GENESIS 28
28
1ഇസ്ഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചശേഷം പറഞ്ഞു: “കനാന്യസ്ത്രീകളിൽ ആരെയും നീ വിവാഹം ചെയ്യരുത്. 2പദ്ദൻ-അരാമിൽ നിന്റെ മാതൃപിതാവായ ബെഥൂവേലിന്റെ ഭവനത്തിൽ ചെല്ലുക; നിന്റെ മാതൃസഹോദരനായ ലാബാന്റെ പുത്രിമാരിൽ ഒരുവളെ നീ ഭാര്യയായി സ്വീകരിക്കുക. 3ഒരു വലിയ ജനസമൂഹം ആകത്തക്കവിധം സർവശക്തനായ ദൈവം നിന്നെ സന്താനപുഷ്ടിയും വംശവർധനവും നല്കി അനുഗ്രഹിക്കട്ടെ. 4അവിടുന്ന് അബ്രഹാമിനു നല്കിയ അനുഗ്രഹങ്ങൾ നിനക്കും നിന്റെ സന്തതികൾക്കും നല്കട്ടെ. ദൈവം അബ്രഹാമിനു നല്കിയതും ഇപ്പോൾ നീ പരദേശിയായി പാർക്കുന്നതുമായ ദേശം നിനക്ക് അവകാശമായി നല്കട്ടെ.” 5ഇസ്ഹാക്ക് യാക്കോബിനെ യാത്ര അയച്ചു; അവൻ പദ്ദൻ-അരാമിൽ ലാബാന്റെ അടുക്കലേക്കു പോയി. ലാബാൻ അരാമ്യനായ ബെഥൂവേലിന്റെ പുത്രനും, യാക്കോബിന്റെയും ഏശാവിന്റെയും അമ്മ റിബേക്കായുടെ സഹോദരനും ആയിരുന്നു.
ഏശാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നു
6ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചതും കനാന്യസ്ത്രീകളെ വിവാഹം ചെയ്യരുതെന്ന കല്പനയോടെ പദ്ദൻ-അരാമിൽനിന്ന് ഭാര്യയെ തിരഞ്ഞെടുക്കുന്നതിന് അയച്ചതും 7മാതാപിതാക്കളുടെ അഭീഷ്ടമനുസരിച്ച് യാക്കോബ് പദ്ദൻ-അരാമിലേക്ക് പോയതും ഏശാവ് അറിഞ്ഞു. 8കനാന്യസ്ത്രീകളെ പിതാവിന് ഇഷ്ടമല്ലെന്നു ഗ്രഹിച്ച ഏശാവ് അബ്രഹാമിന്റെ മകനായ 9ഇശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെക്കൂടി വിവാഹം ചെയ്തു.
യാക്കോബിന്റെ സ്വപ്നം
10യാക്കോബ് ബേർ-ശേബയിൽനിന്നു ഹാരാനിലേക്കു പുറപ്പെട്ടു; 11വഴിമധ്യേ ഒരു സ്ഥലത്തു രാപാർത്തു; ഒരു കല്ലെടുത്തു തലയിണയായിവച്ച് ഉറങ്ങാൻ കിടന്നു; 12ഉറക്കത്തിൽ യാക്കോബ് ഒരു സ്വപ്നം കണ്ടു; ഭൂമിയിൽനിന്നു സ്വർഗംവരെ എത്തുന്ന ഒരു ഗോവണി. അതിലൂടെ ദൈവത്തിന്റെ മാലാഖമാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. 13അതിന്റെ മുകളിൽ നിന്നുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ദൈവമായ സർവേശ്വരനാകുന്നു. നീ കിടക്കുന്ന ഈ സ്ഥലം മുഴുവൻ നിനക്കും നിന്റെ ഭാവിതലമുറകൾക്കും അവകാശമായി നല്കും; 14നിന്റെ സന്തതികൾ ഭൂമിയിലെ മൺതരിപോലെ അസംഖ്യമാകും; അവർ നാനാ ദിക്കിലേക്കും വ്യാപിക്കും; നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും. 15ഞാൻ നിന്റെ കൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം നിന്നെ സംരക്ഷിച്ച് ഈ സ്ഥലത്തേക്കു ഞാൻ നിന്നെ മടക്കിക്കൊണ്ടുവരും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു വാഗ്ദാനം ചെയ്തിട്ടുള്ളതെല്ലാം നിറവേറ്റും.” 16യാക്കോബ് ഉറക്കമുണർന്ന് പറഞ്ഞു: “തീർച്ചയായും സർവേശ്വരൻ ഇവിടെയുണ്ട്; “ഞാൻ അതറിഞ്ഞിരുന്നില്ല.” 17അയാൾ ഭയപ്പെട്ടു: “എത്ര വിശുദ്ധമായ സ്ഥലമാണിത്! ഇതു ദൈവത്തിന്റെ ആലയമാണ്; സ്വർഗകവാടം തന്നെ” എന്നു പറഞ്ഞു. 18യാക്കോബ് അതിരാവിലെ എഴുന്നേറ്റു; തലയിണയായി ഉപയോഗിച്ചിരുന്ന കല്ല് തൂണായി നാട്ടി; അതിന്റെ മുകളിൽ എണ്ണ പകർന്നു. 19ആ സ്ഥലത്തിനു #28:19 ബേഥേൽ = ദൈവത്തിന്റെ ആലയം.ബേഥേൽ എന്നു പേരു വിളിച്ചു. ലൂസ് എന്നായിരുന്നു അതിന്റെ പഴയ പേര്. 20യാക്കോബ് ഇങ്ങനെ പ്രതിജ്ഞ ചെയ്തു: “ദൈവം എന്റെ കൂടെ ഇരിക്കുകയും ഞാൻ പോകുന്ന വഴിയിൽ എന്നെ സംരക്ഷിക്കുകയും എനിക്കുവേണ്ട ആഹാരവും വസ്ത്രവും നല്കുകയും 21സമാധാനത്തോടെ എന്റെ പിതാവിന്റെ ഭവനത്തിലേക്കു മടക്കിക്കൊണ്ടുവരികയും ചെയ്താൽ സർവേശ്വരൻ എന്റെ ദൈവമായിരിക്കും. 22തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്റെ ആലയമായിരിക്കും. അവിടുന്ന് എനിക്കു നല്കുന്ന എല്ലാ വസ്തുവകകളുടെയും ദശാംശം ഞാൻ അവിടുത്തേക്ക് അർപ്പിക്കുകയും ചെയ്യും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
GENESIS 28: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.