RORELTUTE 10

10
തോല
1അബീമേലെക്കിന്റെ മരണശേഷം ദോദോയുടെ പൗത്രനും പൂവാവിന്റെ പുത്രനുമായ തോല ഇസ്രായേലിനെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടു. അയാൾ ഇസ്സാഖാർ ഗോത്രക്കാരൻ ആയിരുന്നു; എഫ്രയീം മലനാട്ടിലെ ശാമീരിൽ ആയിരുന്നു അയാൾ പാർത്തിരുന്നത്. 2ഇരുപത്തിമൂന്നു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തിയശേഷം അയാൾ അന്തരിച്ചു; ശാമീരിൽ അയാളെ അടക്കം ചെയ്തു.
യായീർ
3പിന്നീട് ഗിലെയാദ്യനായ യായീർ ഇരുപത്തിരണ്ടു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി. 4കഴുതപ്പുറത്തു സവാരി ചെയ്തിരുന്ന മുപ്പതു പുത്രന്മാർ അയാൾക്കുണ്ടായിരുന്നു. അവരുടെ അധീനതയിൽ ഗിലെയാദിലെ മുപ്പതു പട്ടണങ്ങൾ ഉണ്ടായിരുന്നു. ഹവ്വോത്ത്-യായീർ എന്ന പേരിൽ ഇന്നും ആ പട്ടണങ്ങൾ അറിയപ്പെടുന്നു. 5യായീർ മരിച്ചു; അയാളെ കാമോനിൽ സംസ്കരിച്ചു.
യിഫ്താഹ്
6ഇസ്രായേൽജനം സർവേശ്വരനു ഹിതകരമല്ലാത്തതു വീണ്ടും പ്രവർത്തിച്ചു; അവർ അവിടുത്തെ ആരാധിക്കാതെ ബാൽദേവന്മാരെയും അസ്താരോത്ത്പ്രതിഷ്ഠകളെയും സിറിയ, സീദോൻ, മോവാബ്, അമ്മോൻ, ഫെലിസ്ത്യ എന്നീ ദേശങ്ങളിലെ ദേവന്മാരെയും ആരാധിച്ചു. അവർ സർവേശ്വരനെ ഉപേക്ഷിച്ചു. 7അപ്പോൾ അവിടുത്തെ കോപം ഇസ്രായേലിന്റെമേൽ ജ്വലിച്ചു; ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കൈയിൽ അവിടുന്ന് അവരെ ഏല്പിച്ചു. 8അവർ ഇസ്രായേൽജനത്തെ പീഡിപ്പിച്ചു. യോർദ്ദാനക്കരെ അമോര്യരുടെ ദേശമായ ഗിലെയാദിൽ പാർത്തിരുന്ന ഇസ്രായേൽജനത്തെ അവർ പതിനെട്ടു വർഷം ക്രൂരമായി ഞെരുക്കി. 9യെഹൂദാ, ബെന്യാമീൻ, എഫ്രയീം ഗോത്രക്കാരോടു യുദ്ധം ചെയ്യാൻ അമ്മോന്യർ യോർദ്ദാൻനദി കടന്നു. ഇസ്രായേൽ കൊടിയ ദുരിതത്തിലായി. 10അവർ സർവേശ്വരനോടു നിലവിളിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങയെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെ ആരാധിച്ചതിനാൽ ഞങ്ങൾ അങ്ങേക്ക് എതിരായി പാപം ചെയ്തു.” 11സർവേശ്വരൻ ഇസ്രായേൽജനത്തോട് അരുളിച്ചെയ്തു: “ഈജിപ്തുകാർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരിൽനിന്ന് ഞാൻ നിങ്ങളെ വിടുവിച്ചില്ലേ? 12സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചപ്പോഴും നിങ്ങൾ എന്നോടു നിലവിളിച്ചു. ഞാൻ അവരിൽനിന്നെല്ലാം നിങ്ങളെ മോചിപ്പിച്ചു. 13എന്നിട്ടും, നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ ആരാധിച്ചു; അതുകൊണ്ട് ഇനി മേലിൽ ഞാൻ നിങ്ങളെ രക്ഷിക്കുകയില്ല. 14നിങ്ങൾ പോയി നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ദേവന്മാരോടു നിലവിളിക്കൂ! കഷ്ടകാലത്ത് അവർ നിങ്ങളെ രക്ഷിക്കട്ടെ.” 15ഇസ്രായേൽജനം സർവേശ്വരനോട് അപേക്ഷിച്ചു: “ഞങ്ങൾ പാപം ചെയ്തുപോയി; അവിടുത്തേക്ക് ഉചിതമായി തോന്നുന്നതു ഞങ്ങളോട് പ്രവർത്തിച്ചാലും. എങ്കിലും ഇന്നു ഞങ്ങളെ രക്ഷിക്കുക.” 16ഇസ്രായേൽജനം തങ്ങളുടെ ഇടയിൽനിന്ന് അന്യദേവന്മാരെ നീക്കം ചെയ്തു; അവർ സർവേശ്വരനെത്തന്നെ ആരാധിക്കുകയും ചെയ്തു. അപ്പോൾ ഇസ്രായേൽജനത്തിന്റെ സങ്കടത്തിൽ അവിടുത്തേക്ക് അനുകമ്പ തോന്നി.
17ആ സമയത്ത് അമ്മോന്യർ യുദ്ധസന്നദ്ധരായി ഗിലെയാദിൽ പാളയമടിച്ചു. ഇസ്രായേൽജനം ഒന്നിച്ചുകൂടി മിസ്പായിലും പാളയമടിച്ചു. 18ഗിലെയാദിലെ നേതാക്കന്മാർ അന്യോന്യം പറഞ്ഞു: “അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നതാരോ അയാൾ ഗിലെയാദ്നിവാസികളുടെ നേതാവാകും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

RORELTUTE 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക