DEUTERONOMY 16

16
പെസഹ
(പുറ. 12:1-20; ലേവ്യാ. 23:5-8)
1ആബീബ്മാസത്തിൽ നിങ്ങളുടെ ദൈവമായ സർവേശ്വരന് പെസഹ ആചരിക്കണം; ആബീബ്മാസത്തിലെ ഒരു രാത്രിയിലായിരുന്നല്ലോ അവിടുന്നു നിങ്ങളെ ഈജിപ്തിൽനിന്ന് വിമോചിപ്പിച്ചത്. 2തന്റെ നാമം സ്ഥാപിക്കാൻ സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു ചെന്ന് അവിടെവച്ചു നിങ്ങളുടെ ആടുമാടുകളെ അവിടുത്തേക്ക് പെസഹായാഗമായി അർപ്പിക്കണം. 3അതു പുളിപ്പുള്ള അപ്പത്തോടുകൂടി ഭക്ഷിക്കരുത്; കഷ്ടതയുടെ അപ്പമായ പുളിപ്പില്ലാത്ത അപ്പം അതിന്റെകൂടെ ഏഴു ദിവസം ഭക്ഷിക്കണം. തിടുക്കത്തിൽ ആയിരുന്നല്ലോ നിങ്ങൾ ഈജിപ്തുവിട്ടുപോന്നത്; നിങ്ങൾ ഈജിപ്തിൽനിന്നും പുറപ്പെട്ട ദിവസം ആയുഷ്കാലം മുഴുവൻ ഓർക്കാൻ അത് ഇടയാക്കും. 4ഏഴു ദിവസത്തേക്ക് നിങ്ങളുടെ ദേശത്ത് ഒരിടത്തും പുളിമാവ് കാണരുത്; ഒന്നാം ദിവസം സായാഹ്നത്തിൽ യാഗമർപ്പിച്ച മാംസത്തിൽ അല്പംപോലും പിറ്റേ പ്രഭാതത്തിലേക്ക് അവശേഷിക്കരുത്. 5നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കിയ ഏതെങ്കിലും പട്ടണത്തിൽവച്ച് പെസഹായാഗം അർപ്പിച്ചാൽ പോരാ; 6തന്റെ നാമം വഹിക്കാൻ നിങ്ങളുടെ ദൈവമായ സർവേശ്വരൻ തിരഞ്ഞെടുത്ത സ്ഥലത്തുവച്ചുതന്നെ അത് അർപ്പിക്കണം. സായാഹ്നത്തിൽ സൂര്യൻ അസ്തമിക്കുമ്പോൾ നിങ്ങൾ ഈജിപ്തിൽനിന്നു രക്ഷപ്രാപിച്ച നേരത്തുതന്നെ അത് അർപ്പിക്കണം. 7നിങ്ങളുടെ ദൈവമായ സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചുതന്നെ അതിനെ പാകം ചെയ്ത് ഭക്ഷിച്ചശേഷം പിറ്റേദിവസം രാവിലെ സ്വന്തം കൂടാരങ്ങളിലേക്ക് നിങ്ങൾക്കു മടങ്ങിപ്പോകാം. 8ആറു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം; ഏഴാം ദിവസം നിങ്ങളുടെ ദൈവമായ സർവേശ്വരനുവേണ്ടി ഭയഭക്തിപൂർവം നിങ്ങൾ ഒരുമിച്ചുകൂടണം; അന്നു നിങ്ങൾ ഒരു ജോലിയും ചെയ്യരുത്.
വിളവെടുപ്പുത്സവം
(പുറ. 34:22; ലേവ്യാ. 23:15-21; സംഖ്യാ. 28:26-31)
9കൊയ്ത്ത് ആരംഭിക്കുന്നതു മുതലുള്ള ഏഴാഴ്ച കണക്കാക്കണം. 10ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചതിന് തക്കവിധം നിങ്ങളുടെ സ്വമേധാദാനങ്ങൾ അർപ്പിച്ചുകൊണ്ട് അവിടുത്തേക്ക് വാരോത്സവം ആചരിക്കണം. 11നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്റെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിങ്ങളും നിങ്ങളുടെ പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിൽ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരുമെല്ലാം സർവേശ്വരന്റെ സന്നിധിയിൽ സമ്മേളിച്ച് ആനന്ദിക്കണം. 12നിങ്ങൾ ഈജിപ്തിൽ അടിമകളായിരുന്നു എന്നു സ്മരിച്ചുകൊണ്ട് ഈ കല്പനകളെല്ലാം നിങ്ങൾ ശ്രദ്ധയോടെ പാലിക്കുക.
കൂടാരപ്പെരുന്നാൾ
(ലേവ്യാ. 23:33-43; സംഖ്യാ. 29:12-38)
13മെതിക്കളത്തിൽനിന്നു ധാന്യവും മുന്തിരിച്ചക്കിൽനിന്നു വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ ഏഴു ദിവസത്തേക്കു നിങ്ങൾ കൂടാരപ്പെരുന്നാൾ ആചരിക്കണം. 14ഈ പെരുന്നാളിൽ നിങ്ങളും പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിൽ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരും എല്ലാം ഉല്ലസിക്കണം. 15സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു നിങ്ങളുടെ ദൈവമായ സർവേശ്വരന് ഏഴു ദിവസത്തേക്കാണ് ഉത്സവം ആചരിക്കേണ്ടത്. നിങ്ങളുടെ വിളവുകളിലും സകല അധ്വാനങ്ങളിലും അവിടുന്നു നിങ്ങളെ അനുഗ്രഹിക്കും; അതുകൊണ്ട് നിങ്ങൾ സന്തോഷിക്കണം. 16പെസഹ, വാരോത്സവം, കൂടാരപ്പെരുന്നാൾ ഈ മൂന്ന് ഉത്സവകാലങ്ങളിലും പുരുഷന്മാരെല്ലാവരും സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വർഷംതോറും ഒന്നിച്ചു കൂടണം. എന്നാൽ അവിടുത്തെ സന്നിധിയിൽ അവർ വെറുംകൈയോടെ ചെല്ലരുത്. 17നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചതിനൊത്തവിധം നിങ്ങൾ സ്വമേധാദാനങ്ങൾ കൊണ്ടുചെല്ലണം.
നീതിനിർവഹണം
(പുറ. 23:1-9)
18നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന പട്ടണങ്ങളിൽ ഓരോ ഗോത്രത്തിനും പ്രത്യേകം ന്യായാധിപന്മാരെയും ചുമതലക്കാരെയും നിയമിക്കണം. അവർ നീതിപൂർവമായ വിധികളാൽ ജനത്തിനു ന്യായപാലനം നടത്തണം. 19അവരുടെ വിധികൾ നീതിവിരുദ്ധമോ പക്ഷപാതപരമോ ആയിരിക്കരുത്. അവർ കൈക്കൂലിക്കാർ ആവുകയും അരുത്. കോഴ, ജ്ഞാനികളെപ്പോലും അന്ധരാക്കുകയും ന്യായം വിട്ടു വിധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 20എല്ലായ്പോഴും നീതിയും ന്യായവും പാലിക്കുക; അങ്ങനെയെങ്കിൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശം നിങ്ങൾ കൈവശമാക്കി അവിടെ ദീർഘകാലം വസിക്കും.
21നിങ്ങളുടെ ദൈവമായ സർവേശ്വരനു യാഗപീഠം പണിയുമ്പോൾ അതിനടുത്ത് അശേരാപ്രതിഷ്ഠയായി വൃക്ഷങ്ങളൊന്നും നടരുത്; 22അവിടുന്നു വെറുക്കുന്ന സ്തംഭങ്ങൾ നാട്ടുകയും അരുത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

DEUTERONOMY 16: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക