JEREMIA 16
16
സർവേശ്വരന്റെ അരുളപ്പാട്
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2ഇവിടെനിന്നു നീ ഒരു ഭാര്യയെ സ്വീകരിക്കുകയോ, നിനക്കിവിടെ പുത്രന്മാരോ പുത്രിമാരോ ഉണ്ടാകുകയോ അരുത്. 3ഇവിടെ ജനിക്കുന്ന പുത്രീപുത്രന്മാരെ സംബന്ധിച്ചും അവരുടെ മാതാപിതാക്കന്മാരെ സംബന്ധിച്ചും അവിടുന്ന് അരുളിച്ചെയ്യുന്നു: 4“മാരകരോഗംകൊണ്ട് അവർ മരിക്കും; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; ആരും അവരെ സംസ്കരിക്കുകയുമില്ല; നിലത്തു വീണു കിടക്കുന്ന ചാണകംപോലെ അവർ ആകും; യുദ്ധവും ക്ഷാമവുംകൊണ്ട് അവർ നശിക്കും; അവരുടെ മൃതദേഹങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.
5സർവേശ്വരൻ അരുളിച്ചെയ്യുന്നു: വിലപിക്കുന്നവർ കൂടിയിരിക്കുന്ന ഭവനത്തിൽ പ്രവേശിക്കരുത്; അവരോടൊപ്പം വിലപിക്കുകയോ അവരോടു സഹതപിക്കുകയോ അരുത്; കാരണം ഈ ജനത്തിൽനിന്ന് എന്റെ സമാധാനം പിൻവലിച്ചിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; എന്റെ അചഞ്ചലസ്നേഹവും കരുണയും ഇവിടെ ഉണ്ടായിരിക്കുകയില്ല. 6ഈ സ്ഥലത്തു വലിയവരും ചെറിയവരും ഒരുപോലെ മരിച്ചുവീഴും; ആരും അവരെ സംസ്കരിക്കുകയില്ല; ആരും അവർക്കുവേണ്ടി വിലപിക്കുകയോ സ്വയം മുറിപ്പെടുത്തുകയോ തലമുണ്ഡനം ചെയ്യുകയോ ഇല്ല. 7മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവന് ആശ്വാസമരുളാൻ ആരും അപ്പം മുറിച്ചു കൊടുക്കയില്ല; പിതാവിന്റെയോ മാതാവിന്റെയോ വേർപാടിൽ ദുഃഖിച്ചിരിക്കുന്നവന് ആശ്വാസത്തിന്റെ പാനപാത്രം ആരും കൊടുക്കുകയുമില്ല. 8വിരുന്നു നടത്തുന്ന ഭവനങ്ങളിൽ പോയി അവരോടൊപ്പമിരുന്നു ഭക്ഷിക്കുകയോ പാനം ചെയ്യുകയോ അരുത്. 9ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതകാലത്ത് ഇവിടെനിന്നു, നിങ്ങളുടെ കൺമുമ്പിൽനിന്നു തന്നെ ആഹ്ലാദത്തിന്റെയും ഉല്ലാസത്തിന്റെയും ആരവം നീക്കപ്പെടും; മണവാളന്റെയും മണവാട്ടിയുടെയും ശബ്ദം ഇല്ലാതെയാകും.”
10ഈ ജനത്തോടു ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം നീ അറിയിക്കുമ്പോൾ അവർ നിന്നോടു ചോദിക്കും. “ഞങ്ങൾക്കെതിരെ ഇത്ര വലിയ ശിക്ഷ എന്തിനാണ് സർവേശ്വരൻ പ്രഖ്യാപനം ചെയ്തിരിക്കുന്നത്? ഞങ്ങൾ ചെയ്ത അതിക്രമം എന്താണ്? ഞങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ ഞങ്ങൾ എന്തു പാപം ചെയ്തു?” 11അപ്പോൾ നീ അവരോടു പറയണം. അവിടുന്ന് അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ പിതാക്കന്മാർ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരുടെ പുറകെ പോകുകയും അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്തില്ലേ? അവർ എന്നെ ഉപേക്ഷിച്ചു. എന്റെ ധർമശാസ്ത്രം പാലിച്ചുമില്ല. 12നിങ്ങളുടെ പിതാക്കന്മാരെക്കാൾ കൂടുതൽ തിന്മ നിങ്ങൾ പ്രവർത്തിക്കുകയും എന്നെ അനുസരിക്കാതെ തിന്മപ്രവൃത്തികളിൽ നിങ്ങൾ ഉറച്ചു നില്‌ക്കുകയും ചെയ്യുന്നു. 13അതുകൊണ്ട് ഈ ദേശത്തുനിന്ന് നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ കേട്ടിട്ടില്ലാത്ത ഒരു ദേശത്തേക്കു നിങ്ങളെ പറിച്ചെറിയും; അവിടെ രാവും പകലും അന്യദേവന്മാരെ നിങ്ങൾ സേവിക്കും; ഞാൻ നിങ്ങളോടു കരുണ കാണിക്കുകയില്ല.”
പ്രവാസത്തിൽനിന്നുള്ള തിരിച്ചുവരവ്
14സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈജിപ്തിൽനിന്ന് ഇസ്രായേൽജനത്തെ മോചിപ്പിച്ചുകൊണ്ടു വന്ന സർവേശ്വരനാണ എന്നു പറഞ്ഞു ശപഥം ചെയ്യാതെ, 15ഉത്തരദേശത്തുനിന്നും തങ്ങളെ ഓടിച്ചുവിട്ട സകല ദേശങ്ങളിൽനിന്നും ഇസ്രായേൽജനത്തെ വിമോചിപ്പിച്ചുകൊണ്ടുവന്ന സർവേശ്വരനാണ എന്നു പറഞ്ഞു ശപഥം ചെയ്യുന്ന കാലം വരുന്നു; അവരുടെ പിതാക്കന്മാർക്കു കൊടുത്തിരുന്ന അവരുടെ സ്വന്തം ദേശത്തേക്കു ഞാൻ അവരെ തിരിച്ചു കൊണ്ടുവരും.”
വരാൻ പോകുന്ന ശിക്ഷ
16അവരെ പിടികൂടുന്നതിനുവേണ്ടി അനേകം മീൻപിടുത്തക്കാരെ ഞാൻ വരുത്തും; അവർ അവരെ പിടിക്കും; പിന്നീട് അനേകം നായാട്ടുകാരെ വരുത്തും; സകല പർവതങ്ങളിൽനിന്നും കുന്നുകളിൽനിന്നും പാറയിടുക്കുകളിൽനിന്നും അവർ അവരെ വേട്ടയാടും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 17അവരുടെ എല്ലാ വഴികളും ഞാൻ കാണുന്നുണ്ട്; അവ എനിക്കു മറഞ്ഞിരിക്കുന്നില്ല, അവരുടെ അപരാധങ്ങൾ ഒന്നും എന്റെ കണ്ണുകളിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നുമില്ല. 18അവരുടെ അകൃത്യത്തിനും പാപത്തിനും ഞാൻ ഇരട്ടി പ്രതികാരം ചെയ്യും; നിർജീവവിഗ്രഹങ്ങൾകൊണ്ട് അവർ ദേശം മലിനമാക്കി; തങ്ങളുടെ മ്ലേച്ഛതകൾകൊണ്ട് എന്റെ അവകാശഭൂമി നിറച്ചിരിക്കുന്നു.
യിരെമ്യായുടെ പ്രാർഥന
19എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ അഭയസ്ഥാനവുമായ സർ വേശ്വരാ, ഭൂമിയുടെ അറുതികളിൽനിന്നു ജനതകൾ അങ്ങയുടെ അടുക്കൽ വന്നു പറയും: വ്യാജദേവന്മാരെയാണു ഞങ്ങളുടെ പിതാക്കന്മാർക്കു പൈതൃകമായി ലഭിച്ചത്; തീർത്തും പ്രയോജനരഹിതമായ വിഗ്രഹങ്ങൾ. 20തനിക്കുവേണ്ടി ദേവന്മാരെ നിർമിക്കാൻ മനുഷ്യനു കഴിയുമോ? അങ്ങനെയുള്ളവ ദേവന്മാരല്ല.
21അതുകൊണ്ടു ഞാൻ അവരെ ഒരു പാഠം പഠിപ്പിക്കും; എന്റെ ശക്തിയും എന്റെ കരുത്തും ഞാൻ അവർക്കു കാണിച്ചുകൊടുക്കും; ഞാൻ സർവേശ്വരനെന്ന് അവർ അറിയും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 16: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.