JEREMIA 15

15
യെഹൂദായ്‍ക്കു നാശം
1സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “മോശയും ഏലിയായും എന്നോടു യാചിച്ചാലും ഈ ജനത്തോട് എനിക്കു കരുണ തോന്നുകയില്ല. എന്റെ മുമ്പിൽനിന്ന് അവരെ പറഞ്ഞയയ്‍ക്കുക; അവർ പോകട്ടെ.” 2“ഞങ്ങൾ എങ്ങോട്ടു പോകും” എന്നവർ ചോദിച്ചാൽ നീ അവരോടു പറയണം; സർവേശ്വരൻ അരുളിച്ചെയ്യുന്നു: “മഹാമാരിക്കുള്ളവർ മഹാമാരിയിലേക്കും വാളിനുള്ളവർ വാളിങ്കലേക്കും ക്ഷാമത്തിനുള്ളവർ ക്ഷാമത്തിലേക്കും അടിമത്തത്തിനുള്ളവർ അടിമത്തത്തിലേക്കും പോകട്ടെ. 3നാലു തരത്തിലുള്ള വിനാശകരെ ഞാൻ അവരുടെ നേരെ അയയ്‍ക്കും. വാൾ അവരെ സംഹരിക്കും; നായ്‍ക്കൾ അവരെ കടിച്ചുകീറും; ആകാശത്തിലെ പറവകളും വന്യമൃഗങ്ങളും അവരെ തിന്നൊടുക്കും. 4യെഹൂദാരാജാവായ ഹിസ്കീയായുടെ മകൻ മനശ്ശെ യെരൂശലേമിൽ ചെയ്ത പാതകങ്ങൾ നിമിത്തം ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മുമ്പിൽ ഞാൻ അവരെ ഭീതിദവിഷയമാക്കിത്തീർക്കും.
5യെരൂശലേമേ, ആർക്കു നിന്നോടു കനിവു തോന്നും? ആരു നിന്നെ സമാശ്വസിപ്പിക്കും? നിന്റെ ക്ഷേമം അന്വേഷിക്കാൻ ആരുതിരിഞ്ഞുനില്‌ക്കും? 6സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; നീ പിന്തിരിഞ്ഞല്ലോ; അതുകൊണ്ടു ഞാൻ നിനക്കെതിരെ കൈ നീട്ടി നിന്നെ നശിപ്പിച്ചു; കരുണ കാണിച്ചു ഞാൻ മടുത്തിരിക്കുന്നു.” 7ദേശത്തിലെ എല്ലാ പട്ടണവാതില്‌ക്കൽ വച്ചും ഞാൻ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഉറ്റവരുടെ വേർപാടിലുള്ള ദുഃഖം ഞാനവർക്കുണ്ടാക്കി; എന്റെ ജനത്തെ ഞാൻ നശിപ്പിച്ചു. എന്നിട്ടും അവർ തങ്ങളുടെ വഴികളിൽനിന്നു പിന്തിരിഞ്ഞില്ല. 8കടൽത്തീരത്തെ മണലിനെക്കാൾ അധികമായി ഞാൻ അവരുടെ വിധവകളുടെ എണ്ണം വർധിപ്പിച്ചു; യുവയോദ്ധാക്കളുടെ അമ്മമാരുടെ നേർക്ക് നട്ടുച്ചയ്‍ക്കു ഞാൻ വിനാശകനെ അയച്ചു; മനോവേദനയും ഭീതിയും പെട്ടെന്ന് അവർക്ക് ഉളവാക്കി. 9ഏഴുമക്കളുടെ അമ്മയായിരുന്നവൾ ബോധശൂന്യയായി അന്ത്യശ്വാസം വലിച്ചു; പകൽ തീരുന്നതിനുമുമ്പ് അവളുടെ സൂര്യൻ അസ്തമിച്ചു; അവൾ ലജ്ജിതയും അപമാനിതയും ആയിരിക്കുന്നു; അവരിൽ ശേഷിച്ചിരിക്കുന്നവരെ ശത്രുക്കളുടെ വാളിന് ഞാൻ ഇരയാക്കും” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
10എന്റെ അമ്മേ, ഞാൻ എത്ര നിർഭാഗ്യവാനാണ്; നാട്ടിലെങ്ങും കലഹക്കാരനും വിവാദക്കാരനുമാകാൻ എനിക്ക് എന്തിനു ജന്മം നല്‌കി; ഞാൻ കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. എങ്കിലും എല്ലാവരും എന്നെ ശപിക്കുന്നു. 11സർവേശ്വരാ, ഞാൻ എന്റെ ശത്രുക്കളുടെ നന്മയ്‍ക്കുവേണ്ടി അപേക്ഷിക്കുകയോ അവർക്കു പ്രയാസവും കഷ്ടതയുമുണ്ടായപ്പോൾ അവർക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയോ ചെയ്യാതിരുന്നെങ്കിൽ അവർ ശപിച്ചതുപോലെ എനിക്കു ഭവിക്കട്ടെ. 12വടക്കുനിന്നുള്ള ഇരുമ്പും താമ്രവും ആർക്കെങ്കിലും ഒടിക്കാമോ? 13നിന്റെ പാപം നിമിത്തം, നിന്റെ ധനവും നിക്ഷേപങ്ങളും കൊള്ള വസ്തുക്കൾപോലെ വില കൂടാതെ ദേശത്തെല്ലാം വിതരണം ചെയ്യും. 14നിങ്ങൾ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കൾക്കു ഞാൻ അടിമവേല ചെയ്യിക്കും; എന്റെ കോപത്തിൽ ഒരിക്കലും കെടാത്ത തീ ഞാൻ കത്തിച്ചിരിക്കുന്നു.
15സർവേശ്വരാ, അവിടുത്തേക്ക് എല്ലാം അറിയാമല്ലോ. എന്നെ ഓർത്ത് എന്നെ സന്ദർശിക്കണമേ; എന്നെ പീഡിപ്പിക്കുന്നവരോടു എനിക്കുവേണ്ടി പ്രതികാരം ചെയ്യണമേ; അവിടുത്തെ ക്ഷമയാൽ അവർ എന്നെ നശിപ്പിച്ചു കളയാൻ ഇടയാക്കരുതേ; അങ്ങേക്കുവേണ്ടിയാണല്ലോ ഞാൻ നിന്ദ സഹിക്കുന്നത്. 16അവിടുത്തെ വചനം കണ്ടെത്തിയപ്പോൾ അവ ഞാൻ പ്രത്യക്ഷരം ഗ്രഹിച്ചു. അവിടുത്തെ വചനം എന്നെ സന്തോഷിപ്പിച്ചു; എന്റെ ഹൃദയത്തിന് അത് ആനന്ദമായിത്തീർന്നു; സർവശക്തനായ സർവേശ്വരാ, അവിടുത്തെ നാമമാണല്ലോ ഞാൻ വഹിക്കുന്നത്. 17ഉല്ലസിക്കുന്നവരുടെ കൂടെ ഇരുന്ന് ഞാൻ ആഹ്ലാദിച്ചിട്ടില്ല; അവിടുത്തെ അപ്രതിരോധ്യമായ പ്രേരണ എന്റെമേൽ ഉണ്ടായിരുന്നതുകൊണ്ടു ഞാൻ തനിച്ചിരുന്നു; ധർമരോഷം കൊണ്ട് അവിടുന്ന് എന്നെ നിറച്ചിരുന്നു. 18“എന്റെ വേദന മാറാത്തത് എന്തുകൊണ്ട്? എന്റെ മുറിവു കരിയാതെ വ്രണപ്പെട്ടിരിക്കുന്നതും എന്ത്? വറ്റിപ്പോകുന്ന അരുവിപോലെ അങ്ങ് എന്നെ വഞ്ചിക്കുകയാണോ?
19അതുകൊണ്ട് സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങി വന്നാൽ ഞാൻ നിന്നെ പുനഃസ്ഥാപിക്കും; നീ എന്റെ സന്നിധിയിൽ നില്‌ക്കും; വിലകെട്ട കാര്യങ്ങൾ പറയാതെ ഉത്തമകാര്യങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ പ്രവാചകനാകും. അവർ നിങ്കലേക്കു വരും; നീ അവരുടെ അടുക്കൽ പോകരുത്. 20ഈ ജനത്തിനു മുമ്പിൽ ഞാൻ നിന്നെ താമ്രമതിൽ പോലെയാക്കും; അവർ നിനക്കെതിരെ യുദ്ധം ചെയ്യും; എന്നാൽ അവർ ജയിക്കയില്ല; കാരണം, നിന്നെ സംരക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനുമായി ഞാൻ നിന്നോടുകൂടെയുണ്ട്; ഇതു സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്. 21ദുഷ്ടന്മാരുടെ കൈയിൽ നിന്നു ഞാൻ നിന്നെ രക്ഷിക്കും; നിർദയരുടെ പിടിയിൽനിന്നു ഞാൻ നിന്നെ വീണ്ടെടുക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JEREMIA 15: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക