2 SAMUELA 5

5
ദാവീദ് ഇസ്രായേൽ മുഴുവന്റെയും രാജാവ്
(1 ദിന. 11:1-9; 14:1-7)
1ഇസ്രായേൽഗോത്രക്കാർ എല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ അസ്ഥിയും മാംസവുമാണ്. 2ശൗൽ രാജാവായിരുന്നപ്പോഴും അങ്ങാണ് ഞങ്ങളെ യുദ്ധത്തിൽ നയിച്ചിരുന്നത്. നീ എന്റെ ജനമായ ഇസ്രായേലിന്റെ ഇടയനും പ്രഭുവും ആയിരിക്കും എന്നു സർവേശ്വരൻ അങ്ങയോടു വാഗ്ദാനം ചെയ്തിട്ടുമുണ്ട്.” 3ഇസ്രായേൽനേതാക്കന്മാരെല്ലാം ഹെബ്രോനിൽ ദാവീദുരാജാവിന്റെ അടുക്കൽ വന്നു. രാജാവ് സർവേശ്വരന്റെ സന്നിധിയിൽ അവരുമായി ഉടമ്പടി ചെയ്തു. അവർ ദാവീദിനെ ഇസ്രായേലിന്റെ രാജാവായി വാഴിച്ചു. 4ഭരണം ഏല്‌ക്കുമ്പോൾ ദാവീദിന് മുപ്പതു വയസ്സായിരുന്നു; അദ്ദേഹം നാല്പതു വർഷം ഭരിച്ചു. 5ഹെബ്രോൻ ആസ്ഥാനമാക്കി യെഹൂദ്യയെ ഏഴര വർഷവും യെരൂശലേം ആസ്ഥാനമാക്കി യെഹൂദാ ഉൾപ്പെടെ ഇസ്രായേൽ മുഴുവനെയും മുപ്പത്തിമൂന്നു വർഷവും ഭരിച്ചു. 6ദാവീദുരാജാവും ജനങ്ങളും യെരൂശലേംനിവാസികളായ യെബൂസ്യരെ ആക്രമിച്ചു കീഴടക്കാൻ പുറപ്പെട്ടു. ദാവീദിന് യെരൂശലേമിൽ പ്രവേശിക്കാൻ കഴിയുകയില്ല എന്നു കരുതി യെബൂസ്യർ ദാവീദിനോടു പറഞ്ഞു: “നീ ഇവിടെ പ്രവേശിക്കുകയില്ല; നിന്നെ തടഞ്ഞുനിർത്താൻ കുരുടനോ മുടന്തനോ മതിയാകും.” 7എന്നാൽ ദാവീദു സീയോൻകോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ‘ദാവീദിന്റെ പട്ടണം’ എന്ന് അതു പിന്നീടു പ്രസിദ്ധമായി. 8അന്നു ദാവീദ് തന്റെ അനുയായികളോടു പറഞ്ഞു: “യെബൂസ്യരെ കൊല്ലാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർ നീർപ്പാത്തിയിലൂടെ കടന്നുചെല്ലട്ടെ. ദാവീദിനു വെറുക്കപ്പെട്ടവരായ അവിടെ കാണുന്ന കുരുടരെയും മുടന്തരെയും ആക്രമിക്കട്ടെ.” അങ്ങനെ കുരുടരും മുടന്തരും ആലയത്തിൽ പ്രവേശിക്കരുതെന്ന ചൊല്ലുണ്ടായി. 9കോട്ട പിടിച്ചശേഷം ദാവീദ് അതിനുള്ളിൽ പാർത്തു; അതിനു ‘ദാവീദിന്റെ നഗരം’ എന്നു പേരിട്ടു; ദാവീദ് ആ പട്ടണത്തെ മില്ലോമുതൽ ഉള്ളിലേക്കും ചുറ്റുമായും പണിതുയർത്തി. 10സർവശക്തനായ സർവേശ്വരൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതുകൊണ്ട് ദാവീദു മേൽക്കുമേൽ പ്രബലനായിത്തീർന്നു. 11സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു; കൊട്ടാരം പണിയുന്നതിനാവശ്യമായ ദേവദാരുമരത്തോടൊപ്പം മരപ്പണിക്കാരെയും കല്പണിക്കാരെയും അയച്ചുകൊടുത്തു. അവർ ദാവീദിന് ഒരു കൊട്ടാരം നിർമ്മിച്ചു. 12തന്നെ ഇസ്രായേലിന്റെ രാജാവായി സർവേശ്വരൻ സ്ഥിരപ്പെടുത്തിയിരിക്കുന്നു എന്നും സ്വന്തം ജനമായ ഇസ്രായേലിനുവേണ്ടി അവിടുന്നു തന്റെ രാജത്വം ഉയർത്തിയിരിക്കുകയാണെന്നും ദാവീദ് മനസ്സിലാക്കി. 13ഹെബ്രോനിൽനിന്നു യെരൂശലേമിൽ വന്നതിനുശേഷം ദാവീദു കൂടുതൽ ഭാര്യമാരെയും ഉപഭാര്യമാരെയും സ്വീകരിച്ചു; കൂടുതൽ സന്തതികൾ ജനിക്കുകയും ചെയ്തു. 14ദാവീദിനു യെരൂശലേമിൽ വച്ചു ജനിച്ച മക്കൾ ഇവരായിരുന്നു: ശമ്മൂവ, ശോബാബ്, 15നാഥാൻ, ശലോമോൻ, ഇബ്ഹാർ, എലീശുവാ, നേഫെഗ്, 16യാഫിയ, ഏലീശാമാ, എല്യാദാ, എലീഫേലെത്ത്.
ഫെലിസ്ത്യരെ തോല്പിക്കുന്നു
(1 ദിന. 14:8-17)
17ദാവീദ് ഇസ്രായേൽരാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ അദ്ദേഹത്തെ ആക്രമിച്ചു കീഴടക്കാൻ പുറപ്പെട്ടു. ആ വിവരം അറിഞ്ഞു ദാവീദ് കോട്ടയ്‍ക്കുള്ളിൽ പ്രവേശിച്ചു. 18ഫെലിസ്ത്യർ രെഫായീംതാഴ്‌വരയിൽ പാളയമടിച്ചു. 19അപ്പോൾ ദാവീദ് സർവേശ്വരന്റെ ഹിതം ആരാഞ്ഞു: “ഞാൻ ഫെലിസ്ത്യരെ ആക്രമിക്കണമോ? എനിക്ക് അവരുടെമേൽ വിജയം തരുമോ?” “പുറപ്പെടുക, ഫെലിസ്ത്യരെ തീർച്ചയായും നിന്റെ കൈയിൽ ഏല്പിച്ചുതരും” എന്നു സർവേശ്വരൻ അരുളിച്ചെയ്തു. 20ദാവീദു ബാൽ-പെരാസീമിലേക്കു ചെന്നു; അവിടെവച്ച് അവരെ തോല്പിച്ചു. “കുതിച്ചുപായുന്ന വെള്ളച്ചാട്ടംപോലെ സർവേശ്വരൻ ശത്രുക്കളെ എന്റെ മുമ്പിൽ ചിതറിച്ചു” എന്ന് അദ്ദേഹം പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിനു #5:20 ബാൽ-പെരാസീം = ചിതറിക്കുന്ന നേതാവ്.ബാൽ-പെരാസീം എന്നു പേരുണ്ടായി. 21ഫെലിസ്ത്യർ തങ്ങളുടെ വിഗ്രഹങ്ങൾ അവിടെ ഉപേക്ഷിച്ച് പലായനം ചെയ്തു. ദാവീദും അനുയായികളും അവ എടുത്തു കൊണ്ടുപോയി. 22ഫെലിസ്ത്യർ വീണ്ടും വന്നു രെഫായീംതാഴ്‌വരയിൽ പാളയമടിച്ചു. 23അപ്പോൾ ദാവീദ് സർവേശ്വരന്റെ ഹിതം അന്വേഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നീ നേരെ ചെന്ന് അവരെ ആക്രമിക്കരുത്; വളഞ്ഞുചെന്നു ബാൾസാംവൃക്ഷങ്ങളുടെ അടുത്തുവച്ചു അവരെ ആക്രമിക്കുക. 24ബാൾസാം വൃക്ഷങ്ങളുടെ മുകളിൽ പടനീക്കത്തിന്റെ ശബ്ദം കേൾക്കുമ്പോൾ വേണം അവരെ ആക്രമിക്കേണ്ടത്. ഫെലിസ്ത്യസൈന്യത്തെ തോല്പിക്കാൻ ഞാൻ നിങ്ങൾക്കു മുമ്പേ പുറപ്പെട്ടിരിക്കുന്നു.” 25സർവേശ്വരൻ കല്പിച്ചതുപോലെ ദാവീദു പ്രവർത്തിച്ചു. ഗേബയിൽനിന്നു ഗേസെർവരെ ഫെലിസ്ത്യരെ തോല്പിച്ച് ഓടിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 SAMUELA 5: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക