ISAIA 32
32
ധർമനിഷ്ഠനായ രാജാവ്
1ഒരു രാജാവ് ധർമനിഷ്ഠയോടെ വാഴും; പ്രഭുക്കന്മാർ നീതിബോധത്തോടെ ഭരിക്കും. 2അവർ ഓരോരുത്തരും കാറ്റിൽ നിന്നു രക്ഷ നല്‌കുന്ന ഒളിപ്പിടവും കൊടുങ്കാറ്റിൽനിന്നുള്ള രക്ഷാസങ്കേതവും ആയിരിക്കും. അവർ മരുഭൂമിയിൽ നീരുറവകൾപോലെയും ഊഷരഭൂമിയിൽ പാറക്കെട്ടിന്റെ തണൽപോലെയും ആയിരിക്കും. 3കാണുന്നവൻ കണ്ണുകളടച്ചു കളയുകയില്ല. കേൾക്കുന്നവൻ ശ്രദ്ധിക്കും. 4അവിവേകികളുടെ മനസ്സിൽ വിവേകമുണ്ടാകും. വിക്കന്മാർ തടസ്സം കൂടാതെ വ്യക്തമായി സംസാരിക്കും. 5ഭോഷനെ ഉത്തമൻ എന്നോ ആഭാസനെ മാന്യൻ എന്നോ മേലിൽ ആരും വിളിക്കുകയില്ല. 6ഭോഷൻ ഭോഷത്തം സംസാരിക്കുന്നു. അവൻ അധർമം പ്രവർത്തിക്കാനും ദൈവത്തെ ദുഷിക്കാനും വിശക്കുന്നവർക്ക് ആഹാരം നല്‌കാതിരിക്കാനും ദാഹിക്കുന്നവന് ജലം നല്‌കാതിരിക്കാനുമുള്ള പദ്ധതി തയ്യാറാക്കുന്നു. 7വഞ്ചകന്റെ വഞ്ചനകൾ തിന്മ നിറഞ്ഞത്. എളിയവന്റെ അപേക്ഷ ന്യായമാണെങ്കിലും അവനെ നശിപ്പിക്കാൻ അയാൾ വ്യാജമായി ദുരുപായങ്ങൾ കണ്ടുപിടിക്കുന്നു. 8എന്നാൽ ഉത്തമൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും അവയിൽ ഉറച്ചു നില്‌ക്കുകയും ചെയ്യുന്നു.
ശിക്ഷയും രക്ഷയും
9അലസരായ സ്‍ത്രീകളേ, എഴുന്നേല്‌ക്കുവിൻ; എന്റെ ശബ്ദം ശ്രദ്ധിക്കുവിൻ. 10നിരുത്സാഹികളേ, എന്റെ വാക്കു ചെവിക്കൊള്ളുവിൻ. അലസതനിറഞ്ഞ സ്‍ത്രീകളേ, അടുത്തവർഷം ഈ സമയം നിങ്ങൾ നടുങ്ങിപ്പോകും. അപ്പോൾ മുന്തിരിയുടെ വിള നശിക്കും. വിളവെടുപ്പു നടക്കുകയില്ല. 11അലസതയോടെ കഴിയുന്ന സ്‍ത്രീകളേ, വിറകൊള്ളുവിൻ, മടിയന്മാരായി കഴിയുന്നവരേ, നടുങ്ങുവിൻ. വസ്ത്രം ഉരിഞ്ഞു ചാക്കുതുണിയുടുക്കുവിൻ. 12ആകർഷകമായിരുന്ന വയലുകളെയും ഫലസമൃദ്ധമായിരുന്ന മുന്തിരിത്തോട്ടങ്ങളെയും ഓർത്തു വിലപിക്കുവിൻ. 13മുള്ളുകളും മുൾച്ചെടികളും വളരുന്ന എന്റെ ജനത്തിന്റെ മണ്ണിനെ ഓർത്തു മാറത്തടിക്കുവിൻ. സന്തുഷ്ടമായിരുന്ന നഗരങ്ങളിലെ സംതൃപ്ത ഭവനങ്ങളെയും ഓർത്തു വിലപിക്കുവിൻ. 14ഉയരത്തിൽനിന്നു നമ്മുടെമേൽ ആത്മാവ് വന്ന് ഊഷരഭൂമി ഫലപുഷ്ടമായ വിളഭൂമിയായും കൃഷിഭൂമി മരുഭൂമിയായും രൂപാന്തരപ്പെടുന്നതുവരെ കൊട്ടാരം ഉപേക്ഷിക്കപ്പെടും; ജനസാന്ദ്രമായ പട്ടണം വിജനമാകും. 15കുന്നും കാവൽഗോപുരവും എന്നേക്കും ഗുഹകളായിത്തീരും. അവ കാട്ടുകഴുതകളുടെ വിഹാരരംഗമാകും. ആട്ടിൻപറ്റം അവിടെ മേഞ്ഞുനടക്കും.
16അപ്പോൾ മരുഭൂമിയിൽ നീതി നിവസിക്കും. ഫലസമൃദ്ധമായ വയലിൽ ധാർമികത ആവസിക്കും; നീതിയുടെ ഫലം സമാധാനമായിരിക്കും. 17അതിന്റെ പരിണതഫലം ശാശ്വതമായ ശാന്തിയും ദൈവാശ്രയവും ആയിരിക്കും. 18എന്റെ ജനം സമാധാനമുള്ള വസതികളിലും സുരക്ഷിതമായ പാർപ്പിടങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാർക്കും. 19കന്മഴ പെയ്തു വനം നിശ്ശേഷം നശിക്കും. നഗരം തീർത്തും നിലംപരിചാകും. 20ജലാശയങ്ങൾക്കരികിലെങ്ങും വിതയ്‍ക്കുകയും കാളയെയും കഴുതയെയും സ്വതന്ത്രമായി മേയാൻ അഴിച്ചു വിടുകയും ചെയ്യുന്ന നിങ്ങൾ സന്തുഷ്ടർ!
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 32: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.