എഫെസ്യർ 4:1-13
എഫെസ്യർ 4:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്വിൻ. നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. എന്നാൽ നമ്മിൽ ഓരോരുത്തനു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന് ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. അതുകൊണ്ട്: “അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിനു സ്വർഗാധിസ്വർഗത്തിനു മീതെ കയറിയവനും ആകുന്നു. അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർധനയ്ക്കും ആകുന്നു.
എഫെസ്യർ 4:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കർത്താവിനെ സേവിക്കുന്നതുകൊണ്ട് തടവുകാരനായിരിക്കുന്ന എനിക്കു നിങ്ങളെ പ്രബോധിപ്പിക്കുവാനുള്ളത് ഇതാണ്: ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട്, ആ പരമമായ വിളിക്കു യോഗ്യമായ വിധത്തിൽ ജീവിക്കുക. എപ്പോഴും വിനയവും സൗമ്യതയും സഹനശക്തിയും ഉള്ളവരായിരിക്കുക; അന്യോന്യം സഹിഷ്ണുതയോടെ വർത്തിച്ചുകൊണ്ട് നിങ്ങളുടെ സ്നേഹം പ്രകടമാക്കുകയും വേണം. നിങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമാധാനം മുഖേന, ആത്മാവു നല്‌കുന്ന ഐക്യം നിലനിറുത്തുവാൻ പരമാവധി ശ്രമിക്കുക. നിങ്ങളെ ദൈവം വിളിച്ചിരിക്കുന്നത് ഏകപ്രത്യാശയിലേക്കാണ്. അതുപോലെതന്നെ ശരീരം ഒന്നാണ്, ആത്മാവും ഒന്നാണ്; കർത്താവ് ഒരുവൻ; വിശ്വാസം ഒന്ന്, സ്നാപനവും ഒന്ന്. സർവമനുഷ്യവർഗത്തിന്റെയും പിതാവും ദൈവവും ഒരുവനത്രേ. അവിടുന്ന് പരമോന്നതൻ ആകുന്നു; അവിടുന്ന് എല്ലാവരിലുംകൂടി പ്രവർത്തിക്കുകയും എല്ലാവരിലും വ്യാപരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിനനുസൃതമായി നമുക്കോരോരുത്തർക്കും പ്രത്യേക കൃപാവരം ലഭിച്ചിരിക്കുന്നു. വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ: അവിടുന്ന് അത്യുന്നതങ്ങളിലേക്കു കയറിയപ്പോൾ അനേകം ബദ്ധന്മാരെ തന്നോടുകൂടി കൊണ്ടുപോയി; അവിടുന്നു മനുഷ്യവർഗത്തിനു വരങ്ങൾ നല്‌കി. ‘അവിടുന്നു കയറിപ്പോയി’ എന്നു പറയുന്നതിന്റെ അർഥം എന്താണ്? ഭൂമിയുടെ അഗാധതലങ്ങളിലേക്ക് ആദ്യം ഇറങ്ങി എന്നതല്ലേ? അതുകൊണ്ട് താഴേക്ക് ഇറങ്ങിയവൻ സകല സ്വർഗങ്ങൾക്കുമുപരി കയറിയവനുമാകുന്നു; അങ്ങനെ തന്റെ സാന്നിധ്യംകൊണ്ട് അവിടുന്ന് പ്രപഞ്ചത്തെ ആകമാനം നിറയ്‍ക്കുന്നു. മനുഷ്യവർഗത്തിനു വരങ്ങൾ നല്‌കിയതും അവിടുന്നു തന്നെ; ചിലരെ അവിടുന്ന് അപ്പോസ്തോലന്മാരായും മറ്റു ചിലരെ പ്രവാചകന്മാരായും വേറെ ചിലരെ സുവിശേഷ പ്രസംഗകരായും ആത്മീയ ഇടയന്മാരായും ഗുരുക്കന്മാരായും നിയമിച്ചു. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ നിർമാണ ജോലിക്കുവേണ്ടിയുള്ള ക്രിസ്തീയ ശുശ്രൂഷയ്‍ക്കായി എല്ലാ ദൈവജനത്തെയും സജ്ജമാക്കുന്നതിനായിട്ടാണ് അപ്രകാരം ചെയ്തിരിക്കുന്നത്. അങ്ങനെ ദൈവപുത്രനെ സംബന്ധിച്ച പരിജ്ഞാനത്തിലും വിശ്വാസത്തിലുമുള്ള ഐക്യത്തിലേക്ക് നാം എല്ലാവരും ഒരുമിച്ചു ചേർന്നുവരും; ക്രിസ്തുവിന്റെ പൂർണതയുടെ പാരമ്യത്തോളം എത്തുന്ന പക്വത നാം പ്രാപിക്കുകയും ചെയ്യും.
എഫെസ്യർ 4:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട് കർത്തൃസേവനിമിത്തം ബന്ധിതനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം, പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കുകയും സ്നേഹത്തിൽ അന്യോന്യം സഹിഷ്ണതയോടെ പെരുമാറുകയും ചെയ്യുവിൻ. ആത്മാവിന്‍റെ ഐക്യം സമാധാനബന്ധത്തിൽ കാക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുവിൻ. നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. എന്നാൽ നമ്മിൽ ഓരോരുത്തർക്കും ക്രിസ്തുവിന്‍റെ ദാനത്തിൻ്റെ അളവിന് ഒത്തവണ്ണം വരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട്: “അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്ക് ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നും വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിന് സ്വർഗ്ഗാധിസ്വർഗ്ഗത്തിന് മീതെ കയറിയവനും ആകുന്നു. ക്രിസ്തു ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അത് നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്‍റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.
എഫെസ്യർ 4:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കർത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്വിൻ. നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിന്നു സ്വർഗ്ഗാധിസ്വർഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു. അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.
എഫെസ്യർ 4:1-13 സമകാലിക മലയാളവിവർത്തനം (MCV)
കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്. സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക. ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്, ഒരേകർത്താവും ഒരേവിശ്വാസവും ഒരേസ്നാനവും എല്ലാവർക്കും മീതേയും എല്ലാവരിലൂടെയും എല്ലാവരുടെയുള്ളിലും വസിക്കുന്ന ദൈവവും പിതാവും ഏകൻതന്നെ. എന്നാൽ, നമ്മിൽ ഓരോരുത്തർക്കും ക്രിസ്തു കൃപ ദാനമായി അളന്നുനൽകിയതനുസരിച്ചു ലഭിച്ചിരിക്കുന്നു. “അവിടന്ന് ആരോഹണംചെയ്തപ്പോൾ അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി മനുഷ്യർക്കു കൃപാദാനങ്ങൾ കൊടുത്തു,” എന്ന് എഴുതിയിരിക്കുന്നത് അതിനാലാണല്ലോ. “അവിടന്ന് ഉയരത്തിൽ കയറി” എന്നതുകൊണ്ട്, മുമ്പേ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി എന്ന് അർഥമാകുന്നില്ലേ? ഈ ഇറങ്ങിയ ആൾ സർവപ്രപഞ്ചത്തെയും നിറയ്ക്കേണ്ടതിന് സ്വർഗാധിസ്വർഗങ്ങൾക്കും മീതേ കയറിയ വ്യക്തിയാണ്. ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു. ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും.