JEREMIA 17

17
യെഹൂദായുടെ പാപവും ശിക്ഷയും
1യെഹൂദായുടെ പാപം നാരായംകൊണ്ട് എഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട് അവരുടെ ഹൃദയത്തിന്റെ ഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും അവ കൊത്തിവച്ചിരിക്കുന്നു. 2ഉയർന്ന കുന്നുകളിൽ, പച്ചമരങ്ങൾക്കരികെയുള്ള ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കൾ ഓർക്കുന്നുവല്ലോ. 3നാട്ടിലെല്ലാം നിങ്ങൾ ചെയ്ത പാപത്തിനു പകരമായി നിങ്ങളുടെ സമ്പത്തും സകല നിക്ഷേപങ്ങളും കൊള്ളമുതൽ പോലെ ഞാൻ പങ്കിടും. 4ഞാൻ തന്ന അവകാശഭൂമി നിങ്ങൾക്കു നഷ്ടപ്പെടും. നിങ്ങൾ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കൾക്കു ഞാൻ അടിമവേല ചെയ്യിക്കും. എന്റെ കോപത്താൽ ഒരിക്കലും കെടാത്ത അഗ്നി ഞാൻ കത്തിച്ചിരിക്കുന്നു.
വിവിധ സൂക്തങ്ങൾ
5സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ വിശ്വാസമർപ്പിക്കയും കായബലത്തിൽ ആശ്രയിക്കയും ചെയ്തു സർവേശ്വരനിൽ നിന്ന് അകന്നുപോകുന്നവൻ ശപിക്കപ്പെട്ടവൻ. 6അവൻ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്; നന്മ വരുമ്പോൾ അവനതു കാണാൻ കഴിയുന്നില്ല; മരുഭൂമിയിലെ വരണ്ട നിലത്തു, നിർജനമായ ഓരുനിലത്ത് അവൻ പാർക്കും.
7സർവേശ്വരനെ ആശ്രയിക്കയും അവിടുന്നു തന്നെ പൂർണ ആശ്രയമായിരിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. 8അവൻ ആറ്റുതീരത്തു നട്ടിരിക്കുന്നതും വെള്ളത്തിലേക്കു വേരോടിയിരിക്കുന്നതുമായ വൃക്ഷംപോലെയാണ്; വേനൽക്കാലമാകുമ്പോൾ അതു ഭയപ്പെടുകയില്ല; അതിന്റെ ഇലകൾ എപ്പോഴും പച്ച ആയിരിക്കും; വരൾച്ചയുള്ള കാലത്ത് അതിന് ഉൽക്കണ്ഠയില്ല; അതു ഫലം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും.
9ഹൃദയം മറ്റേതൊന്നിനെക്കാളും കാപട്യം നിറഞ്ഞതും അത്യന്തം ദൂഷിതവുമാണ്; ആർക്കാണതു ഗ്രഹിക്കാൻ കഴിയുക? 10സർവേശ്വരനായ ഞാൻ ഹൃദയത്തെ പരിശോധിക്കുകയും മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു; ഓരോ മനുഷ്യനും അവന്റെ വഴികൾക്കും പ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കേണ്ടതിനുതന്നെ. 11അന്യായമായി സ്വത്തു സമ്പാദിക്കുന്നവൻ താനിടാത്ത മുട്ടയ്‍ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്; ജീവിതത്തിന്റെ മധ്യത്തിൽ അത് അവനെ പിരിയും; അവസാനം അവൻ ഭോഷനായിത്തീരുകയും ചെയ്യും.
12ആദിമുതൽ ഉന്നതത്തിൽ സ്ഥാപിതമായിരിക്കുന്ന, മഹത്ത്വമേറിയ സിംഹാസനമാണ് ഞങ്ങളുടെ വിശുദ്ധമന്ദിരം. 13ഇസ്രായേലിന്റെ പ്രത്യാശയായ സർവേശ്വരാ, അങ്ങയെ ഉപേക്ഷിക്കുന്നവരെല്ലാം ലജ്ജിതരാകും; അങ്ങയിൽനിന്നു പിന്തിരിഞ്ഞു പോകുന്നവർ, പൂഴിമണ്ണിൽ എഴുതുന്ന പേരുകൾ പോലെ അപ്രത്യക്ഷരാകും; ജീവജലത്തിന്റെ ഉറവിടമായ സർവേശ്വരനെ അവർ ഉപേക്ഷിച്ചുവല്ലോ.
യിരെമ്യാ സഹായത്തിനപേക്ഷിക്കുന്നു
14സർവേശ്വരാ, എന്നെ സുഖപ്പെടുത്തണമേ, എന്നാൽ ഞാൻ സൗഖ്യമുള്ളവനായിത്തീരും; എന്നെ രക്ഷിക്കണമേ, അപ്പോൾ ഞാൻ രക്ഷിക്കപ്പെടും; അങ്ങു മാത്രമാണ് എന്റെ പ്രത്യാശ. 15“സർവേശ്വരന്റെ വചനം എവിടെ, അത് ഇപ്പോൾ നിവൃത്തിയാകട്ടെ” എന്നവർ എന്നോടു പറയുന്നു. 16അവർക്കു തിന്മ വരുത്താൻ ഞാൻ യാതൊന്നും അങ്ങയോട് അപേക്ഷിച്ചില്ല; അവർക്ക് ദുർദിനം വരാൻ ഞാൻ ആഗ്രഹിച്ചുമില്ല; ഞാൻ പറഞ്ഞതെല്ലാം അങ്ങ് അറിയുന്നു. 17അങ്ങ് എനിക്കു ഭീതിദനാകരുതേ! കഷ്ടകാലത്ത് അങ്ങാണ് എന്റെ അഭയസ്ഥാനം. 18എന്നെ പീഡിപ്പിക്കുന്നവർ ലജ്ജിതരാകട്ടെ; ഞാൻ ലജ്ജിതനാകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; അവർക്ക് ദുർദിനം വരുത്തണമേ; അവരെ നിശ്ശേഷം തകർത്തു കളഞ്ഞാലും.
ശബത്താചരണം
19സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “യെഹൂദാരാജാക്കന്മാർ വരികയും പോകുകയും ചെയ്യുന്ന ജനകവാടത്തിലും യെരൂശലേമിന്റെ എല്ലാ കവാടങ്ങളിലുംനിന്ന് ഇങ്ങനെ പറയുക: 20‘ഈ കവാടങ്ങളിലൂടെ അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും യെഹൂദാജനങ്ങളും യെരൂശലേംനിവാസികളുമായുള്ളോരേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ. 21അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവനെ ഓർത്ത് ശ്രദ്ധിക്കുവിൻ. ശബത്തുദിവസം നിങ്ങൾ ചുമടെടുക്കയോ അവ യെരൂശലേമിലെ കവാടങ്ങളിലൂടെ അകത്തു കൊണ്ടുവരികയോ അരുത്. 22ശബത്തുദിവസം നിങ്ങളുടെ വീടുകളിൽനിന്നു ചുമടു പുറത്തേക്കു കൊണ്ടുപോകരുത്. ജോലി ഒന്നും ചെയ്യുകയുമരുത്. നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ കല്പിച്ചതുപോലെ ശബത്തു ദിവസം വിശുദ്ധമായി ആചരിക്കുവിൻ.’ 23എന്നിട്ടും അവർ എന്റെ വാക്ക് ശ്രദ്ധിക്കുകയോ, അനുസരിക്കുകയോ ചെയ്തില്ല; അവ കേൾക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു.” 24സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ പറയുന്നതു സശ്രദ്ധം കേട്ട് ഈ നഗരത്തിന്റെ വാതിലുകളിലൂടെ ശബത്തുദിവസം യാതൊരു ചുമടും കൊണ്ടുവരാതിരിക്കുകയും അന്നു വേലയൊന്നും ചെയ്യാതെ ശബത്ത് വിശുദ്ധമായി ആചരിക്കുകയും ചെയ്താൽ, 25ദാവീദിന്റെ സിംഹാസനത്തിൽ വാണരുളുന്ന രാജാക്കന്മാർ രഥങ്ങളിലും കുതിരപ്പുറത്തും യാത്രചെയ്ത് ഈ നഗരകവാടങ്ങളിലൂടെ അകത്തു പ്രവേശിക്കും; അവരുടെ പ്രഭുക്കന്മാരും യെഹൂദ്യയിലെ ജനങ്ങളും യെരൂശലേംനിവാസികളും അവരോടൊപ്പം ഉണ്ടായിരിക്കും; നഗരം എന്നും ജനവാസമുള്ളതായിരിക്കും. 26യെഹൂദാനഗരങ്ങളിൽനിന്നും യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും സമതലങ്ങൾ, മലമ്പ്രദേശങ്ങൾ, നെഗബ് എന്നിവിടങ്ങളിൽ നിന്നും ആളുകൾ വരും. അവർ സർവേശ്വരന്റെ ആലയത്തിലേക്കു ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ധാന്യയാഗങ്ങളും സുഗന്ധദ്രവ്യങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരും. 27എന്നാൽ ശബത്ത് വിശുദ്ധമായി ആചരിക്കണമെന്നും ശബത്തുദിവസം യെരൂശലേമിലെ കവാടങ്ങളിലൂടെ ചുമടു കൊണ്ടുപോകരുതെന്നുമുള്ള എന്റെ കല്പന ശ്രദ്ധിക്കാതെയിരുന്നാൽ ആ കവാടങ്ങളിൽ ഞാൻ തീ കൊളുത്തും; യെരൂശലേമിലെ കൊട്ടാരങ്ങളെ അതു ദഹിപ്പിക്കും; ആരും അത് അണയ്‍ക്കുകയില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JEREMIA 17: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക