ISAIA 33

33
സഹായത്തിന് അപേക്ഷ
1നശിപ്പിക്കപ്പെടാതിരിക്കെ, മറ്റുള്ളവരെ നശിപ്പിക്കുന്നവരേ, വഞ്ചിക്കപ്പെടാതിരിക്കെ മറ്റുള്ളവരെ വഞ്ചിക്കുന്നവരേ, നിങ്ങൾക്കു ഹാ ദുരിതം! നശീകരണ പ്രവൃത്തികൾ നിങ്ങൾ അവസാനിപ്പിക്കുമ്പോൾ നിങ്ങൾ നശിപ്പിക്കപ്പെടും. വഞ്ചന നിങ്ങൾ അവസാനിപ്പിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളെ വഞ്ചിക്കും.
2സർവേശ്വരാ, ഞങ്ങളിൽ കനിവുണ്ടാകണമേ, അങ്ങേക്കുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു. അവിടുന്നു പ്രഭാതംതോറും ഞങ്ങളുടെ സംരക്ഷണഭുജവും കഷ്ടകാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ. 3ഇടിമുഴക്കംപോലുള്ള അവിടുത്തെ ശബ്ദം കേട്ടു ജനം ഓടിപ്പോകുന്നു. അവിടുന്ന് എഴുന്നേല്‌ക്കുമ്പോൾ ജനതകൾ ചിതറിപ്പോകുന്നു. 4പട്ടുനൂൽ പുഴു തിന്നൊടുക്കുന്നതുപോലെ നിങ്ങൾ കൊള്ളമുതൽ കവർന്നെടുക്കുന്നു. വെട്ടുക്കിളി ചാടിവീഴുന്നതുപോലെ നിങ്ങൾ അതിന്മേൽ ചാടി വീഴുന്നു. 5സർവേശ്വരൻ സമുന്നതൻ, അവിടുന്ന് ഉന്നതങ്ങളിൽ വസിക്കുന്നു. അവിടുന്നു നീതിയും ന്യായവുംകൊണ്ട് സീയോനെ നിറയ്‍ക്കും. 6നിന്റെ ആയുസ്സിന്റെ ഉറപ്പായ അടിസ്ഥാനവും രക്ഷയുടെയും വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും സമൃദ്ധിയും അവിടുന്ന് ആയിരിക്കും. സർവേശ്വരനോടുള്ള ഭക്തി ആയിരിക്കും അവരുടെ നിക്ഷേപം. 7വീരന്മാർ കേഴുന്നു, സമാധാനദൂതന്മാർ പൊട്ടിക്കരയുന്നു. 8പെരുവഴികൾ ശൂന്യമായിക്കിടക്കുന്നു. വഴിയാത്രക്കാർ ഇല്ലാതെയിരിക്കുന്നു. ഉടമ്പടികൾ ലംഘിക്കപ്പെടുന്നു. സാക്ഷികൾ വെറുക്കപ്പെടുന്നു. മനുഷ്യൻ മാനിക്കപ്പെടുന്നില്ല. 9ദേശം മനമുരുകി കേഴുന്നു. ലെബാനോൻ ലജ്ജിച്ചു വാടിക്കൊഴിയുന്നു. ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു. ബാശാനും, കർമ്മേലും ഇല പൊഴിക്കുന്നു.
ശത്രുക്കൾക്കു മുന്നറിയിപ്പ്
10സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇപ്പോൾ ഞാൻ എഴുന്നേല്‌ക്കും, എന്റെ ശക്തി വെളിപ്പെടുത്തും. ഇപ്പോൾ ഞാൻ പുകഴ്ത്തപ്പെടും.” 11നീ നിഷ്ഫലമായതു നിരൂപിച്ചു പ്രയോജനരഹിതമായതു പ്രവർത്തിക്ക. നിന്റെ നിശ്വാസം നിന്നെത്തന്നെ ദഹിപ്പിക്കുന്ന അഗ്നിയായിത്തീരും. 12ജനപദങ്ങൾ, നീറ്റിയെടുത്ത കുമ്മായം പോലെയായിത്തീരും. വെട്ടി തീയിലിടുന്ന മുൾച്ചെടിപോലെ അവർ ആയിത്തീരും.
13വിദൂരസ്ഥരേ, ഞാൻ ചെയ്തതെന്തെന്നു കേൾക്കുവിൻ, സമീപസ്ഥരേ, എന്റെ ശക്തി അംഗീകരിക്കുവിൻ. 14സീയോനിലെ പാപികൾ ഭയപ്പെടുന്നു; അവിശ്വാസികൾ വിറയ്‍ക്കുന്നു. സംഹാരാഗ്നിയോടൊത്തു നമ്മിൽ ആരു വസിക്കും? സദാ ജ്വലിക്കുന്ന അഗ്നിയോടൊത്ത് ആർക്കു പാർക്കാൻ കഴിയും? 15നീതിനിഷ്ഠരായി ജീവിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവർ മാത്രം അവിടെ വസിക്കും. അവർ മർദനം കൊണ്ടുള്ള നേട്ടം നിരാകരിക്കുന്നു; കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞു കളയുന്നു; രക്തചൊരിച്ചിലിനെപ്പറ്റി കേൾക്കാതിരിക്കാൻ ചെവി പൊത്തുന്നു. തിന്മ കാണാതിരിക്കാൻ കണ്ണടയ്‍ക്കുന്നു. 16ഇപ്രകാരമുള്ളവർ ഉന്നതത്തിൽ വസിക്കും. സുശക്തമായ ശിലാദുർഗത്തിൽ അവർ സുരക്ഷിതമായിരിക്കും. അവർക്ക് ആവശ്യമുള്ള അപ്പവും വെള്ളവും നല്‌കപ്പെടും.
മഹത്ത്വമേറിയ ഭാവി
17രാജാവിനെ അവന്റെ ഗാംഭീര്യത്തോടെ നിങ്ങൾ കാണും. വിദൂരത്തിലേക്കു വ്യാപിച്ചു കിടക്കുന്ന ഒരു രാജ്യത്തെയും നിങ്ങൾ കാണും. ഭീതിജനകമായ പഴയ കാര്യങ്ങളെക്കുറിച്ചു നിങ്ങൾ ഓർക്കും. 18നികുതിപ്പണം എണ്ണിയവൻ എവിടെ? കപ്പം തൂക്കി നോക്കിയവൻ എവിടെ? ഗോപുരങ്ങൾ എണ്ണി നോക്കിയവൻ എവിടെ? 19നിങ്ങൾ മനസ്സിലാകാത്ത ഭാഷ സംസാരിക്കുകയും ദുർഗ്രഹമായവിധം വിക്കിവിക്കി പറയുകയും ചെയ്യുന്ന ഗർവിഷ്ഠരെ ഇനി കാണുകയില്ല. 20നിർദിഷ്ട ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിൻ. നിന്റെ കണ്ണുകൾ യെരൂശലേമിനെ ദർശിക്കും. പ്രശാന്തമായ ഒരു പാർപ്പിടം, മാറ്റമില്ലാത്ത ഒരു കൂടാരം, അതിന്റെ കുറ്റി പിഴുതു പോവുകയോ കയറു പൊട്ടുകയോ ഇല്ല. 21അവിടെ നമുക്കുവേണ്ടി മഹിമയോടെ വാഴുന്ന സർവേശ്വരനുണ്ടായിരിക്കും. വിശാലമായ നദികളും തോടുകളും അവിടെക്കാണും. എന്നാൽ അവയിലൂടെ വലിയ കപ്പലുകളോ തണ്ടുവച്ച വഞ്ചികളോ കടന്നു പോകുകയില്ല. 22കാരണം, സർവേശ്വരൻ നമ്മുടെ ന്യായാധിപൻ, അവിടുന്നു നമ്മുടെ ഭരണാധിപനും രാജാവും ആകുന്നു. അവിടുന്നു നമ്മെ രക്ഷിക്കും. 23നിങ്ങളുടെ കപ്പൽക്കയറ് അയഞ്ഞിരിക്കുന്നു. അതിനു പാമരം യഥാസ്ഥാനം ഉറപ്പിച്ചു നിർത്താനും കപ്പൽപ്പായ് വിരിച്ചു നിർത്താനും കഴിയുകയില്ല. അന്നു കൊള്ള ചെയ്ത വമ്പിച്ച മുതൽ പങ്കിടും; അന്നു മുടന്തൻപോലും കൊള്ള മുതൽ പിടിച്ചെടുക്കും. 24അവിടെ നിവസിക്കുന്ന ഒരുവൻ പോലും താൻ രോഗിയെന്നു പറയുകയില്ല. എല്ലാവരുടെയും അകൃത്യങ്ങൾ ക്ഷമിക്കപ്പെടും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 33: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക