ശേഖരിക്കുന്നവൻ അതിന്റെ ശാഖകളിലേക്കു വീണ്ടും വീണ്ടും കൈ നീട്ടുന്നതുപോലെ നിന്റെ കൈ നീട്ടി തിരയുക.” 10അവർ കേൾക്കാൻ തക്കവിധം ഞാൻ ആരോടാണു സംസാരിക്കേണ്ടത്? ആർക്കാണു മുന്നറിയിപ്പു നല്കേണ്ടത്? അവരുടെ ചെവികൾ അടഞ്ഞിരിക്കുന്നു; അവർക്കു ശ്രദ്ധിക്കാൻ സാധ്യമല്ല; സർവേശ്വരന്റെ വചനം അവർക്കു പരിഹാസവിഷയമാണ്; അവർക്കതിൽ താൽപര്യമില്ല. 11അതുകൊണ്ട് അവിടുത്തെ ക്രോധം എന്നിൽ നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ചു ഞാൻ തളർന്നിരിക്കുന്നു. “തെരുവിലെ കുട്ടികളുടെമേലും യുവാക്കളുടെ കൂട്ടങ്ങളിന്മേലും അതു ചൊരിയുവിൻ. ഭർത്താവും ഭാര്യയും വയോധികരും പടുവൃദ്ധരും പിടിക്കപ്പെടും. 12നിലങ്ങളും ഭാര്യമാരുമടക്കം അവരുടെ ഭവനങ്ങൾ അന്യർക്കു നല്കപ്പെടും; ഈ ദേശവാസികൾക്കെതിരെ ഞാൻ എന്റെ കരമുയർത്തും” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 13അവരിൽ ഏറ്റവും ചെറിയവർമുതൽ ഏറ്റവും വലിയവർവരെ എല്ലാവരും അന്യായലാഭം ആഗ്രഹിക്കുന്നു; പ്രവാചകന്മാർമുതൽ പുരോഹിതന്മാർവരെ എല്ലാവരും കപടമായി പെരുമാറുന്നു. എന്റെ ജനത്തിന്റെ മുറിവ് അവർ നിസ്സാരമായി കരുതി ചികിത്സിക്കുന്നു. 14സമാധാനമില്ലാതിരിക്കെ, സമാധാനം, സമാധാനം എന്നവർ പറയുന്നു. 15ഹീനകൃത്യങ്ങൾ പ്രവർത്തിച്ചപ്പോൾ അവർക്കു ലജ്ജ തോന്നിയോ? ഇല്ല, അല്പം പോലും ലജ്ജ തോന്നിയില്ല; അവർക്കു ലജ്ജിക്കാൻ അറിഞ്ഞുകൂടാ; അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവർ വീണുപോകും; ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർ നശിച്ചുപോകുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
ദൈവത്തിന്റെ മാർഗം പരിത്യജിക്കുന്നു
16സർവേശ്വരൻ അരുളിച്ചെയ്യുന്നു: “വീഥികളിൽനിന്നു നോക്കുവിൻ; പഴയ പാതകൾ അന്വേഷിക്കുവിൻ; നല്ല മാർഗം എവിടെയുണ്ടോ അതിലൂടെ നടക്കുവിൻ; അപ്പോൾ നിങ്ങൾക്കു ശാന്തി ലഭിക്കും. എന്നാൽ, ‘ഞങ്ങൾ അതിലൂടെ നടക്കയില്ല’ എന്നവർ പറഞ്ഞു. 17‘കാഹളധ്വനി ശ്രദ്ധിക്കുവിൻ’ എന്നു പറഞ്ഞു നിങ്ങൾക്കുവേണ്ടി ഞാൻ കാവല്ക്കാരെ നിയോഗിച്ചു; എന്നാൽ ‘ഞങ്ങൾ ശ്രദ്ധിക്കുകയില്ല’ എന്നവർ പറഞ്ഞു. 18അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ; ജനസമൂഹമേ, അവർക്കെന്തു ഭവിക്കുമെന്നു ഗ്രഹിക്കുവിൻ.
19ഭൂമിയേ, കേൾക്കുക; അവരുടെ ഉപായങ്ങൾമൂലം ഞാൻ അവരുടെമേൽ അനർഥം വരുത്തും; അവർ എന്റെ വാക്കു ശ്രദ്ധിച്ചില്ല; എന്റെ നിയമം അവർ നിരസിച്ചു. 20ശെബയിൽനിന്നു കുന്തുരുക്കവും വിദൂരദേശത്തുനിന്നു സുഗന്ധദ്രവ്യവും എനിക്കുവേണ്ടി എന്തിനു കൊണ്ടുവരുന്നു? നിങ്ങളുടെ ഹോമയാഗങ്ങൾ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ യാഗങ്ങളിൽ ഞാൻ സന്തോഷിക്കുന്നുമില്ല.” 21അതുകൊണ്ടു സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്റെ മുമ്പിൽ ഞാൻ ഇടർച്ചകൾ വയ്ക്കും, അവർ അതിൽ തട്ടി വീഴും; പിതാക്കന്മാരും പുത്രന്മാരും അയൽക്കാരും സ്നേഹിതരും നശിക്കും.”
വടക്കുനിന്ന് ആക്രമണം
22സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ വിദൂരദേശത്തുനിന്ന് ഒരു വലിയ ജനത ഇളകി വരുന്നു. 23അവർ വില്ലും കുന്തവും കൈയിൽ ഏന്തിയിരിക്കുന്നു; നിർഭയരായ ക്രൂരന്മാരാണവർ; അവരുടെ ആരവം ഇരമ്പുന്ന സമുദ്രത്തിനു തുല്യം; അല്ലയോ സീയോൻപുത്രീ, നിനക്കെതിരെ യുദ്ധം ചെയ്യാൻ അവർ അണിനിരന്നു കുതിരപ്പുറത്തു കയറിവരുന്നു.” 24ആ വാർത്ത ഞങ്ങൾ കേട്ടു; ഞങ്ങളുടെ കൈകൾ തളർന്നിരിക്കുന്നു; സ്ത്രീയുടെ ഈറ്റുനോവുപോലെ കൊടിയവേദന ഞങ്ങളെ പിടിച്ചിരിക്കുന്നു. 25വയലിലേക്കു പോകരുത്; വഴിയിലൂടെ നടക്കരുത്. കാരണം ആയുധധാരികളായ ശത്രുക്കൾ പതിയിരിപ്പുണ്ട്; എല്ലാ വശത്തും ഭീകരാവസ്ഥ! 26എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുതുണി ധരിച്ചും വെണ്ണീറിൽ കിടന്നുരുളുക; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ പൊട്ടിക്കരയുക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരേ വരും.
27എന്റെ ജനത്തിന്റെ വഴികൾ പരീക്ഷിച്ചറിയുന്നതിന്, ഞാൻ നിന്നെ മാറ്റു നോക്കുന്നവനും പരീക്ഷകനുമായി ജനത്തിന്റെ നടുവിൽ നിയമിച്ചിരിക്കുന്നു. 28അവർ ശാഠ്യക്കാരായ മത്സരികൾ; അവർ അപവാദം പറഞ്ഞു പരത്തുന്നു. അവർ ഓടും ഇരുമ്പും പോലെ കഠിനഹൃദയരാണ്. അവരെല്ലാം തിന്മ ചെയ്യുന്നു. 29ഉല ശക്തിയായി ഊതുന്നു; ഈയം തീയിൽ ഉരുകുന്നെങ്കിലും ശുദ്ധീകരിക്കപ്പെടുന്നില്ല; ദുഷ്ടർ നീക്കപ്പെടുന്നില്ലല്ലോ. 30സർവേശ്വരൻ അവരെ തള്ളിക്കളഞ്ഞിരിക്കുന്നതുകൊണ്ടു വെള്ളിക്കിട്ടം എന്നാണ് അവർ അറിയപ്പെടുന്നത്.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 6: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.