DEUTERONOMY 15

15
ശബത്ത് വർഷം
(ലേവ്യാ. 25:1-7)
1ഓരോ ഏഴാം വർഷത്തിന്റെയും അവസാനം കടങ്ങൾ ഇളച്ചുകൊടുക്കണം. അത് ഇങ്ങനെയാണ് ചെയ്യേണ്ടത്. 2അയൽക്കാരനു കൊടുത്ത കടം പൂർണമായി ഇളവുചെയ്യണം. സർവേശ്വരന്റെ വിമോചനം പ്രഖ്യാപിച്ചിരിക്കെ അയൽക്കാരനോ സ്വന്തം സഹോദരനോ നിങ്ങളിൽനിന്നു കടം വാങ്ങിയത് മടക്കിത്തരാൻ ആവശ്യപ്പെടരുത്. 3കടം വീട്ടാൻ പരദേശിയോട് ആവശ്യപ്പെടാം; എന്നാൽ നിങ്ങളുടേത് എന്തെങ്കിലും സ്വന്തസഹോദരന്റെ പക്കലുണ്ടെങ്കിൽ അത് ഇളച്ചുകൊടുക്കണം. 4നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കാൻ പോകുന്ന ദേശത്ത് നിങ്ങൾ അവിടുത്തെ അനുസരിക്കുകയും ഞാൻ ഇന്നു നല്‌കുന്ന കല്പനകൾ പാലിക്കുകയും ചെയ്താൽ നിങ്ങളുടെ ഇടയിൽ ദരിദ്രർ ഉണ്ടാകുകയില്ല. 5അവിടുന്ന് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. 6നിങ്ങളുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ അനേകം ജനതകൾക്കു വായ്പ നല്‌കും; എന്നാൽ നിങ്ങൾക്കു വായ്പ വാങ്ങേണ്ടി വരികയില്ല. നിങ്ങൾ അനേകം ജനതകളെ ഭരിക്കും; എന്നാൽ ആരും നിങ്ങളെ ഭരിക്കുകയില്ല.
7നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കാൻ പോകുന്ന ദേശത്തിലുള്ള ഏതെങ്കിലും പട്ടണത്തിൽ സ്വജനത്തിൽ ഒരുവൻ ദരിദ്രനാണെങ്കിൽ അവന് ആവശ്യമായ സഹായം നല്‌കാതിരിക്കുകയോ, അവനോടു കഠിനഹൃദയനായി പെരുമാറുകയോ ചെയ്യരുത്. 8അവന് ആവശ്യമുള്ളതെന്തും ഉദാരമായി വായ്പ കൊടുക്കണം. 9വിമോചനവർഷമായ ഏഴാം വർഷം അടുത്തിരിക്കുന്നു എന്നു കരുതി അവനെ സഹായിക്കാൻ മടിക്കരുത്. അങ്ങനെയൊരു ദുഷ്ടചിന്ത നിങ്ങളുടെ മനസ്സിൽ ഉണ്ടാകുകപോലും അരുത്. അയാൾക്ക് കടം കൊടുക്കാതിരുന്നാൽ അയാൾ നിങ്ങൾക്ക് എതിരായി സർവേശ്വരനോടു നിലവിളിക്കും; അതു നിങ്ങൾക്ക് പാപമായിത്തീരുകയും ചെയ്യും. 10നിങ്ങൾ ഉദാരമായി അയാൾക്ക് കൊടുക്കുക; കൊടുക്കുന്നതിൽ ഖേദം തോന്നരുത്. നിങ്ങളുടെ സകല പ്രയത്നങ്ങളിലും നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കും. 11ദരിദ്രർ ദേശത്ത് എന്നും ഉണ്ടായിരിക്കും; അതുകൊണ്ട് നിങ്ങളുടെ ദേശത്തു വസിക്കുന്ന സഹോദരനെയും ദരിദ്രനെയും അഗതിയെയും കൈ തുറന്നു സഹായിക്കണമെന്നു ഞാൻ ആജ്ഞാപിക്കുന്നു;
അടിമകളോടുള്ള പെരുമാറ്റം
(പുറ. 21:1-11)
12നിങ്ങളുടെ സ്വജനമായ എബ്രായ പുരുഷനോ സ്‍ത്രീയോ നിങ്ങൾക്ക് വിൽക്കപ്പെടുകയും ആറു വർഷം അയാൾ നിങ്ങളെ സേവിക്കുകയും ചെയ്താൽ ഏഴാം വർഷം അയാളെ സ്വതന്ത്രനാക്കണം. 13സ്വാതന്ത്ര്യം നല്‌കി അയയ്‍ക്കുമ്പോൾ അയാളെ വെറുംകൈയോടെ അയയ്‍ക്കരുത്. 14നിങ്ങളുടെ ആട്ടിൻപറ്റത്തിൽനിന്നും മെതിക്കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അയാൾക്ക് ഉദാരമായി ദാനംചെയ്യണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചതിനൊത്തവിധം നിങ്ങൾ അയാൾക്കു കൊടുക്കണം. 15ഈജിപ്തിൽ നിങ്ങൾ അടിമകളായിരുന്നു എന്നും നിങ്ങളുടെ ദൈവമായ സർവേശ്വരനാണ് നിങ്ങളെ രക്ഷിച്ചതെന്നും ഓർത്തുകൊൾക; അതുകൊണ്ടാണ് ഈ കാര്യം ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്നത്. 16നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സ്നേഹിക്കുകയും നിങ്ങളുടെ കുടുംബത്തിൽ സംതൃപ്തനായി കഴിയുകയും ചെയ്യുന്നതുകൊണ്ടു നിങ്ങളെ വിട്ടുപോകുന്നില്ലെന്ന് അയാൾ പറഞ്ഞാൽ 17അയാളെ വീടിന്റെ വാതിൽക്കൽ കൊണ്ടുവന്ന് അയാളുടെ കാത് വാതിലിനോടു ചേർത്തുവച്ച് സൂചികൊണ്ട് തുളയ്‍ക്കണം; പിന്നീട് അയാൾ എന്നും നിനക്കു ദാസനായിരിക്കും; ദാസിയുടെ കാര്യത്തിലും അങ്ങനെതന്നെ ചെയ്യണം. 18അടിമയെ സ്വതന്ത്രനാക്കുമ്പോൾ നിനക്കു പ്രയാസം തോന്നരുത്; ഒരു കൂലിക്കാരനു നല്‌കേണ്ടതിന്റെ പകുതി വേതനത്തിന് അയാൾ ആറുവർഷം നിനക്കുവേണ്ടി ജോലി ചെയ്തല്ലോ. നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കും.
ആടുമാടുകളുടെ കടിഞ്ഞൂലുകൾ
19ആടുമാടുകളുടെ ആൺകടിഞ്ഞൂലുകളെയെല്ലാം നിങ്ങളുടെ ദൈവമായ സർവേശ്വരനു വേർതിരിക്കണം. കടിഞ്ഞൂൽ കാളകളെക്കൊണ്ടു വേല ചെയ്യിക്കരുത്; കടിഞ്ഞൂൽ ആടുകളുടെ രോമം കത്രിക്കുകയും അരുത്. 20അവിടുന്ന് തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും എല്ലാ വർഷവും അവയെ ഭക്ഷിക്കണം. 21എന്നാൽ അതിനു മുടന്തോ അന്ധതയോ മറ്റെന്തെങ്കിലും ന്യൂനതയോ ഉണ്ടായിരുന്നാൽ അതിനെ നിങ്ങളുടെ ദൈവമായ സർവേശ്വരന് യാഗമായി അർപ്പിക്കരുത്. 22അങ്ങനെയുള്ള മൃഗങ്ങളെ നിങ്ങളുടെ പട്ടണത്തിൽവച്ചു ഭക്ഷിക്കണം; പുള്ളിമാനെയും കലമാനെയും ഭക്ഷിക്കുന്നതുപോലെ ആചാരപരമായ ശുദ്ധാശുദ്ധഭേദംകൂടാതെ എല്ലാവർക്കും അതു ഭക്ഷിക്കാം. 23അതിന്റെ രക്തം മാത്രം ഭക്ഷിക്കരുത്; വെള്ളംപോലെ അതു നിലത്ത് ഒഴിച്ചുകളയണം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

DEUTERONOMY 15: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക