TIRHKOHTE 1:12-24

TIRHKOHTE 1:12-24 MALCLBSI

അനന്തരം അവർ ഒലിവുമലയിൽനിന്ന് യെരൂശലേമിലേക്കു തിരിച്ചുപോയി. ഈ സ്ഥലങ്ങൾ തമ്മിൽ ഒരു ശബത്തുദിവസം സഞ്ചരിക്കാവുന്ന ദൂരമേ ഉള്ളൂ. അവിടെ എത്തിയ ഉടനെ, തങ്ങൾ പാർത്തിരുന്ന മാളികമുറിയിലേക്ക് അവർ കയറിപ്പോയി. അപ്പോസ്തോലന്മാർ - പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയാസ്, ഫീലിപ്പോസ്, തോമസ്, ബർതൊലോമായി, മത്തായി, അല്ഫായിയുടെ മകനായ യാക്കോബ്, അത്യുത്സാഹിയായ ശിമോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. യേശുവിന്റെ മാതാവായ മറിയമിനോടും മറ്റു സ്‍ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടും ചേർന്ന് അവർ എല്ലാവരും ഏകമനസ്സോടും ശുഷ്കാന്തിയോടും കൂടി പ്രാർഥിച്ചു പോന്നു. ഏതാനും ദിവസങ്ങൾക്കുശേഷം ഏകദേശം നൂറ്റിരുപതുപേരുള്ള ഒരു സംഘം ഒരുമിച്ചു കൂടിയിരുന്നപ്പോൾ പത്രോസ് ആ സഹോദരന്മാരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരരേ, യേശുവിനെ ബന്ധനസ്ഥനാക്കിയവർക്കു വഴികാട്ടിയായിത്തീർന്ന യൂദാസിനെക്കുറിച്ച് പരിശുദ്ധാത്മാവു ദാവീദിൽക്കൂടി പ്രവചിച്ചിട്ടുള്ള വേദലിഖിതം സത്യമായിരിക്കുന്നു. അയാൾ ഞങ്ങളുടെ ഗണത്തിലെ ഒരംഗമായിരുന്നു. ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ടവനുമായിരുന്നു. എന്നാൽ ആ മനുഷ്യൻ തന്റെ ദുഷ്കർമത്തിനു കിട്ടിയ പ്രതിഫലംകൊണ്ട് ഒരു നിലം വാങ്ങി; അയാൾ നിലത്തുവീണു വയറു പിളർന്നു കുടലെല്ലാം പുറത്തുചാടി. യെരൂശലേമിൽ നിവസിക്കുന്ന എല്ലാവരും ഈ സംഭവം അറിഞ്ഞു. ആ നിലത്തിന് അവരുടെ ഭാഷയിൽ ‘രക്തനിലം’ എന്നർഥമുള്ള ‘അക്കല്ദാമ’ എന്നു പേരുവന്നു. ‘അവന്റെ വാസസ്ഥലം ശൂന്യമായിത്തീരട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ’ എന്നും ‘അവന്റെ അധ്യക്ഷസ്ഥാനം മറ്റൊരുവനു ലഭിക്കട്ടെ’ എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ. “അതുകൊണ്ട് ഞങ്ങളോടൊപ്പം കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുവാൻ ഒരാൾ ആവശ്യമായിരിക്കുന്നു. കർത്താവായ യേശു നമ്മുടെകൂടെ സഞ്ചരിച്ചിരുന്ന കാലമത്രയും - യോഹന്നാന്റെ സ്നാപനംമുതൽ കർത്താവ് സ്വർഗാരോഹണം ചെയ്ത നാൾവരെ - നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുവനായിരിക്കണം അയാൾ. അവർ യുസ്തൊസ് എന്ന അപരനാമമുള്ള ബർശബാ എന്ന യോസേഫിന്റെയും മത്ഥിയാസിന്റെയും പേരുകൾ നിർദേശിച്ചു. അനന്തരം അവർ ഇങ്ങനെ പ്രാർഥിച്ചു: “സകല മനുഷ്യഹൃദയങ്ങളെയും അറിയുന്ന കർത്താവേ, ഈ ശുശ്രൂഷയുടെയും അപ്പോസ്തോലത്വത്തിന്റെയും സ്ഥാനം ഉപേക്ഷിച്ച്, താൻ അർഹിക്കുന്ന സ്ഥലത്തേക്ക് യൂദാസ് പോയിരിക്കുന്നു.

TIRHKOHTE 1 വായിക്കുക