RORELTUTE 4

4
ദെബോരായും ബാരാക്കും
1ഏഹൂദിന്റെ മരണശേഷം വീണ്ടും ഇസ്രായേൽജനം സർവേശ്വരന് ഹിതകരമല്ലാത്തതു പ്രവർത്തിച്ചു. 2അപ്പോൾ അവരെ അവിടുന്ന് ഹാസോരിൽ വാണിരുന്ന കനാന്യരാജാവായ യാബീനിന് ഏല്പിച്ചുകൊടുത്തു. വിജാതീയ പട്ടണമായ ഹാരോശെത്തിൽ പാർത്തിരുന്ന സീസെര ആയിരുന്നു അയാളുടെ സൈന്യാധിപൻ. 3അയാൾക്കു തൊള്ളായിരം ഇരുമ്പു രഥങ്ങളുണ്ടായിരുന്നു. ഇരുപതു വർഷം അയാൾ ഇസ്രായേൽജനത്തെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് അവർ സഹായത്തിനുവേണ്ടി സർവേശ്വരനോടു നിലവിളിച്ചു.
4ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്നൊരു പ്രവാചകി ആയിരുന്നു അക്കാലത്ത് ഇസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത്. 5എഫ്രയീംമലനാട്ടിൽ രാമായ്‍ക്കും ബേഥേലിനും ഇടയ്‍ക്കുള്ള ദെബോരായുടെ ഈന്തപ്പനയുടെ കീഴിൽ ദെബോരാ ഇരിക്കുക പതിവായിരുന്നു. ന്യായം നടത്തിക്കിട്ടാൻ ഇസ്രായേൽജനം അവരെ സമീപിച്ചിരുന്നു. 6അവർ അബീനോവാമിന്റെ പുത്രനായ ബാരാക്കിനെ കേദെശ്-നഫ്താലിയിൽനിന്നു വരുത്തിപ്പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ നിന്നോടു കല്പിക്കുന്നു. നഫ്താലി, സെബൂലൂൻ ഗോത്രങ്ങളിൽനിന്നു പതിനായിരം പേരെ താബോർ മലയിലേക്ക് കൂട്ടിക്കൊണ്ടു വരിക. 7യാബീനിന്റെ സൈന്യാധിപനായ സീസെരയെ രഥങ്ങളോടും സൈന്യത്തോടും കൂടെ കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ ഞാൻ കൊണ്ടുവരും; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിക്കും.” 8ബാരാക് ദെബോരായോട് പറഞ്ഞു: “നിങ്ങൾ എന്നോടൊപ്പം വന്നാൽ ഞാൻ പോകാം; ഇല്ലെങ്കിൽ ഞാൻ പോകുകയില്ല.” 9ദെബോരാ പ്രതിവചിച്ചു: “ഞാൻ തീർച്ചയായും നിങ്ങളുടെകൂടെ വരാം; പക്ഷേ ഞാൻ വന്നാൽ വിജയത്തിന്റെ ബഹുമതി നിങ്ങൾക്കു ലഭിക്കുകയില്ല. സർവേശ്വരൻ സീസെരയെ ഒരു സ്‍ത്രീയുടെ കൈയിൽ ഏല്പിക്കും.” പിന്നീട് അവർ ബാരാക്കിന്റെ കൂടെ കേദെശിലേക്കു പുറപ്പെട്ടു; 10സെബൂലൂൻ, നഫ്താലി ഗോത്രക്കാരെ ബാരാക് കേദെശിൽ വിളിച്ചുകൂട്ടി; പതിനായിരം പേർ അയാളെ അനുഗമിച്ചു; ദെബോരായും അയാളുടെ കൂടെ ചെന്നു. 11കേന്യനായ ഹേബെർ മറ്റു കേന്യരെ വിട്ടുപോന്ന് കേദെശിനടുത്തുള്ള സാനന്നീമിലെ കരുവേലകത്തിനു സമീപം കൂടാരമടിച്ചു. അവർ മോശയുടെ ഭാര്യാപിതാവായ ഹോബാബിന്റെ പുത്രന്മാരായിരുന്നു. 12അബീനോവാമിന്റെ പുത്രനായ ബാരാക് താബോർ മലയിലേക്ക് കയറിപ്പോയിരിക്കുന്നു എന്നു സീസെരയ്‍ക്ക് അറിവു കിട്ടിയപ്പോൾ 13അയാൾ തന്റെ തൊള്ളായിരം ഇരുമ്പു രഥങ്ങളെയും സകല സൈന്യങ്ങളെയും വിജാതീയപട്ടണമായ ഹരോശെത്തിൽനിന്നു കീശോൻതോട്ടിനരികെ ഒന്നിച്ചുകൂട്ടി. 14ദെബോരാ ബാരാക്കിനോടു പറഞ്ഞു: “പുറപ്പെടുക; സർവേശ്വരൻ ഇന്നു സീസെരയെ നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവിടുന്നുതന്നെയല്ലേ നിങ്ങളെ നയിക്കുന്നത്.” അപ്പോൾ ബാരാക്കും കൂടെയുള്ള പതിനായിരം പേരും താബോർമലയിൽനിന്ന് ഇറങ്ങിച്ചെന്നു. 15ബാരാക്കിന്റെ മുമ്പിൽവച്ച് സർവേശ്വരൻ സീസെരയുടെ സകല രഥങ്ങളെയും സൈന്യത്തെയും വാൾമുനയാൽ ചിതറിച്ചു. 16സീസെര രഥത്തിൽനിന്നിറങ്ങി ഓടി; ബാരാക്, രഥങ്ങളെയും സൈന്യത്തെയും വിജാതീയപട്ടണമായ ഹരോശെത്ത്‍വരെ പിന്തുടർന്നു, സീസെരയുടെ സൈന്യമെല്ലാം സംഹരിക്കപ്പെട്ടു; ഒരാൾപോലും ശേഷിച്ചില്ല.
17സീസെര കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി. കാരണം ഹാസോർരാജാവായ യാബീനും കേന്യനായ ഹേബെരിന്റെ കുടുംബവും മൈത്രിയിലായിരുന്നു. 18സീസെരയെ എതിരേറ്റുകൊണ്ട് യായേൽ പറഞ്ഞു: “ഉള്ളിലേക്കു കയറിവരിക; പ്രഭോ, എന്റെ കൂടാരത്തിലേക്കു കയറിവരിക. ഒന്നും ഭയപ്പെടേണ്ട.” അയാൾ അവളുടെ കൂടാരത്തിൽ പ്രവേശിച്ചു; അവൾ അയാളെ കട്ടിയുള്ള ഒരു പുതപ്പുകൊണ്ടു മൂടി. 19അയാൾ അവളോട്: “അല്പം വെള്ളം തന്നാലും, എനിക്ക് അതിയായ ദാഹമുണ്ട് എന്നു പറഞ്ഞു. അവൾ അയാൾക്കു തോൽക്കുടത്തിൽനിന്നു പാൽ പകർന്നുകൊടുത്തു. വീണ്ടും അയാളെ പുതപ്പിച്ചു. 20സീസെര അവളോടു പറഞ്ഞു: “നീ കൂടാരവാതില്‌ക്കൽത്തന്നെ നില്‌ക്കുക; ആരെങ്കിലും വന്ന് അന്വേഷിച്ചാൽ ഇവിടെ ആരും ഇല്ലെന്നു മറുപടി പറയണം.” 21ക്ഷീണാധിക്യത്താൽ സീസെര ഗാഢനിദ്രയിലായി. അപ്പോൾ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റിയും ചുറ്റികയും കൈയിലെടുത്ത് നിശ്ശബ്ദയായി അയാളുടെ അടുക്കൽ ചെന്നു കുറ്റി അയാളുടെ ചെന്നിയിൽ അടിച്ചുകയറ്റി. അതു മറുപുറം ചെന്നു തറയിൽ ഉറച്ചു; അങ്ങനെ സീസെര മരിച്ചു. 22ബാരാക് സീസെരയെ അന്വേഷിച്ചു ചെന്നപ്പോൾ യായേൽ പുറത്തുചെന്ന് അയാളെ സ്വീകരിച്ചു; അവൾ ബാരാക്കിനോട്: “അങ്ങ് അന്വേഷിക്കുന്ന മനുഷ്യനെ ഞാൻ കാണിച്ചുതരാം” എന്നു പറഞ്ഞു. അയാൾ അവളുടെ കൂടാരത്തിൽ കയറിച്ചെന്നപ്പോൾ ചെന്നിയിൽ തറച്ചിരിക്കുന്ന കുറ്റിയുമായി സീസെര മരിച്ചുകിടക്കുന്നതു കണ്ടു. 23അങ്ങനെ ആ ദിവസം ദൈവം ഇസ്രായേൽജനത്തിന് കനാന്യരാജാവായ യാബീനിന്റെമേൽ വിജയം നല്‌കി. 24യാബീൻ നിശ്ശേഷം നശിക്കുംവരെ ഇസ്രായേൽജനം അയാളെ കഠിനമായി പീഡിപ്പിച്ചുകൊണ്ടിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

RORELTUTE 4: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക