RORELTUTE 8

8
മിദ്യാന്യരുടെ പരാജയം
1എഫ്രയീമ്യർ ഗിദെയോനോടു ചോദിച്ചു: “മിദ്യാന്യരോടു യുദ്ധം ചെയ്യാൻ പോയപ്പോൾ എന്തുകൊണ്ടാണ് ഞങ്ങളെ വിളിക്കാഞ്ഞത്? ഞങ്ങളോട് ഇങ്ങനെ പെരുമാറിയത് എന്ത്?” അവർ അദ്ദേഹത്തെ കഠിനമായി കുറ്റപ്പെടുത്തി. 2“അപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ പ്രവൃത്തിയോട് തുലനം ചെയ്താൽ എന്റെ പ്രവൃത്തി എത്ര നിസ്സാരം. അബീയേസെരിന്റെ മുന്തിരിവിളവെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കലല്ലേ കൂടുതൽ മെച്ചം.” 3“മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ദൈവം നിങ്ങളുടെ കൈയിൽ ഏല്പിച്ചു. അതുമായി താരതമ്യപ്പെടുത്താൻവിധം ഞാൻ എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ?” ഇതു കേട്ടപ്പോൾ അവരുടെ കോപം ശമിച്ചു. 4പിന്നീട് ഗിദെയോനും കൂടെയുള്ള മുന്നൂറു പേരും പരിക്ഷീണരെങ്കിലും ശത്രുക്കളെ പിന്തുടർന്ന് യോർദ്ദാൻനദി കടന്ന് സുക്കോത്തിലെത്തി. 5അദ്ദേഹം അവിടത്തെ നിവാസികളോടു പറഞ്ഞു: “എന്റെ കൂടെയുള്ള ജനത്തിന് ആഹാരം കൊടുത്താലും; അവർ നന്നേ ക്ഷീണിച്ചിരിക്കുന്നു. മിദ്യാന്യരാജാക്കന്മാരായ സേബായെയും സൽമുന്നയെയും ഞങ്ങൾ പിന്തുടരുകയാണ്.” 6അപ്പോൾ സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു: “താങ്കളുടെ കൂടെയുള്ള ജനത്തിനു ഞങ്ങൾ എന്തിനു ഭക്ഷണം നല്‌കണം? സേബായെയും സൽമുന്നയെയും നിങ്ങൾ ഇതുവരെ തടവുകാരാക്കിയില്ലല്ലോ?” 7ഗിദെയോൻ പറഞ്ഞു: “ശരി, സേബായെയും സൽമുന്നയെയും സർവേശ്വരൻ ഞങ്ങളുടെ കൈയിൽ ഏല്പിച്ചശേഷം മുള്ളുകൊണ്ടും മണലാരണ്യത്തിലെ മുൾച്ചെടികൾകൊണ്ടും ഞങ്ങൾ നിങ്ങളുടെ ശരീരം തല്ലിക്കീറും.” 8അവിടെനിന്ന് അവർ പെനൂവേലിലേക്കു പോയി; അവരോടും ആഹാരം ചോദിച്ചു. സുക്കോത്ത്നിവാസികൾ പറഞ്ഞതുപോലെ പെനൂവേൽനിവാസികളും മറുപടി പറഞ്ഞു. 9അപ്പോൾ ഗിദെയോൻ അവരോടു പറഞ്ഞു: “അമോര്യരാജാക്കന്മാരെ കീഴടക്കിയശേഷം മടങ്ങിവരുമ്പോൾ നിങ്ങളുടെ ഈ ഗോപുരം ഞാൻ ഇടിച്ചുകളയും.”
10ഈ സമയത്ത് സേബായും സൽമുന്നയും അവരുടെ സൈന്യത്തോടുകൂടി കാർക്കോരിൽ ആയിരുന്നു; കിഴക്കുള്ള മരുഭൂവാസികളുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന പതിനായിരം പേരാണ് അവരുടെകൂടെ ഉണ്ടായിരുന്നത്. അവരോടൊപ്പം ഉണ്ടായിരുന്ന ഒരു ലക്ഷത്തി ഇരുപതിനായിരം പടയാളികൾ കൊല്ലപ്പെട്ടിരുന്നു. 11നോബഹിനും യൊഗ്ബെഹായ്‍ക്കും കിഴക്ക് മരുഭൂമിക്ക് സമീപമുള്ള വഴിയിലൂടെ ചെന്ന് നിനച്ചിരിക്കാത്ത വേളയിൽ ഗിദെയോൻ അവരെ ആക്രമിച്ചു. 12മിദ്യാന്യരാജാക്കന്മാരായ സേബായും സൽമുന്നയും പലായനം ചെയ്തു. അവരുടെ സൈനികർ പരിഭ്രാന്തരായി. ഗിദെയോൻ രാജാക്കന്മാരെ പിന്തുടർന്നു പിടിച്ചു. 13യുദ്ധാനന്തരം ഗിദെയോൻ ഹേരെസ് കയറ്റം വഴി മടങ്ങിവരുമ്പോൾ 14വഴിയിൽവച്ചു സുക്കോത്തുകാരനായ ഒരു യുവാവിനെ പിടികൂടി ചോദ്യം ചെയ്തു. അവൻ സുക്കോത്തിലെ ജനപ്രമാണികളും നേതാക്കന്മാരുമായ എഴുപത്തേഴ് ആളുകളുടെ പേരുകൾ ഗിദെയോന് എഴുതിക്കൊടുത്തു. 15പിന്നീട് അദ്ദേഹം സുക്കോത്ത്നിവാസികളുടെ അടുക്കൽ ചെന്നു പറഞ്ഞു: “ക്ഷീണിച്ചു തളർന്നിരിക്കുന്ന നിന്റെ ആളുകൾക്ക് ആഹാരം കൊടുക്കാൻ തക്കവിധം സേബായെയും സൽമുന്നയെയും നീ കീഴടക്കി കഴിഞ്ഞുവോ; നിങ്ങൾ എന്നെ പരിഹസിച്ചില്ലേ? ഇതാ, സേബായും സൽമുന്നയും.” 16അദ്ദേഹം മണലാരണ്യത്തിലുള്ള മുള്ളും മുൾച്ചെടികളുംകൊണ്ട് സുക്കോത്തിലെ നേതാക്കന്മാരെ ഒരു പാഠം പഠിപ്പിച്ചു. 17പിന്നീട് പെനൂവേൽ ഗോപുരം ഇടിച്ചു നിരത്തി പട്ടണവാസികളെ സംഹരിച്ചു. 18സേബായോടും സൽമുന്നയോടും ഗിദെയോൻ ചോദിച്ചു: “താബോരിൽ വച്ചു നിങ്ങൾ കൊന്നത് എങ്ങനെയുള്ളവരെ ആയിരുന്നു?” അവർ പറഞ്ഞു: “അവർ അങ്ങയെപ്പോലെ രാജകുമാരന്മാർക്കു സദൃശരായിരുന്നു.” 19ഗിദെയോൻ പറഞ്ഞു: “അവർ എന്റെ സഹോദരന്മാരായിരുന്നു; എന്റെ സ്വന്തം അമ്മയുടെ പുത്രന്മാർ. സർവേശ്വരനാമത്തിൽ ഞാൻ പറയുന്നു: നിങ്ങൾ അവരെ കൊന്നില്ലായിരുന്നു എങ്കിൽ ഞാൻ നിങ്ങളെയും കൊല്ലുകയില്ലായിരുന്നു.” 20പിന്നീട് തന്റെ ആദ്യജാതനായ യേഥെരിനോടു പറഞ്ഞു: “എഴുന്നേറ്റ് അവരെ കൊല്ലുക.” എന്നാൽ അവൻ നന്നെ ചെറുപ്പമായിരുന്നതുകൊണ്ട് വാൾ എടുക്കാൻ മടിച്ചു. 21അപ്പോൾ സേബായും സൽമുന്നയും ഗിദെയോനോടു പറഞ്ഞു: “അങ്ങുതന്നെ ഞങ്ങളെ കൊല്ലുക.” ഗിദെയോൻ അവരെ കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കണ്ഠാഭരണങ്ങൾ എടുത്തു.
22അപ്പോൾ ഇസ്രായേൽജനം ഗിദെയോനോടു പറഞ്ഞു: “അവിടുന്നു ഞങ്ങളെ ഭരിക്കണം; ഞങ്ങളെ മിദ്യാന്യരിൽനിന്നു രക്ഷിച്ചത് അവിടുന്നാണല്ലോ. അങ്ങേക്കു ശേഷം അങ്ങയുടെ പുത്രനും പൗത്രനും ഞങ്ങളെ ഭരിക്കട്ടെ.” 23ഗിദെയോൻ മറുപടി നല്‌കി: “ഞാനോ എന്റെ പുത്രനോ നിങ്ങളെ ഭരിക്കുകയില്ല; സർവേശ്വരൻ തന്നെയായിരിക്കും നിങ്ങളെ ഭരിക്കുക.” 24ഗിദെയോൻ തുടർന്നു: “എനിക്കു നിങ്ങളോട് ഒരു അപേക്ഷയുണ്ട്. നിങ്ങളുടെ കൊള്ളമുതലിൽനിന്ന് കർണാഭരണങ്ങൾ മാത്രം എനിക്കു തരിക;” ഇശ്മായേല്യരായിരുന്നതുകൊണ്ട് മിദ്യാന്യർ സ്വർണാഭരണങ്ങൾ കാതിൽ അണിഞ്ഞിരുന്നു. 25“അവ ഞങ്ങൾ തീർച്ചയായും നല്‌കാം” എന്ന് അവർ മറുപടി പറഞ്ഞു. അവർ ഒരു വസ്ത്രം നിലത്ത് വിരിച്ചു; കൊള്ളമുതലായി കിട്ടിയ കർണാഭരണങ്ങളെല്ലാം അതിൽ ഇട്ടു. 26ആ സ്വർണാഭരണങ്ങളെല്ലാം കൂടി ആയിരത്തി എഴുനൂറ് ശേക്കെൽ ഉണ്ടായിരുന്നു. ഇവ മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഒട്ടകങ്ങളുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാലകൾ എന്നിവയ്‍ക്കു പുറമേ ആയിരുന്നു. 27ഇവയെല്ലാംകൊണ്ട് ഗിദെയോൻ ഒരു ഏഫോദ് ഉണ്ടാക്കി സ്വന്തം പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു. ഇസ്രായേൽജനം ദൈവത്തെ ഉപേക്ഷിച്ച് അതിനെ ആരാധിച്ചു. ഇത് ഗിദെയോനും കുടുംബത്തിനും ഒരു കെണിയായിത്തീർന്നു. 28ഇസ്രായേല്യർ അങ്ങനെ മിദ്യാന്യരെ പൂർണമായി തോല്പിച്ചു; അവർ പിന്നീടൊരിക്കലും ഇസ്രായേല്യർക്കെതിരെ തല ഉയർത്തിയില്ല. ഗിദെയോൻ മരിക്കുന്നതുവരെ നാല്പതു വർഷം നാട്ടിൽ സമാധാനം നിലനിന്നു.
ഗിദെയോന്റെ മരണം
29യോവാശിന്റെ പുത്രനായ ഗിദെയോൻ (യെരുബ്ബാൽ) സ്വഭവനത്തിൽ ചെന്നു പാർത്തു. 30ഗിദെയോന് അനേകം ഭാര്യമാരുണ്ടായിരുന്നു. അവരിൽ അദ്ദേഹത്തിന് എഴുപതു പുത്രന്മാർ ജനിച്ചു. 31ശെഖേമിലെ അദ്ദേഹത്തിന്റെ ഉപഭാര്യയും ഒരു പുത്രനെ പ്രസവിച്ചു; അവന് അബീമേലെക്ക് എന്ന് അദ്ദേഹം പേരിട്ടു. 32യോവാശിന്റെ പുത്രനായ ഗിദെയോൻ വയോവൃദ്ധനായി മരിച്ചു; അബീയേസ്ര്യർക്ക് അവകാശപ്പെട്ട ഒഫ്രയിൽ തന്റെ പിതാവായ യോവാശിന്റെ കല്ലറയിൽ അദ്ദേഹത്തെ സംസ്കരിച്ചു. 33ഗിദെയോന്റെ മരണശേഷം ഇസ്രായേൽജനം ദൈവത്തോട് അവിശ്വസ്തരായി ബാൽവിഗ്രഹങ്ങളെ ആരാധിക്കുകയും ബാൽ-ബെരീത്തിനെ അവരുടെ ദേവനായി അംഗീകരിക്കുകയും ചെയ്തു. 34ചുറ്റുപാടുമുണ്ടായിരുന്ന ശത്രുക്കളിൽ നിന്നെല്ലാം തങ്ങളെ രക്ഷിച്ച ദൈവമായ സർവേശ്വരനെ അവർ വിസ്മരിച്ചു. 35ഗിദെയോൻ എന്ന യെരുബ്ബാൽ ഇസ്രായേലിനുവേണ്ടി ചെയ്ത നന്മകളെ അവർ ഓർക്കുകയോ അതിനു തക്കവിധം അദ്ദേഹത്തിന്റെ കുടുംബത്തോടു കാരുണ്യം കാണിക്കുകയോ ചെയ്തില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

RORELTUTE 8: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക