JEREMIA 5

5
യെരൂശലേമിന്റെ പാപം
1നോക്കൂ, നീതി പ്രവർത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരാളെയെങ്കിലും കാണാൻ കഴിയുമോ എന്നു യെരൂശലേമിന്റെ വീഥികളിലൂടെ ചുറ്റിനടന്ന് അവരുടെ പൊതുസ്ഥലങ്ങളിൽ അന്വേഷിക്കുവിൻ; ആരെയെങ്കിലും കണ്ടാൽ ഞാൻ അവളോടു ക്ഷമിക്കും. 2ജീവനുള്ള സർവേശ്വരന്റെ നാമത്തിൽ അവർ ആണയിടുന്നെങ്കിലും കള്ളസത്യമാണ് അവർ ചെയ്യുന്നത്. 3സർവേശ്വരാ, അവിടുന്നു വിശ്വസ്തതയല്ലയോ അന്വേഷിക്കുന്നത്? അവിടുന്ന് അവരെ പ്രഹരിച്ചെങ്കിലും അവർക്കു വേദന തോന്നിയില്ല; അവിടുന്ന് അവരെ തകർത്തെങ്കിലും തെറ്റു തിരുത്താൻ അവർക്കു മനസ്സായില്ല; അവർ അവരുടെ ഹൃദയം കഠിനമാക്കി. അനുതപിക്കാൻ അവർ കൂട്ടാക്കിയില്ല.
4അപ്പോൾ ഞാൻ പറഞ്ഞു: “അവർ അറിവില്ലാത്ത പാവങ്ങൾ, സർവേശ്വരന്റെ വഴിയും അവരുടെ ദൈവത്തിന്റെ കല്പനയും അവർ അറിയുന്നില്ല. 5ഞാൻ വലിയ ആളുകളുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; സർവേശ്വരന്റെ വഴിയും അവരുടെ ദൈവത്തിന്റെ നിയമവും അവർക്ക് അറിയാം.” എങ്കിലും അവർ എല്ലാവരും ഒരുപോലെ അവിടുത്തെ അധികാരം നിഷേധിക്കുകയും അവിടുത്തെ അനുസരിക്കാതിരിക്കുകയും ചെയ്തു. 6അതുകൊണ്ട് കാട്ടിൽനിന്നു സിംഹം വന്ന് അവരെ കൊല്ലും; മരുഭൂമിയിൽനിന്നു വന്ന ചെന്നായ് അവരെ കടിച്ചുകീറും; പുള്ളിപ്പുലി അവരുടെ നഗരങ്ങൾക്കെതിരെ പതിയിരിക്കുന്നു; അവിടെനിന്നു പുറത്തുവരുന്നവരെയെല്ലാം അതു ചീന്തിക്കളയും; അവരുടെ കുറ്റങ്ങൾ നിരവധിയും അവിശ്വസ്തത അപാരവുമാണല്ലോ.
7ഞാൻ എങ്ങനെ നിന്നോടു ക്ഷമിക്കും? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; ദൈവമല്ലാത്തവയുടെ പേരു പറഞ്ഞ് അവർ ആണയിടുന്നു; ഞാൻ അവർക്കു നിറയെ ആഹാരം നല്‌കിയെങ്കിലും അവർ വ്യഭിചരിച്ചു; വേശ്യാഗൃഹങ്ങളിലേക്ക് അവർ കൂട്ടംകൂട്ടമായി നീങ്ങി. 8തിന്നു മദിച്ച കുതിരകളാണവർ; അയൽക്കാരന്റെ ഭാര്യയെ അവർ മോഹിക്കുന്നു. 9ഇവ നിമിത്തം ഞാൻ അവരെ ശിക്ഷിക്കേണ്ടതല്ലേ? സർവേശ്വരൻ ചോദിക്കുന്നു: ഈ ജനതയോടു ഞാൻ പ്രതികാരം ചെയ്യേണ്ടതല്ലേ?
10അവളുടെ മുന്തിരിത്തോട്ടങ്ങളിലൂടെ നടന്ന് അവ നശിപ്പിക്കുവിൻ; എന്നാൽ അവ പൂർണമായി നശിപ്പിക്കരുത്; അവയുടെ ശാഖകൾ മുറിച്ചുകളവിൻ; അവ സർവേശ്വരൻറേതല്ലല്ലോ. 11ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു തീർത്തും അവിശ്വസ്തരായിരിക്കുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
ഇസ്രായേലിനെ തിരസ്കരിക്കുന്നു
12അവർ സർവേശ്വരനെക്കുറിച്ചു വ്യാജമായി സംസാരിച്ചിരിക്കുന്നു; അവർ പറഞ്ഞു: “അവിടുന്ന് ഒന്നും ചെയ്യുകയില്ല; ഒരു ദോഷവും നമുക്കു ഭവിക്കുകയില്ല; യുദ്ധമോ ക്ഷാമമോ നമുക്കു കാണാൻ ഇടയാകുകയുമില്ല. 13പ്രവാചകന്മാർ വെറും കാറ്റായിത്തീരും; ദൈവവചനം അവരിലില്ല; അവർ പറഞ്ഞത് അവർക്കു തന്നെ ഭവിക്കും.” 14അതുകൊണ്ടു സർവശക്തനായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ ഇങ്ങനെ സംസാരിച്ചതുകൊണ്ട് നിന്റെ വായിലുള്ള എന്റെ വചനം ഞാൻ ഒരു അഗ്നിയാക്കും; ഈ ജനത വിറകായിത്തീരും. അവർ അഗ്നിക്കിരയാകും.” 15ഇസ്രായേൽഗൃഹമേ, നിങ്ങൾക്കെതിരെ ഒരു ജനതയെ വിദൂരത്തുനിന്നു ഞാൻ കൊണ്ടുവരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ശക്തവും പുരാതനവുമായ ജനത; അവരുടെ ഭാഷ നിങ്ങൾക്കറിഞ്ഞുകൂടാ; സംസാരം നിങ്ങൾക്കു മനസ്സിലാകുകയുമില്ല. 16അവരുടെ ആവനാഴി തുറന്ന കല്ലറപോലെയാണ്. അവരെല്ലാവരും യുദ്ധവീരന്മാരാണ്. 17അവർ നിങ്ങളുടെ വിളയും ഭക്ഷണസാധനങ്ങളും തിന്നു തീർക്കും; നിന്റെ പുത്രന്മാരെയും പുത്രിമാരെയും സംഹരിക്കും; നിന്റെ ആടുമാടുകളെ അവർ തിന്നൊടുക്കും; നിന്റെ മുന്തിരിവള്ളികളും അത്തിമരങ്ങളും നശിപ്പിക്കും; നീ ആശ്രയിക്കുന്ന സുരക്ഷിതനഗരങ്ങൾ അവർ വാളിനിരയാക്കും.
18ആ നാളുകളിൽപോലും ഞാൻ അവരെ പൂർണമായി നശിപ്പിക്കുകയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 19നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മോട് എന്തുകൊണ്ടാണ് ഇപ്രകാരമെല്ലാം ചെയ്തത് എന്ന് അവർ ചോദിച്ചാൽ, അവരോടു പറയുക: “നിങ്ങളുടെ ദേശത്തു നിങ്ങൾ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സേവിക്കുകയും ചെയ്തതുകൊണ്ട് നിങ്ങളുടേതല്ലാത്ത ദേശത്ത് അപരിചിതരായ ആളുകളെ നിങ്ങൾ സേവിക്കും.”
മുന്നറിയിപ്പ്
20യാക്കോബിന്റെ ഗൃഹത്തിൽ ഇതു പ്രഖ്യാപിക്കുവിൻ, യെഹൂദായിൽ ഇതു ഘോഷിക്കുവിൻ. 21കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേൾക്കാതെയും മൂഢരും അവിവേകികളുമായിരിക്കുന്ന ജനമേ, ഇതു കേൾക്കുവിൻ. 22സർവേശ്വരൻ ചോദിക്കുന്നു: “നിങ്ങൾ എന്നെ ഭയപ്പെടുന്നില്ലേ? എന്റെ മുമ്പാകെ നിങ്ങൾ വിറയ്‍ക്കുന്നില്ലേ? ഞാൻ സമുദ്രത്തിനു മണൽകൊണ്ട് അതിരിട്ടു; മറികടക്കാൻ ആവാത്ത സ്ഥിരമായ അതിരുതന്നെ. തിരകൾ ആഞ്ഞടിച്ചാലും വിജയിക്കയില്ല; അവ ആർത്തിരമ്പിയാലും മറികടക്കയില്ല. 23ഈ ജനം ദുശ്ശാഠ്യവും ധിക്കാരവും നിറഞ്ഞ ഹൃദയമുള്ളവരാണ്; അവർ പുറംതിരിഞ്ഞു പൊയ്‍ക്കളഞ്ഞു. 24അവിടുന്നു തക്കസമയത്തു മഴ പെയ്യിക്കുന്നു; ശരത്കാല വർഷവും വസന്തകാല വർഷവും അവിടുന്നു നല്‌കുന്നു; വിളവെടുപ്പുകാലം നിശ്ചിത സമയത്തുതന്നെ നടത്താൻ ഇടയാക്കുന്നു. ഇങ്ങനെയുള്ള നമ്മുടെ ദൈവമായ സർവേശ്വരനെ ഭയപ്പെടേണ്ടതാണെന്ന് അവർ ചിന്തിച്ചില്ല. 25നിങ്ങളുടെ അകൃത്യം മൂലം ഇവയെല്ലാം നിങ്ങൾ നഷ്ടമാക്കി; നിങ്ങളുടെ പാപം നന്മകൾക്കു മുടക്കം വരുത്തിയിരിക്കുന്നു. 26ദുഷ്ടമനുഷ്യർ എന്റെ ജനത്തിനിടയിൽ പാർക്കുന്നു; പക്ഷിവേട്ടക്കാരെപ്പോലെ അവർ പതിയിരിക്കുന്നു; അവർ കെണി വച്ചു മനുഷ്യരെ പിടിക്കുന്നു. 27പക്ഷികളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന കൂടുപോലെ വഞ്ചനകൊണ്ട് അവരുടെ ഭവനങ്ങൾ നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ വലിയവരും ധനികരുമായി; അവർ കൊഴുത്തു മിനുങ്ങിയിരിക്കുന്നു. 28അവരുടെ തിന്മപ്രവൃത്തികൾക്ക് അതിരില്ല; അനാഥർക്ക് അഭിവൃദ്ധിയുണ്ടാകുംവിധം അവർ നീതിപൂർവം വിധിക്കുന്നില്ല; ദരിദ്രരുടെ അവകാശം അവർ സംരക്ഷിക്കുന്നില്ല. 29ഇവരെ ഞാൻ ശിക്ഷിക്കേണ്ടതല്ലേ? ഇതുപോലൊരു ജനതയോടു പ്രതികാരം ചെയ്യേണ്ടതല്ലേ എന്നു സർവേശ്വരൻ ചോദിക്കുന്നു.
30സംഭ്രമജനകമായ കാര്യം ദേശത്തു സംഭവിച്ചിരിക്കുന്നു. 31പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; അവർ നിർദേശിക്കുന്നതുപോലെ പുരോഹിതന്മാർ ഭരണം നടത്തുന്നു; എന്റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JEREMIA 5: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക