RORELTUTE 3
3
ദേശത്തു തുടർന്നു വസിച്ച ജനതകൾ
1-2കനാനിൽ നടന്ന യുദ്ധങ്ങളിൽ പങ്കെടുത്തിട്ടില്ലാത്ത ഇസ്രായേല്യരെ യുദ്ധം അഭ്യസിപ്പിക്കാൻവേണ്ടി സർവേശ്വരൻ ഏതാനും ജനതകളെ ദേശത്ത് അവശേഷിപ്പിച്ചു. 3ആ ജനതകൾ ഇവരാണ്: ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും, സകല കനാന്യരും, സീദോന്യരും, ബാൽ-ഹെർമ്മോൻ പർവതം മുതൽ ഹാമാത്തിലേക്കുള്ള പ്രവേശനകവാടം വരെ ലെബാനോൻ പർവതപ്രദേശത്തു പാർത്തിരുന്ന ഹിവ്യരുമായിരുന്നു. 4മോശയിലൂടെ അവരുടെ പൂർവപിതാക്കന്മാർക്കു നല്‌കിയിരുന്ന കല്പനകൾ അവർ പാലിക്കുമോ എന്നു പരീക്ഷിച്ചറിയാൻ ആയിരുന്നു സർവേശ്വരൻ അവരെ അവശേഷിപ്പിച്ചത്. 5അങ്ങനെ കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനതകളുടെ ഇടയിൽ ഇസ്രായേൽജനം പാർത്തു. 6ഇസ്രായേല്യരുടെ പുത്രീപുത്രന്മാർ അവരുമായി വിവാഹബന്ധത്തിലേർപ്പെടാനും അവരുടെ ദേവന്മാരെ ആരാധിക്കാനും തുടങ്ങി.
ഒത്നീയേൽ
7ഇസ്രായേൽജനം തങ്ങളുടെ ദൈവമായ സർവേശ്വരനെ മറന്ന് ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു. അങ്ങനെ അവിടുത്തെ സന്നിധിയിൽ തിന്മ പ്രവർത്തിച്ചു. 8അതുകൊണ്ട് ഇസ്രായേൽജനത്തിനെതിരെ സർവേശ്വരന്റെ കോപം ജ്വലിച്ചു. അവിടുന്ന് അവരെ മെസൊപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിന് ഏല്പിച്ചുകൊടുത്തു. അവർ എട്ടു വർഷം അടിമകളായി അയാളെ സേവിച്ചു. 9അപ്പോൾ ഇസ്രായേൽജനം സർവേശ്വരനോടു നിലവിളിച്ചു. അവരെ വിമോചിപ്പിക്കുന്നതിനു കാലേബിന്റെ അനുജനായ കെനസിന്റെ പുത്രൻ ഒത്നീയേലിനെ അവിടുന്നു നിയോഗിച്ചു. അയാൾ അവരെ രക്ഷിച്ചു. 10സർവേശ്വരന്റെ ആത്മാവ് അയാളുടെമേൽ ആവസിച്ചു; അയാൾ ഇസ്രായേലിന്റെ അധിപനായിത്തീർന്നു. മെസൊപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനോടുള്ള യുദ്ധത്തിൽ സർവേശ്വരൻ ഒത്നീയേലിനു വിജയം നല്‌കി. 11നാല്പതു വർഷത്തോളം ദേശത്തു സമാധാനം നിലനിന്നു. അതിനുശേഷം ഒത്നീയേൽ മരിച്ചു.
ഏഹൂദ്
12സർവേശ്വരന്റെ സന്നിധിയിൽ ഇസ്രായേൽജനം വീണ്ടും തിന്മ പ്രവർത്തിച്ചതുകൊണ്ട് അവിടുന്നു മോവാബ്‍രാജാവായ എഗ്ലോനെ ഇസ്രായേലിനെതിരായി ശക്തിപ്പെടുത്തി. 13അയാൾ അമ്മോന്യരോടും അമാലേക്യരോടും കൂട്ടുചേർന്ന് ഇസ്രായേലിനെ തോല്പിച്ചു. അവർ ഈന്തപ്പനകളുടെ പട്ടണമായ യെരീഹോ കൈവശമാക്കി. 14ഇസ്രായേൽജനം മോവാബ്‍രാജാവായ എഗ്ലോനെ പതിനെട്ടു വർഷം സേവിച്ചു. 15ഇസ്രായേൽജനം സർവേശ്വരനോടു നിലവിളിച്ചപ്പോൾ അവിടുന്ന് അവർക്കുവേണ്ടി ബെന്യാമീൻഗോത്രത്തിലെ ഗേരയുടെ പുത്രനും ഇടംകൈയനുമായ ഏഹൂദിനെ വിമോചകനായി നിയോഗിച്ചു. അയാളുടെ കൈയിൽ ഇസ്രായേൽജനം മോവാബ്‍രാജാവായ എഗ്ലോനു കാഴ്ച കൊടുത്തയച്ചു. 16ഏഹൂദ് ഒരു മുഴം നീളമുള്ള ഇരുവായ്ത്തലയുള്ള ഒരു വാൾ ഉണ്ടാക്കി തന്റെ വസ്ത്രത്തിനുള്ളിൽ വലത്തെ തുടയിൽ കെട്ടിവച്ചിരുന്നു. 17അയാൾ മോവാബ്‍രാജാവായ എഗ്ലോനു കാഴ്ച സമർപ്പിച്ചു. തടിച്ചു കൊഴുത്ത ആൾ ആയിരുന്നു എഗ്ലോൻ. 18കാഴ്ച സമർപ്പിച്ചതിനുശേഷം അതു ചുമന്നുകൊണ്ടു വന്നവരെ ഏഹൂദ് പറഞ്ഞയച്ചു. 19എന്നാൽ ഗില്ഗാലിനടുത്തുള്ള ശിലാവിഗ്രഹങ്ങളുടെ സമീപം എത്തിയപ്പോൾ ഏഹൂദ്‍രജാവിന്റെ അടുക്കൽ തിരിച്ചുചെന്ന്: “രാജാവേ, ഒരു രഹസ്യസന്ദേശം അങ്ങയെ അറിയിക്കാനുണ്ട്” എന്നു പറഞ്ഞു. രാജാവിന്റെ നിർദ്ദേശാനുസരണം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റെല്ലാവരും പുറത്തുപോയി. 20തന്റെ വേനൽക്കാല മാളികമുറിയിൽ ഇരുന്നിരുന്ന രാജാവിന്റെ അടുക്കൽ ഏഹൂദ് ചെന്ന്: “അങ്ങയോട് ദൈവത്തിന്റെ സന്ദേശം അറിയിക്കാനുണ്ട്” എന്നു പറഞ്ഞു. രാജാവ് തന്റെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു. 21അപ്പോൾ ഏഹൂദ് ഇടത്തെ കൈകൊണ്ട് വലത്തേ തുടയിൽനിന്ന് വാൾ ഊരിയെടുത്ത് അയാളുടെ വയറ്റിൽ കുത്തിയിറക്കി. 22വാൾ പിടിയോടൊപ്പം വയറ്റിൽ ഇറങ്ങി, വാൾ ഊരി എടുക്കാഞ്ഞതിനാൽ കൊഴുപ്പ് വാളിന്മേൽ പൊതിഞ്ഞു; 23പിന്നീട് ഏഹൂദ് പൂമുഖം വഴി ഇറങ്ങി; മാളികയുടെ വാതിൽ അടച്ചുപൂട്ടുകയും ചെയ്തു. 24ഏഹൂദ് പുറത്തുപോയശേഷം രാജഭൃത്യന്മാർ ചെന്നു മാളികമുറിയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ രാജാവു വിസർജനത്തിന് ഇരിക്കുകയായിരിക്കും എന്നു കരുതി. 25വളരെനേരം കാത്തിരുന്നിട്ടും വാതിൽ തുറക്കാഞ്ഞതിനാൽ അവർ താക്കോലെടുത്തു വാതിൽ തുറന്നു; അപ്പോൾ രാജാവു മരിച്ചുകിടക്കുന്നത് അവർ കണ്ടു. 26അവർ കാത്തിരുന്ന സമയംകൊണ്ട് ഏഹൂദ് രക്ഷപെട്ടു. ശിലാവിഗ്രഹങ്ങൾ കടന്നു സെയീരിൽ എത്തി. 27എഫ്രയീം മലമ്പ്രദേശത്ത് എത്തിയപ്പോൾ അയാൾ കാഹളം ഊതി. അപ്പോൾ ഇസ്രായേൽജനം ഏഹൂദിന്റെ നേതൃത്വത്തിൽ മലയിൽ നിന്നിറങ്ങി; 28അയാൾ പറഞ്ഞു: “എന്റെ കൂടെ വരൂ! ശത്രുക്കളായ മോവാബ്യരെ സർവേശ്വരൻ ഇതാ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു.” അവർ അയാളെ അനുഗമിച്ചു; മോവാബിനെതിരെയുള്ള യോർദ്ദാനിലെ കടവുകൾ അവർ പിടിച്ചടക്കി; അതുവഴി കടന്നുപോകാൻ ആരെയും അനുവദിച്ചില്ല. 29അവർ മോവാബ്യരിൽ പതിനായിരത്തോളം പേരെ സംഹരിച്ചു; അവരെല്ലാം ശക്തന്മാരും യുദ്ധവീരരും ആയിരുന്നു. അവരിൽ ആരുംതന്നെ രക്ഷപെട്ടില്ല. 30അന്ന് ഇസ്രായേൽജനം മോവാബ്യരെ കീഴടക്കി; എൺപതു വർഷം ആ ദേശത്തു സമാധാനം നിലനിന്നു.
ശംഗർ
31ഏഹൂദിനു ശേഷം അനാത്തിന്റെ പുത്രനായ ശംഗർ കാളയെ തെളിക്കുന്ന വടികൊണ്ട് അറുനൂറു ഫെലിസ്ത്യരെ അടിച്ചുകൊന്നു. അങ്ങനെ അയാളും ഇസ്രായേല്യരെ രക്ഷിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
RORELTUTE 3: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.