കർത്താവിനെ സേവിക്കുന്നതുകൊണ്ട് തടവുകാരനായിരിക്കുന്ന എനിക്കു നിങ്ങളെ പ്രബോധിപ്പിക്കുവാനുള്ളത് ഇതാണ്: ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട്, ആ പരമമായ വിളിക്കു യോഗ്യമായ വിധത്തിൽ ജീവിക്കുക. എപ്പോഴും വിനയവും സൗമ്യതയും സഹനശക്തിയും ഉള്ളവരായിരിക്കുക; അന്യോന്യം സഹിഷ്ണുതയോടെ വർത്തിച്ചുകൊണ്ട് നിങ്ങളുടെ സ്നേഹം പ്രകടമാക്കുകയും വേണം. നിങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമാധാനം മുഖേന, ആത്മാവു നല്‌കുന്ന ഐക്യം നിലനിറുത്തുവാൻ പരമാവധി ശ്രമിക്കുക. നിങ്ങളെ ദൈവം വിളിച്ചിരിക്കുന്നത് ഏകപ്രത്യാശയിലേക്കാണ്. അതുപോലെതന്നെ ശരീരം ഒന്നാണ്, ആത്മാവും ഒന്നാണ്; കർത്താവ് ഒരുവൻ; വിശ്വാസം ഒന്ന്, സ്നാപനവും ഒന്ന്. സർവമനുഷ്യവർഗത്തിന്റെയും പിതാവും ദൈവവും ഒരുവനത്രേ. അവിടുന്ന് പരമോന്നതൻ ആകുന്നു; അവിടുന്ന് എല്ലാവരിലുംകൂടി പ്രവർത്തിക്കുകയും എല്ലാവരിലും വ്യാപരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിനനുസൃതമായി നമുക്കോരോരുത്തർക്കും പ്രത്യേക കൃപാവരം ലഭിച്ചിരിക്കുന്നു. വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ: അവിടുന്ന് അത്യുന്നതങ്ങളിലേക്കു കയറിയപ്പോൾ അനേകം ബദ്ധന്മാരെ തന്നോടുകൂടി കൊണ്ടുപോയി; അവിടുന്നു മനുഷ്യവർഗത്തിനു വരങ്ങൾ നല്‌കി. ‘അവിടുന്നു കയറിപ്പോയി’ എന്നു പറയുന്നതിന്റെ അർഥം എന്താണ്? ഭൂമിയുടെ അഗാധതലങ്ങളിലേക്ക് ആദ്യം ഇറങ്ങി എന്നതല്ലേ? അതുകൊണ്ട് താഴേക്ക് ഇറങ്ങിയവൻ സകല സ്വർഗങ്ങൾക്കുമുപരി കയറിയവനുമാകുന്നു; അങ്ങനെ തന്റെ സാന്നിധ്യംകൊണ്ട് അവിടുന്ന് പ്രപഞ്ചത്തെ ആകമാനം നിറയ്‍ക്കുന്നു. മനുഷ്യവർഗത്തിനു വരങ്ങൾ നല്‌കിയതും അവിടുന്നു തന്നെ; ചിലരെ അവിടുന്ന് അപ്പോസ്തോലന്മാരായും മറ്റു ചിലരെ പ്രവാചകന്മാരായും വേറെ ചിലരെ സുവിശേഷ പ്രസംഗകരായും ആത്മീയ ഇടയന്മാരായും ഗുരുക്കന്മാരായും നിയമിച്ചു. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ നിർമാണ ജോലിക്കുവേണ്ടിയുള്ള ക്രിസ്തീയ ശുശ്രൂഷയ്‍ക്കായി എല്ലാ ദൈവജനത്തെയും സജ്ജമാക്കുന്നതിനായിട്ടാണ് അപ്രകാരം ചെയ്തിരിക്കുന്നത്. അങ്ങനെ ദൈവപുത്രനെ സംബന്ധിച്ച പരിജ്ഞാനത്തിലും വിശ്വാസത്തിലുമുള്ള ഐക്യത്തിലേക്ക് നാം എല്ലാവരും ഒരുമിച്ചു ചേർന്നുവരും; ക്രിസ്തുവിന്റെ പൂർണതയുടെ പാരമ്യത്തോളം എത്തുന്ന പക്വത നാം പ്രാപിക്കുകയും ചെയ്യും.
EFESI 4 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EFESI 4:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ