RORELTUTE 9

9
അബീമേലെക്ക്
1ഗിദെയോന്റെ പുത്രനായ അബീമേലെക്ക് ശെഖേമിൽ ചെന്ന് സ്വമാതാവിന്റെ സഹോദരന്മാരോടും ചാർച്ചക്കാരോടും പറഞ്ഞു: 2“ഗിദെയോന്റെ എഴുപതു പുത്രന്മാരും കൂടി നിങ്ങളെ ഭരിക്കുന്നതോ അതോ ഒരാൾ മാത്രം ഭരിക്കുന്നതോ ഏതാണു നല്ലത് എന്നു ശെഖേംനിവാസികളോടു ചോദിക്കുക; അബീമേലെക്ക് നിങ്ങളുടെ അസ്ഥിയും മാംസവുമാണെന്ന് അവരോടു പറയണം.” 3അവന്റെ അമ്മയുടെ സഹോദരന്മാർ ശെഖേംനിവാസികളോട് ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ അബീമേലെക്കിനെ തങ്ങളുടെ നേതാവാക്കുന്നതിനു താല്പര്യം പ്രകടിപ്പിച്ചു. അവർ പറഞ്ഞു: “അവൻ ഞങ്ങളുടെ ചാർച്ചക്കാരനാണല്ലോ.” 4പിന്നീട് അവർ ബാൽ-ബരീത്ത്ദേവന്റെ ആലയത്തിൽനിന്ന് എഴുപതു വെള്ളിക്കാശെടുത്ത് അവനു കൊടുത്തു. ആ പണംകൊണ്ട് അവൻ വിവരംകെട്ടവരും സാഹസികരുമായ കുറെ ആളുകളെ കൂലിക്കെടുത്ത് അവരുടെ നേതാവായിത്തീർന്നു. 5അവൻ ഒഫ്രയിൽ പിതാവിന്റെ വീട്ടിൽ ചെന്നു ഗിദെയോന്റെ പുത്രന്മാരും തന്റെ സഹോദരന്മാരുമായ എഴുപതുപേരെയും ഒരു പാറയുടെ മുകളിൽവച്ചു കൊന്നു. ഗിദെയോന്റെ ഇളയപുത്രനായ യോഥാം ഒളിച്ചിരുന്നതുകൊണ്ട് രക്ഷപെട്ടു.
6ശെഖേമിലെയും ബേത്ത്-മില്ലോയിലെയും ജനമെല്ലാം ഒന്നിച്ചുകൂടി ശെഖേമിലെ ഓർമസ്തംഭത്തിനടുത്തുള്ള കരുവേലകവൃക്ഷത്തിൻ കീഴിൽ അബീമേലെക്കിനെ അവരുടെ രാജാവായി വാഴിച്ചു. 7ഇതറിഞ്ഞപ്പോൾ യോഥാം ഗെരിസീം മലമുകളിൽ ചെന്ന് ഉറക്കെ അവരോടു വിളിച്ചുപറഞ്ഞു: “ശെഖേംനിവാസികളേ, നിങ്ങളുടെ പ്രാർഥന ദൈവം കേൾക്കണമെങ്കിൽ ഞാൻ പറയുന്നതു കേൾക്കൂ! 8പണ്ടൊരിക്കൽ തങ്ങൾക്കുവേണ്ടി ഒരു രാജാവിനെ വാഴിക്കാൻ വൃക്ഷങ്ങൾ ഒരുമിച്ചുകൂടി. ‘നീ ഞങ്ങളുടെ രാജാവായിരുന്നാലും’ അവർ ഒലിവുമരത്തോടു പറഞ്ഞു. 9ഒലിവുമരം പറഞ്ഞു: ‘ദേവന്മാരെയും മനുഷ്യരെയും പൂജിക്കാൻ ഉപയോഗിക്കുന്ന എന്റെ എണ്ണയെ വേണ്ടെന്നുവച്ച് ഞാൻ നിങ്ങളുടെ രാജാവായി വാഴണമോ”? 10പിന്നീട് മരങ്ങൾ അത്തിമരത്തോട് ആവശ്യപ്പെട്ടു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’ 11അത്തിവൃക്ഷം പറഞ്ഞു: ‘നിങ്ങളുടെ രാജാവായിരിക്കുന്നതിനുവേണ്ടി എന്റെ ഏറ്റവും മധുരമുള്ള പഴങ്ങളുടെ കാര്യം വിസ്മരിക്കണമോ?’ 12പിന്നീട് വൃക്ഷങ്ങൾ മുന്തിരിവള്ളിയെ സമീപിച്ചു പറഞ്ഞു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’ 13മുന്തിരിവള്ളി പറഞ്ഞു: ‘ദേവന്മാരെയും മനുഷ്യരെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്ന എന്റെ വീഞ്ഞു വേണ്ടെന്നുവച്ച് ഞാൻ നിങ്ങളുടെ രാജാവായി വാഴണമോ? 14പിന്നീട് മരങ്ങൾ ഒന്നുചേർന്ന് മുൾപ്പടർപ്പിനോട് പറഞ്ഞു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’ 15മുൾപ്പടർപ്പ് പറഞ്ഞു: ‘ഉത്തമ വിശ്വാസത്തോടെയാണ് എന്നെ രാജാവായി വാഴിക്കുന്നതെങ്കിൽ നിങ്ങൾ എന്റെ തണലിൽ അഭയം തേടുവിൻ. അങ്ങനെ ചെയ്തില്ലെങ്കിൽ എന്നിൽനിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിച്ചു കളയും.’ 16“നിങ്ങൾ ഉത്തമവിശ്വാസത്തോടും സത്യസന്ധതയോടും കൂടിയാണോ അബീമേലെക്കിനെ രാജാവാക്കിയത്? നിങ്ങൾ ഗിദെയോനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രവർത്തിച്ചത് ശരിയാണോ? അദ്ദേഹത്തിന്റെ പ്രവൃത്തികൾക്കു യോജിച്ച വിധമാണോ നിങ്ങൾ പെരുമാറിയത്? 17എന്റെ പിതാവ് സ്വന്തം ജീവൻ തൃണവൽഗണിച്ചുകൊണ്ടായിരുന്നു നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്ത് മിദ്യാന്യരുടെ കൈയിൽനിന്നു നിങ്ങളെ രക്ഷിച്ചത്. 18നിങ്ങളാകട്ടെ ഇന്ന് എന്റെ പിതാവിന്റെ കുടുംബത്തിന് എതിരായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പുത്രന്മാരായ എഴുപതു പേരെയും ഒരു പാറമേൽ വച്ചു കൊന്നു; അദ്ദേഹത്തിന്റെ ദാസീപുത്രനായ അബീമേലെക്ക് നിങ്ങളുടെ ചാർച്ചക്കാരനായതുകൊണ്ട് ശെഖേംനിവാസികളുടെ രാജാവാക്കുകയും ചെയ്തു. 19നിങ്ങൾ ഗിദെയോനോടും കുടുംബത്തോടും വിശ്വസ്തമായും സത്യസന്ധമായുമാണു പ്രവർത്തിച്ചതെങ്കിൽ അബീമേലെക്കിനെ രാജാവാക്കിയതിൽ സന്തോഷിക്കുക! നിങ്ങൾ നിമിത്തം അവനും സന്തോഷിക്കട്ടെ. 20അല്ലെങ്കിൽ അബീമേലെക്കിൽനിന്ന് അഗ്നി പുറപ്പെട്ട് ശെഖേം, ബേത്ത്-മില്ലോനിവാസികളെ ദഹിപ്പിക്കട്ടെ! ശെഖേം, ബേത്ത്-മില്ലോനിവാസികളിൽനിന്ന് അഗ്നി പുറപ്പെട്ട് അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ!” 21പിന്നീട് സഹോദരനായ അബീമേലെക്കിനെ ഭയപ്പെട്ട് യോഥാം ബേരിലേക്ക് പലായനം ചെയ്ത് അവിടെ പാർത്തു.
22അബീമേലെക്ക് ഇസ്രായേലിനെ മൂന്നു വർഷം ഭരിച്ചു. 23അതിനുശേഷം അബീമേലെക്കും ശെഖേംനിവാസികളും തമ്മിൽ ശത്രുത ഉളവാക്കാൻവേണ്ടി ദൈവം ഒരു ദുഷ്ടാത്മാവിനെ അയച്ചു. ശെഖേംനിവാസികൾ അബീമേലെക്കിനെ വഞ്ചിക്കാൻ തുടങ്ങി. 24അങ്ങനെ ഗിദെയോന്റെ പുത്രന്മാരായ എഴുപതു പേരെ വധിച്ച അബീമേലെക്കും അവനു സഹായികളായി വർത്തിച്ച ശെഖേംനിവാസികളും ചെയ്ത നീചമായ പ്രവൃത്തിക്ക് അവർ ശിക്ഷിക്കപ്പെട്ടു. 25ശെഖേംനിവാസികൾ അബീമേലെക്കിനെതിരായി മലമുകളിൽ പതിയിരിപ്പുകാരെ നിയോഗിച്ചു; അവർ ആ വഴിക്കു കടന്നുപോകുന്നവരെ കവർച്ച ചെയ്യാൻ തുടങ്ങി. ഈ വിവരം അബീമേലെക്ക് അറിഞ്ഞു.
26ഏബെദിന്റെ പുത്രനായ ഗാൽ തന്റെ ചാർച്ചക്കാരോടൊരുമിച്ചു ശെഖേമിലേക്കു പോയി. ശെഖേംനിവാസികൾ അയാളെ വിശ്വസിച്ചു. 27അവർ തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിൽ ചെന്ന് മുന്തിരിക്കുലകൾ അറുത്ത് വീഞ്ഞുണ്ടാക്കി ഉത്സവം ആഘോഷിച്ചു. തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ചെന്ന് അവിടെവച്ചു തിന്നുകയും കുടിക്കുകയും അബീമേലെക്കിനെ ശപിക്കുകയും ചെയ്തു. 28ഏബെദിന്റെ പുത്രനായ ഗാൽ പറഞ്ഞു: “അബീമേലെക്ക് ആര്? അവനു കീഴ്പെട്ടിരിക്കാൻ ശെഖേംനിവാസികളായ നാം ആര്? അവൻ ഗിദെയോന്റെ പുത്രനല്ലേ? സെബൂൽ അല്ലേ അവന്റെ കാര്യസ്ഥൻ? ശെഖേമിന്റെ പിതാവായ ഹാമോരിനോട് അവർ വിശ്വസ്തരായിരിക്കട്ടെ. എന്തിന് നാം അബീമേലെക്കിനെ സേവിക്കണം? 29ഈ ജനം എന്റെ കൂടെ ആയിരുന്നെങ്കിൽ അബീമേലെക്കിനെ ഞാൻ തുരത്തിക്കളയുമായിരുന്നു. സൈന്യബലം വർധിപ്പിച്ചുകൊണ്ടു യുദ്ധത്തിനു വരാൻ ഞാൻ അവനെ വെല്ലുവിളിക്കുമായിരുന്നു.” 30ഏബെദിന്റെ പുത്രനായ ഗാലിന്റെ വാക്കുകൾ കേട്ടപ്പോൾ നഗരാധിപനായ സെബൂലിനു കോപം ജ്വലിച്ചു; 31അയാൾ അരുമായിൽ അബീമേലെക്കിന്റെ അടുക്കലേക്ക് ദൂതന്മാരെ അയച്ച് അറിയിച്ചു: “ഏബെദിന്റെ പുത്രനായ ഗാലും അവന്റെ ചാർച്ചക്കാരും കൂടി ശെഖേമിൽ വന്നു പട്ടണവാസികളെ നിനക്കെതിരായി ഇളക്കിവിടുന്നു. 32അതുകൊണ്ട് നീയും നിന്റെ കൂടെയുള്ളവരും രാത്രിയിൽ വയലിൽ പോയി പതിയിരിക്കുക; 33അതിരാവിലെ എഴുന്നേറ്റു പട്ടണം ആക്രമിക്കണം. ഗാലും കൂടെയുള്ള പടയാളികളും നിന്റെ നേരെ വരുമ്പോൾ അവസരത്തിനൊത്തു പ്രവർത്തിക്കുക.”
34അബീമേലെക്കും കൂടെയുള്ള പടയാളികളും രാത്രിയിൽ നാലു ഗണങ്ങളായി പിരിഞ്ഞ് ശെഖേമിനടുത്ത് ഒളിച്ചിരുന്നു. 35ഏബെദിന്റെ പുത്രനായ ഗാൽ പുറത്തുവന്നു പട്ടണവാതില്‌ക്കൽ നിന്നു. അതുകണ്ട അബീമേലെക്കും കൂടെയുള്ള പടയാളികളും ഒളിവിടങ്ങളിൽനിന്നു പുറത്തുവന്നു. 36ഗാൽ അവരെ കണ്ട്: “അതാ, മലമുകളിൽനിന്നു പടയാളികൾ ഇറങ്ങി വരുന്നു” എന്നു സെബൂലിനോടു പറഞ്ഞു. “പർവതങ്ങളുടെ നിഴൽ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നിയതാകാം” എന്ന് സെബൂൽ മറുപടി പറഞ്ഞു. 37ഗാൽ വീണ്ടും പറഞ്ഞു: “അതാ, പടയാളികൾ മലയിടുക്കിലൂടെ വരുന്നു; മറ്റൊരു ഗണം പ്രശ്നം വയ്‍ക്കുന്നവരുടെ കരുവേലകത്തിനടുത്തുകൂടിയും.” 38അപ്പോൾ സെബൂൽ അവനോടു പറഞ്ഞു: “നാം സേവിക്കാൻതക്കവിധം അബീമേലെക്ക് ആര് എന്നു പറഞ്ഞ നിന്റെ നാവ് എവിടെ? നീ പുച്ഛിച്ച ഭടജനങ്ങൾ അല്ലേ ഇവർ? നീ ഇപ്പോൾ ഇവരോടു പൊരുതുക.” 39ശെഖേംനിവാസികളോടുകൂടെ ഗാൽ പുറപ്പെട്ടു അബീമേലെക്കിനോട് യുദ്ധം ചെയ്തു. 40എന്നാൽ ഗാൽ തോറ്റോടി; അബീമേലെക്ക് അവനെ പിന്തുടർന്നു. പരുക്കു പറ്റിയ അനേകം പേർ പട്ടണവാതിൽവരെ വീണു. 41അബീമേലെക്ക് അരുമായിൽതന്നെ പാർത്തു. ഗാലിനെയും ചാർച്ചക്കാരെയും ശെഖേമിൽനിന്നു സെബൂൽ പുറത്താക്കി. 42അടുത്ത ദിവസം ജനം വയലുകളിലേക്കു പോയ വിവരം അബീമേലെക്ക് അറിഞ്ഞു. 43അയാൾ തന്റെ പടയാളികളെ മൂന്നു ഗണമായി തിരിച്ചു; അവർ വയലിൽ ഒളിച്ചിരുന്നു. ജനം പട്ടണത്തിൽനിന്നു പുറത്തുവരുന്നതു കണ്ടപ്പോൾ അവർ ഒളിവിടങ്ങളിൽനിന്നു പുറത്തുവന്ന് അവരെ സംഹരിച്ചു; 44അബീമേലെക്കും കൂടെയുള്ളവരും ഓടി പട്ടണവാതില്‌ക്കൽ ചെന്നുനിന്നു. അപ്പോൾ മറ്റു രണ്ടു ഗണങ്ങൾ വയലിലുണ്ടായിരുന്ന ജനങ്ങളുടെ നേരെ ചെന്ന് അവരെ സംഹരിച്ചു. 45അബീമേലെക്ക് അന്നു മുഴുവൻ യുദ്ധം ചെയ്തു പട്ടണം പിടിച്ചടക്കി; അതിലെ നിവാസികളെ കൊന്നൊടുക്കി; അത് ഇടിച്ചു നിരത്തി ഉപ്പു വിതറി.
46ഇതു കേട്ടപ്പോൾ ശെഖേംഗോപുരത്തിൽ വസിച്ചിരുന്നവർ എൽ-ബെരീത്തിന്റെ ക്ഷേത്രത്തിലെ സുരക്ഷാസങ്കേതത്തിൽ പ്രവേശിച്ചു. 47അവർ അവിടെ കൂടിയിരിക്കുന്ന വിവരം അബീമേലെക്ക് അറിഞ്ഞു. 48അപ്പോൾ പടയാളികളോടുകൂടി അബീമേലെക്ക് സല്മോൻ മലയിലേക്കു പോയി. അയാൾ കോടാലി എടുത്ത് ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വച്ചു. അതിനുശേഷം കൂടെയുള്ള പടയാളികളോടു “ഞാൻ ചെയ്തതുപോലെതന്നെ നിങ്ങളും വേഗം ചെയ്യുക” എന്നു പറഞ്ഞു. 49പടയാളികൾ അതുപോലെ ഓരോ മരക്കൊമ്പു വെട്ടി അബീമേലെക്കിനെ അനുഗമിച്ചു; സുരക്ഷാസങ്കേതത്തിനു സമീപം മരക്കൊമ്പുകൾ അവർ ചേർത്തു വച്ച് അതിനു തീകൊളുത്തി. അവിടെയുണ്ടായിരുന്നവരെ സുരക്ഷാസങ്കേതത്തോടൊപ്പം അഗ്നിക്കിരയാക്കി; അങ്ങനെ ശെഖേംഗോപുരനിവാസികളെല്ലാം പുരുഷന്മാരും സ്‍ത്രീകളുമടക്കം ആയിരത്തോളം പേർ അഗ്നിക്കിരയായി.
50അതിനുശേഷം അബീമേലെക്ക് തേബെസിലേക്കു പോയി. അതിനെതിരെ പാളയമടിച്ചു; 51തേബെസ് പിടിച്ചടക്കി; പട്ടണത്തിനുള്ളിൽ ബലവത്തായ ഒരു ഗോപുരമുണ്ടായിരുന്നു. പുരുഷന്മാരും സ്‍ത്രീകളുമടക്കം പട്ടണത്തിലുള്ള സകലരും അവിടേക്ക് ഓടി; അതിൽ കടന്നു വാതിൽ അടച്ചശേഷം ഗോപുരത്തിന്റെ മുകളിൽ കയറി. 52അബീമേലെക്ക് ഗോപുരത്തിന്റെ അടുക്കൽ വന്ന് അതിനെ ആക്രമിച്ചു; ഗോപുരത്തിനു തീകൊളുത്താൻ വാതില്‌ക്കൽ വന്നപ്പോൾ 53ഒരു സ്‍ത്രീ തിരികല്ലിൻപിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ടു; അവന്റെ തലയോടു തകർന്നുപോയി. 54ഉടൻതന്നെ തന്റെ ആയുധവാഹകനായ യുവാവിനെ തത്രപ്പെട്ടു വിളിച്ച് “ഒരു സ്‍ത്രീ എന്നെ വധിച്ചു എന്നു പറയാനിടയാകാതിരിക്കാൻ നിന്റെ വാൾ ഊരി എന്നെ കൊല്ലുക” എന്നു പറഞ്ഞു. 55യുവാവ് അങ്ങനെ ചെയ്തു. അബീമേലെക്ക് മരിച്ചു എന്നു കണ്ട് ഇസ്രായേൽജനം ഭവനങ്ങളിലേക്ക് മടങ്ങിപ്പോയി. 56എഴുപതു സഹോദരന്മാരെ കൊന്ന് തന്റെ പിതാവിനോടു ചെയ്ത പാതകത്തിന് അബീമേലെക്കിനെ ദൈവം ഇങ്ങനെ ശിക്ഷിച്ചു. 57ഗിദെയോന്റെ പുത്രനായ യോഥാമിന്റെ ശാപം ശെഖേംനിവാസികളുടെമേൽ പതിച്ചു. അങ്ങനെ ശെഖേംനിവാസികളെ ദൈവം ശിക്ഷിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

RORELTUTE 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക